ചെങ്ങന്നൂര്‍: ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് നൂറിലധികം പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ മാനേജര്‍ രാകേഷ് മിശ്ര അറിയിച്ചു. ശബരിമല തീര്‍ത്ഥാടനുമായി ബന്ധപ്പെട്ട് നടന്ന റെയില്‍വേ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുത്തന്‍വീട്ടില്‍പടി റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്ക് വീഴുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിന്റെ നിര്‍മ്മാണം വരുന്ന ജനുവരിയിലും, രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിന്റെ നിര്‍മ്മാണം അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്‍പായും പൂര്‍ത്തീകരിക്കും. റെയില്‍വേ പരിസരത്തുള്ള പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് റെയില്‍വേ വൈദ്യുതി നല്‍കും. എന്നാല്‍ വൈദ്യുതി ചാര്‍ജ് നല്കാന് റെയില്‍വേയ്ക്ക് നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേത്തതുടര്‍ന്ന് കൗണ്ടറിന്റെ നീര്‍മ്മാണം നടത്തിയ ജെസിഐ ചെങ്ങന്നൂര്‍ ഈ തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മലയാള മാസങ്ങളില്‍ ശൗചാലയങ്ങള്‍ തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് മാനേജര്‍ വ്യക്തമാക്കി. ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ മാത്രമായി കരാര്‍ ഏറ്റെടുക്കാന്‍ ആളെ ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ദിവസങ്ങളില്‍ നഗരസഭയിലെ ശുചീകരണതൊഴിലാളികളെ വിട്ടുനല്‍കാമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ കൂടുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ലിഫ്റ്റ് ഓപ്പറേറ്ററുടെ സേവനം ലഭ്യമാക്കുമെന്നും, നഗരത്തില്‍ നിലവിലുളള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും വൃത്തിഹീനമായിക്കിടക്കുന്ന ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭാ നേതൃത്വം തയ്യാറാകണമെന്നും രാകേഷ് മിശ്ര ആവശ്യപ്പെട്ടു. എം.പി. കൊടിക്കുന്നില്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.സിവിഷ്ണുനാഥ് എംഎല്‍എ, അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പി. മഹേഷ്, സീനിയര്‍ ഡിസിഎം: വി.സി. സുധീഷ്, ആര്.ഡിഒ: ടി.ആര്. ആസാദ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, അഡ്വ.ഡി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: