കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കനത്ത മഴയും മുഞ്ഞബാധയും തിരിച്ചടിയാകുന്നു. വിളവെടുപ്പ് ആരംഭിച്ച പാടശേഖരങ്ങളിലാണ് മഴ ദുരിതം വിതയ്‌ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ വ്യാപകമായി വീണു.
പാടശേഖരങ്ങളില്‍ കൊയ്തിട്ടിരുന്ന നെല്ല് മഴയില്‍ കുതിര്‍ന്നു. മഴ ശക്തമായതോടെ വിവിധ പാടശേഖരങ്ങളിലെ യന്ത്രക്കൊയ്‌ത്തും പ്രതിസന്ധിയിലായി.തുടര്‍ച്ചയായുണ്ടായ മഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ചാണ് കര്‍ഷകര്‍ കൃഷി വിളവെടുപ്പിലെത്തിച്ചത്. പുഞ്ചകൃഷിക്ക് ഒരേക്കറില്‍ നിന്ന് 25 മുതല്‍ 30 ക്വിന്റല്‍ നെല്ല് വരെ ലഭിച്ചിരുന്നിടത്ത് രണ്ടാം കൃഷിക്കിത് നേര്‍പകുതിയായി.
എടത്വ, ചമ്പക്കുളം, നെടുമുടി, കൈനകരി കൃഷി’വനുകള്‍ക്ക് കീഴില്‍ രണ്ടാംകൃഷി ചെയ്ത നിരവധി പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം വ്യാപകമായിരുന്നു. യന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് പൂര്‍ത്തീകരിച്ച കര്‍ഷകര്‍ക്ക് യന്ത്രവാടക നല്‍കാനുള്ള തുകയ്‌ക്കുപോലും നെല്ല് ലഭിക്കുന്നില്ല. നെല്ലിന് ഗുണനിലവാരമില്ലെന്ന കാരണം പറഞ്ഞ് മില്ലുടമകള്‍ സംഭരണസമയത്ത് ഒരു ക്വിന്റല്‍ നെല്ലിന് പത്ത് കിലോ വരെ അധികമായി വാങ്ങി കര്‍ഷകരെ ചൂഷണം ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മഴമൂലം വെള്ളക്കെട്ടായ പാടശേഖരങ്ങളില്‍ കൊയ്‌ത്തിനിറങ്ങിയ യന്ത്രങ്ങള്‍ താഴ്ന്നത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയാരിക്കുകയാണ്.എടത്വ കൃഷിഭവന്‍ പരിധിയില്‍ കിളിയംവേലിച്ചിറ പാടശേഖരത്തില്‍ മുഞ്ഞബാധയും വെള്ളവും മൂലം കൃഷി നശിച്ചതിനെ തുടര്‍ന്ന് മൂന്ന് ഏക്കറിലെ കൃഷിയാണ് കര്‍ഷകര്‍ ഉപേക്ഷിച്ചു. എടത്വ തോട്ടയ്‌ക്കാട്ട് ചന്ദ്രന്‍കുട്ടിയുടേതാണ് കൃഷി.
കനത്ത മഴയെയും തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തേയും അതിജീവിച്ച പാടത്താണ് വിളവെടുപ്പിന് ഏതാനും ദിവസം മുമ്പേ മുഞ്ഞ ബാധയേറ്റ് കൃഷി നശിച്ചത്. കൊയ്താല്‍ യന്ത്രവാടക പോലും കിട്ടാത്ത തരത്തില്‍ കൃഷി നശിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ചങ്ങങ്കരിയില്‍ പാടശേഖരത്തില്‍ നെല്ല് വെള്ളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: