കായംകുളം: ഫോട്ടോസ്റ്റാറ്റ് മെഷിന് പ്രവര്‍ത്തന രഹിതമായതിനാല്‍ കായംകുളം മുന്‍സിഫ് കോടതിയില്‍ വിധിപകര്‍പ്പുകള്‍ നല്കുന്നതില് കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപം. രണ്ട് വര്‍ഷമായി ഫോട്ടോസ്റ്റാറ്റ് മെഷിന് കേടായി കിടക്കുന്നതുകാരണം കോടതി ഉത്തരവുകളുടെ പകര്‍പ്പ് കക്ഷികള്‍ക്ക് യഥാസമയം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി ജനങ്ങള്‍ ആരോപിക്കുന്നു.
എച്ച്സിഎല്ലില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മെഷീന്റെ മെയിന്റനന്‍സ് കാലാവധി തീര്‍ന്നതു കാരണം കമ്പിനി അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല. സിസ്റ്റം ഉപയോഗശൂന്യമായിട്ടും ഇത് പരിശോധിച്ച് കമ്പിനി സര്‍ട്ടിഫിക്കറ്റ് നല്കാന് തയ്യാറാകാത്തതാണ് ദുരിതത്തിന് കാരണമെന്ന് കോടതി ജീവനക്കാര്‍ പറയുന്നു. ആഴ്ചയില്‍ രണ്ടു ദിവസം പ്രത്യേക അനുമതിയോടെ മാവേലിക്കര കോടതിയില്‍ കൊണ്ടുപോയാണ് കോടതി ഉത്തരവിന്റേയും മറ്റും കോപ്പികള്‍ എടുത്ത് കക്ഷികള്‍ക്ക് നല്‍കിവരുന്നത്.
ജില്ലാ കോടതി വഴിയാണ് കീഴ്കോടതികള്‍ക്ക് ഫോട്ടോകോപ്പി മെഷിനും മറ്റും നല്‍കിവരുന്നത്. കോടതി അധികൃതര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കമ്പിനി മെക്കാനിക്ക് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതു കാരണം കോടതി ഉത്തരവുകള്‍ക്ക് അഭിഭാഷകരും കക്ഷികളും കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: