ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ് . എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഫ്ളിപ്പ് കാര്‍ട്ട് സംഘടിപ്പിച്ച ബിഗ് ബില്യണ്‍ ഡേക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയില്‍ ചില്ലറ വ്യാപാര നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് നോട്ടീസ്.
ക്രമക്കേട് നടത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്ലിപ്പ് കാര്‍ട്ട് അറിയിച്ചു. 100 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് കമ്പനി പ്രഖ്യാപിച്ച ഓഫര്‍ വില്പനയാണ് വിവാദമായത്. വന്‍ വിലക്കിഴിവ് നല്കി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിനെതിരെ കച്ചവടക്കാരും ഉത്പന്ന നിര്‍മാതാക്കളും പരാതി ഉന്നയിച്ചതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന് നേരത്തെ പറഞ്ഞിരുന്നു. ഇകൊമേഴ്സ് മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു
വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ടാണ് ‘ബിഗ് ബില്യണ്‍ ഡേ’ വില്പന അരങ്ങേറിയത്. എന്നാല്‍, ഈ ഓഫര്‍ പ്രയോജനപ്പെടുത്താനെത്തിയ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യം പ്രഖ്യാപിച്ച ഓഫറുകള്‍ പലതും കിട്ടിയില്ലെന്നും പലരുടെയും ഓര്‍ഡറുകള്‍ താനേ റദ്ദായെന്നുമാണ് പരാതികളേറെയും. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: