കോട്ടയം: ഭാരതത്തിലെ വ്യവസായങ്ങളെ ലോകത്തിനു മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി വിഭാവനം ചെയ്ത മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ റബ്ബര്‍ വ്യവസായത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ബിജെപിയും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള സര്വ്വകക്ഷിസംഘത്തെക്കൂട്ടി പ്രധാനമന്ത്രിയെ കാണണം.
എണ്ണ ഉത്പാദനരാജ്യങ്ങളുടെ സംഘടനയായ ഒപെക് പോലെ റബ്ബറുത്പാദക രാഷ്ട്രങ്ങളുടെ സംഘടന ഉണ്ടാക്കണം. ഇതിന് ഭാരതം നേതൃത്വം നല്‍കണം. ക്രൂഡോയില്‍ പോലെ റബ്ബറിന്റെ വിലയും ഈ സംഘടന നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകണം. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വന്‍കിട റബ്ബറധിഷ്ഠിത പൊതുമേഖലാ സ്ഥാപനം കേരളത്തില്‍ സ്ഥാപിക്കണം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. 24ന് റബ്ബര്‍ ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ജോണ്‍ കൊപ്പുഴ, ജനറല്‍ സെക്രട്ടറി പി.ജി. ഗോപി, ജില്ലാ പ്രസിഡന്റ് സജി നൈനാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: