ആലപ്പുഴ: സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും മാറിമാറി ഭരിച്ചിട്ടും മാലിന്യ സംസ്കരണത്തില്‍ ദയനീയമായി പരാജയപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ച് സെമിനാറുകള്‍ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്നു.മാലിന്യ സംസ്കരണത്തില്‍ അമ്പേ പരാജയപ്പെട്ട ആലപ്പുഴ മോഡല്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞമാസം സിപിഎം ആലപ്പുഴയില്‍ ഒരുദിവസത്തെ സെമിനാര്‍ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉള്‍പ്പെടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ എല്ലാവരും മുഴുവന്‍ സമയവും പങ്കെടുത്താണ് സെമിനാര്‍ വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോടികളുടെ അഴിമതിയാണ് കാലങ്ങളായി സിപിഎം ഭരിക്കുന്ന ആലപ്പുഴ നഗരസഭാ ഭരണനേതൃത്വം മാലിന്യ സംസ്കരണത്തിന്റെ പേരില്‍ നടത്തിയത്. വിജിലന്‍സ് അന്വേഷണവും ഇതേക്കുറിച്ച് നടക്കുന്നുണ്ട്.
നഗരത്തില്‍ പലയിടത്തും മാലിന്യം കുഴിച്ചുമൂടുകയാണ് നിലവില്‍ ചെയ്യുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിനും കൊലപാതക രാഷ്ട്രീയം മറച്ചുപിടിക്കുന്നതിനുമാണ് സിപിഎം സംസ്ഥാന കമ്മറ്റി മാലിന്യ സംസ്കരണം, സാന്ത്വന പരിചരണം എന്നീ പദ്ധതികളുമായി രംഗത്തെത്തിയത്.
എന്നാല്‍ ഈ രണ്ടു പദ്ധതികളിലും സിപിഎമ്മിനെ അനുകരിക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം മാലിന്യ സംസ്കരണം സംബന്ധിച്ച് സെമിനാര്‍ നടത്തിയ ആലപ്പുഴയില്‍ ജനുവരിയില്‍ മാലിന്യ സംസ്കരണ വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
നേരത്തെ സാന്ത്വന പരിചരണ രംഗത്തും സിപിഎം മാതൃക സ്വീകരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതത് പ്രദേശത്തെ മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. സംസ്ഥാന രൂപീകരണം മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ മാറിമാറി ഭരിക്കുന്നത് ഇരുമുന്നണികളുമാണ്. ഇക്കാലയളവില്‍ മാലിന്യ സംസ്കരണ രംഗത്ത് നേരിയ മുന്നേറ്റം പോലും ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും ഒടുവില്‍ സെമിനാറുകളും പ്രഖ്യാപനങ്ങളും നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
മാലിന്യം പോലും കോടികളുടെ അഴിമതി നടത്താനുള്ള മാര്‍ഗമായി സ്വീകരിച്ചവരാണ് പുതിയ തന്ത്രങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: