ആലപ്പുഴ: പദ്ധതി നടത്തിപ്പില്‍ ജില്ലാപഞ്ചായത്ത് ഏറ്റവും പിന്നില്‍ കഴിഞ്ഞ അഞ്ചുമാസക്കാലയളവില്‍ ജില്ലാപഞ്ചായത്ത് കേവലം 2.13 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. സപ്തംബര്‍ 30ലെ കണക്കനുസരിച്ച് പദ്ധതി വിഹിതത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ശരാശരി 13.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 26.04 ശതമാനവും നഗരസഭകള്‍ 10.92 ശതമാനവും മാത്രമാണ് ചിലവിട്ടത്. ഗ്രാമപഞ്ചായത്തുകളില്‍ പുറക്കാടാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് 34.20 ശതമാനം. മാരാരിക്കുളം വടക്ക് (26.31 ശതമാനം), ഹരിപ്പാട് (25.83), ചെട്ടികുളങ്ങര (24.52) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് 48.78 ശതമാനം തുക ചെലവഴിച്ചു.
മുതുകുളം(34.58), അമ്പലപ്പുഴ (34.02), ചമ്പക്കുളം (31.91 ശതമാനം) ബ്ലോക്ക് പഞ്ചായത്തുകളാണ് തൊട്ടുപിന്നില്‍. നഗരസഭകളില്‍ മാവേലിക്കരയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് 19.62 ശതമാനം. ചെങ്ങന്നൂര്‍ നഗരസഭ 15.20 ശതമാനവും ആലപ്പുഴ 10.99 ശതമാനവും ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ 10.64 കോടി രൂപ ചെലവഴിച്ചു. നഗരസഭകള്‍ 5.91 കോടി രൂപയും ജില്ലാ പഞ്ചായത്ത് 1.07 കോടി രൂപയും ഗ്രാമപഞ്ചായത്തുകള്‍ 22.27 കോടി രൂപയും ചെലവഴിച്ചു. ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭിക്കുന്നതിലെ കാലതാമസം പദ്ധതി വിഹിതം ചെലവഴിക്കുന്നതിനെ ബാധിക്കുന്നതായി പരാതിയുയര്‍ന്നു. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഭവനനിര്‍മാണ ധനസഹായമടക്കമുള്ള പദ്ധതികളില്‍ ഗുണഭോക്തൃ പട്ടികകള്‍ സ്ഥിരമായി മാറ്റുന്ന പ്രവണത ഒഴിവാക്കി കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം വരുത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ആര്യാട് ഗ്രാമപഞ്ചായത്തില്‍ മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് മരുന്ന് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കും. എടത്വാ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയ്‌ക്കായി 30 ലക്ഷം രൂപ അടച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തത് വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ദാരിദ്ര്യലഘൂകരണവിഭാഗം നാലുവര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. നവംബര്‍ നാലു മുതല്‍ ഏഴുവരെ ജില്ലാ പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെത്തി പദ്ധതി നിര്‍വഹണം വിലയിരുത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. ഗിരിജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: