കോട്ടയം: വൈക്കത്തെ മറവന്‍ തുരുത്തു പഞ്ചായത്തിലൂടെ കടന്നുപോകുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ പൊട്ടി പഞ്ചായത്തിലെ ഗതാഗതവും ചേര്‍ത്തല താലൂക്കിലെ കുടിവെള്ളവും തുടര്‍ച്ചയായി തടസ്സപ്പെടുന്നതിന് അടിയന്തിര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം റ്റിബിയില്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി.വേണുഗോപാല്‍ എംപി, എം.എല്‍.എ.മാരായ കെ.അജിത് (വൈക്കം), തിലോത്തമന് (ചേര്‍ത്തല), ആരിഫ് (അരൂര്‍), കേരള വാട്ടര്‍ അതോറിറ്റി എംഡി അശോക് കുമാര്‍ സിംഗ്, കോട്ടയം കളക്ടര്‍ അജിത് കുമാര്‍, ആലപ്പുഴ കളക്ടര്‍ എന്‍. പദ്മകുമാര്‍ എന്നിവരുടെ ഉന്നതതല യോഗത്തിനു ശേഷമാണ് അദ്ദേഹം മറവന്തുരുത്ത്, ചേര്‍ത്തല പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രശ്നപരിഹാരത്തിന് ഉറപ്പു നല്‍കിയത്.
പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്ന ജിആര്‍പി പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിപ്പോകുന്നതാണ് പ്രശ്നത്തിന് കാരണം. രണ്ടു പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മര്‍ദ്ദം താങ്ങില്ല എന്നതിനാല്‍ താത്കാലിക സംവിധാനമായി ഒരു പമ്പ് മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളു. പൊട്ടിയ പൈപ്പുകള്‍ അടിയന്തിരമായി നന്നാക്കും. ശാശ്വത പരിഹാരമായി പുതിയ പൈപ്പ് ലൈന്‍ ഇടാനും തീരുമാനമായി. സര്‍ക്കാര്‍ തലത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ സ്ഥലം മുന്‍കൂര്‍ പൊസഷനായി സറണ്ടര്‍ ചെയ്യിപ്പിക്കാനാണ് തീരുമാനം. പുതിയ പൈപ്പ്ലൈന് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കും. കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതു വരെ ചെറിയ വാഹനങ്ങളും സ്കൂള്‍ ബസുകളും മാത്രമേ കടന്നു പോകാന്‍ അനുവദിക്കുകയുള്ളു. മറവന്തുരുത്തിന പ്രത്യേക കുടിവെള്ള പദ്ധതിക്ക് ടാങ്ക് ടെണ്ടര്‍ ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍ച്ചയായി പൈപ്പ്ലൈനുകള് പൊട്ടുന്നത് അന്വേഷിക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേരളത്തില്‍ പരക്കെയുള്ള പ്രശ്നം പരിഹരിക്കാന്‍ ഗുണമേ•യുള്ള പൈപ്പുകള്‍ ഉപയോഗിക്കാന്‍ 100 കോടി വകയിരുത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. വകുപ്പുതല ഉദ്യോഗസ്ഥര്‍, പൗരപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: