പത്തനംതിട്ട: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെയും മുഖംനോക്കാതെയും നടപടി സ്വീകരിച്ച് സല്‍പ്പേര് നേടിയ പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്.ഐ ജി.പി മനുരാജിനെ സ്ഥലംമാറ്റിയതില്‍ ജനങ്ങള്‍ക്കും ആശങ്ക. ക്രമസമാധാന പാലത്തിലും മോഷണ കേസുകളടക്കം നിരവധി കേസുകളുടെ അന്വേഷണത്തിലൂടെയും ജനപ്രിയനായിരുന്നെങ്കിലും എംഎല്‍എ കെ.ശിവദാസന്‍നായരുടേയും, കോണ്‍ഗ്രസ് നേതാക്കളുടേയും കണ്ണിലെ കരടായിരുന്നു എസ്.ഐ മനുരാജ്. രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരന്ന ഇദ്ദേഹത്തെ തൃശൂരിലെ ഇന്ത്യാ റിസര്‍വ്വ് ബെറ്റാലിയനിലേക്കാണ് മാറ്റിയിരിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തിലാണ് എസ്.ഐ പത്തനംതിട്ടയില്‍ നിന്നും തെറിപ്പിക്കാന്‍ ചരടുവലിച്ചത്. അടുത്തകാലത്ത് ഉണ്ടായ ചില കേസുകളും അതുമായി ബന്ധപ്പെട്ട അറസ്റ്റുകളുമാണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ആഭ്യന്തര വകുപ്പ് കൈയാളുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും എംഎല്‍എയുടേയും ഇംഗിതത്തിന് അനുസരിച്ച് തുള്ളുന്ന ആള്‍ക്കുമാത്രമേ എസ്.ഐയായി പത്തനംതിട്ടയില്‍ തുടരാന്‍ കഴിയൂ എന്ന സന്ദേശംകൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അടിപിടികേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ഷെഫീക്കിനെ വാറന്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം എസ്.ഐയ്ക്ക് എതിരേ തിരിഞ്ഞത്. വാറണ്ട് പ്രതിയായിട്ടും യൂത്ത് നേതാവ് നിരന്തരം ശുപാര്‍ശകളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എസ്.ഐ കേസില്‍ ജാമ്യം എടുക്കാന്‍ പലതവണ നിര്‍ദ്ദേശിച്ചെങ്കിലും അത് അവഗണിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യേണ്ടിവന്നത്. ഇയാളെ വിട്ടയയ്ക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. വെട്ടിപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് വീട്ടമ്മയെ കൊള്ളയടിച്ച സംഭവത്തില്‍ നാല് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു പ്രശ്നം. ഇവരെ വിട്ടയ്ക്കാന്‍ എസ്.ഐയുടെ മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടായത്. എന്നാല്‍ നിയമത്തില്‍ ഉറച്ച് നിന്ന എസ്.ഐയുടെ നിലപാടില്‍ ഭരണക്ഷി നേടാക്കള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. വടശ്ശേരിക്കര കുമ്പളാത്തമണ്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ എസ്.ഐ മനുരാജിന്റെ സ്ഥലംമാറ്റം വേഗത്തിലാക്കാന്‍ തല്പരകക്ഷികളെ പ്രരിപ്പിച്ചത്. രോഗശാന്തിക്കായി നടത്തിയ പൂജകള്‍ക്കിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയില്‍ പിതാവടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതൃസഹോദരനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായ പുത്തന്‍പീടിക സ്വദേശി വത്സനെ ഈ കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എയും എസ്.ഐയ്ക്കെതിരേ അവസാന അങ്കത്തിനിറങ്ങിയത്. ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും എസ്ഐ വഴിപ്പെട്ടില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയെപോലും കേസില്‍ നിന്നും രക്ഷപെടുത്താന്‍ കഴിയാതിരുന്നത് വലിയ അഭിമാനപ്രശ്നമായാണ് കോണ്‍ഗ്രസ് നേതൃത്വവും കണ്ടത്. ഈ അതൃപ്തിയാണ് എസ്.ഐയുടെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നും വ്യക്തം. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനാണ് എസ്.ഐ എ സ്ഥലം മാറ്റിയതെന്നും സൂചനയുണ്ട്. ഈ നടപടിക്കെതിരേ പോലീസിനുള്ളിലും അമര്‍ഷം പുകയുകയാണ്. എന്നാല്‍ ഇതോടൊപ്പം സിഐ എം.ആര്.മധുബാബുവിനേയും സ്ഥലം മാറ്റാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: