പാലാ: കിഴതടിയൂര്‍ ബാങ്കും മൈന്‍ഡ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒന്‍പതാമത് അഖില കേരള പ്രശ്നോത്തരി പ്രസംഗ മത്സരങ്ങള്‍ 22ന് നടക്കും. സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങള്‍ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. സാബു സെ ബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. കിസ്കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന് അദ്ധ്യക്ഷത വഹിക്കും. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന പ്രശ്നോത്തരി മത്സരങ്ങളുടെ വിഷയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം, മൗലിക അവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയും കഴിഞ്ഞ ഒരു വര്‍ഷത്തെ ഭാരതത്തിന്റെ നേട്ടങ്ങളുമാണ്.
സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടക്കുന്ന പ്രസംഗ മത്സരങ്ങളുടെ പ്രാഥമിക റൗണ്ടിലെ വിഷയങ്ങള്‍ ലോകാ സമസ്താ സുഖിനോ ഭവന്തു, മാവനസേവ മാധവസേവ, വസുധൈവ കുടുംബകം, തത്ത്വമസി എന്നിവയും, ഫൈനല്‍ റൗണ്ടിലെ പ്രസംഗത്തിനായുള്ള വിഷയങ്ങള്‍ ആരായിരിക്കണം വിദ്യാര്‍ത്ഥികളുടെ റോള്‍ മോഡല്‍, സോഷ്യല്‍ മീഡിയ എങ്ങനെ രാഷ്ട്രപുരോഗതിക്കായി പ്രയോജനപ്പെടുത്താം, കുടുംബകൃഷിവര്ഷം ആവശ്യകതയും അവസരങ്ങളും, വളര്‍ന്നുവരുന്ന ഭീരകരതയെ എങ്ങനെ തടയാം, ഭാരതത്തിനായി ഒരു പുതിയ വിദ്യാഭ്യാസ സങ്കല്പം എന്നിവയുമാണ്.
മത്സരാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും ഓരോ വിഷയങ്ങള്‍ പ്രാഥമിക, ഫൈനല്‍ റൗണ്ടുകളിലേക്ക് മുന്‍കൂട്ടി പഠിച്ചുവരാവുന്നതാണ്.
വിജയികള്‍ക്കുള്ള സമ്മാനവും സാക്ഷ്യപത്രവും കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി. കാപ്പന് വിതരണം ചെയ്യും. മൈന്‍ഡ്സ് പ്രസിഡന്റ് ജോര് ജ്ജ് കരുണക്കല്‍, പ്രൊഫ. ടോമി ചെറിയാന്, സോയി തോമസ്, ബെന്നി കുര്യന്, ഷാജി ചൂരാപ്പുഴയില്, ജിന്‍സ് പാറയ്ക്കല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃ ത്വം നല്‍കും. വിവരങ്ങള്‍ക്ക് 9497451464, 9446401464.
പ്രതികരിക്കാൻ ഇവിടെ എഴുതുക: