അബരചുംബികളായ മണിമാളികകള്‍ക്ക് നിറം പകര്‍ന്നും ബസ് സ്റ്റാന്റുകളില്‍ ഇഞ്ചിമിഠായി വില്‍പ്പന നടത്തിയും ഉപജീവനം കഴിച്ച് ഇടവേളകളില്‍ സ്വന്തം അനുഭവങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും വരികളില്‍ ചാലിച്ച് യുവകഥാകൃത്ത് ശ്രദ്ധേയനാകുന്നു. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം അടിച്ചേരിയിലെ ബഷീര്‍ പെരുവളത്തുപറമ്പാണ് സ്വന്തം തലവര ചായക്കൂട്ടുകളിലും ഇഞ്ചിമിഠായിയുടെ കയ്പേറിയ ചവര്‍പ്പിലും എരിച്ചു തീര്‍ക്കുന്നതിനിടയിലും അക്ഷരങ്ങളുമായി അഭേദ്യമായ ബന്ധം സ്ഥാപിച്ച് പാത്രസൃഷ്ടി നടത്തുന്നത്.
ബഷീറിന്റെ ചിന്തകളിലും സ്വപ്നങ്ങളിലും കഥകള്‍ പെയ്തിറങ്ങുകയാണ്. ഏറെ ചെറുപ്പത്തില്‍ത്തന്നെ ദാരിദ്ര്യത്തിന്റെ കയ്പ്പുനീര് കുടിച്ചു വളര്‍ന്ന ബഷീറിന്റെ കഥകളില്‍ നിറയുന്നതും ഇത്തരം അനുഭവങ്ങളാണ്. അതോടൊപ്പം ജാതി മത ചിന്തകള്‍ക്കതീതമായി സൗഹൃദത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ് ബഷീറിന്റെ ഒട്ടുമിക്ക കഥകളും. കൂടാതെ രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് നേരെ ബഷീര്‍ തന്റെ കഥകളിലൂടെ തൂലിക ചലിപ്പിക്കുന്നു. കുട്ടിക്കാലം തൊട്ട് താന്‍ അനുഭവിച്ചു വന്ന യാതനകളും സമൂഹത്തിലെ തെറ്റായ നീറുന്ന യാഥാര്‍ത്ഥ്യങ്ങളും സ്വന്തം കഥകളിലൂടെ വരച്ചുകാട്ടുന്ന ബഷീറിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ നാലാമത്തെ പുസ്തകത്തിന് നല്‍കിയിരിക്കുന്ന ‘തലവര’ എന്ന പേരും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെയെന്ന് കഥാകൃത്ത് സാക്ഷ്യപ്പെടുത്തുന്നു.
മൈത്രി, വഴി, നാലാമത്തെ പെട്ടി, പാവം പശു, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങി 20 കഥകളാണ് തലവര എന്ന സമാഹാരത്തിലുളളത്. പെയിന്റിങ്ങ് തൊഴിലാളിയായ ബഷീര്‍ ഒഴിവ് സമയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ ബസ് സ്റ്റാന്റുകളില്‍ ഇഞ്ചിമിഠായി വില്‍പ്പന നടത്തിയും സ്വന്തം കുടുംബത്തിന്റെ നിത്യജീവിതത്തിന് വഴി കണ്ടെത്തുന്ന ഇയാളെ ജീവിതയാത്രയിലെ അനുഭവങ്ങളാണ് കഥാകാരനാക്കി മാറ്റിയത്. സ്നേഹിക്കാന്‍ മാത്രമറിയുന്ന, സ്നേഹവും വിശ്വാസ്യതയും എന്തെന്ന് പഠിപ്പിച്ച, പലരാലും ചതിക്കപ്പെട്ട സ്വന്തം പിതാവിനും ചുറ്റിലും നടക്കുന്നതെന്തെന്നറിയാതെ അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്ന്, മക്കള്‍ക്ക് വേണ്ടി ജീവിച്ച വേദനയും ശൂന്യയതും നല്കി അപ്രതീക്ഷിതമായി വിട പറഞ്ഞ സ്വന്തം മാതാവിനും, തന്നെ സ്നേഹിക്കുന്ന, കുറ്റപ്പെടുത്തുന്ന, സ്നേഹമറവില് ചതിക്കുന്ന, തിരിച്ചറിയാതെ സ്നേഹിക്കുന്നവര്‍ക്കുമാണ് ബഷീര്‍ ‘തലവര’ സമര്‍പ്പിക്കുന്നത്. കോട്ടയത്തെ സെന്‍സസ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
കുട്ടിക്കാലം മുതലേ നിരന്തരം പത്രങ്ങളിലും മാഗസിനുകളിലും കത്തുകളും കുറിപ്പുകളുമെഴുതി വളരുകയും കണ്ണൂരിന്റെ മലയോരത്തെ സാമൂഹ്യ-സാംസ്ക്കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായ ബഷീര്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിര്‍ത്തി.
ഏഴു വര്‍ഷത്തിന് ശേഷം പ്രൈവറ്റായി എസ്എസ്എല്‍സി പഠിച്ചു പാസായി. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോയ ബഷീര്‍ മെച്ചപ്പെട്ട ജോലി ലഭിക്കാതെ തിരിച്ചെത്തി ഗള്‍ഫ് ജീവിതാനുഭവം വരച്ച് ചേര്‍ത്ത് ‘വിധി തന്ന നിധി’ എന്ന ആദ്യ പുസ്തകം പുറത്തിറക്കി. നാട്ടില്‍ പെയിന്റിങ്ങ് ജോലിയുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കേ ‘ഇത്രയും ഉയരത്തില്‍’ എന്ന രണ്ടാമത്തെ പുസ്തകവും ‘കാലിക തുടിപ്പുകള്‍’ എന്ന മൂന്നാമത്തെ പുസ്തകവും പുറത്തിറക്കി. അടിച്ചേരി മുബീനാസില് വഹീദ ആണ് ഭാര്യ. മുബീന, മുഫീദ്, മുര്‍ഷിദ് എന്നിവര്‍ മക്കളാണ്.ഗണേഷ്മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: