കോട്ടയം: അനസ്തേഷ്യ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പോയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി. ഇതോടെ രോഗികള്‍ ദുരിതത്തിലായി. പ്രശ്നം വിവിധ സംഘടനകള്‍ ഏറ്റെടുത്തതിനാല്‍ സംഭവം വിവാദമായി. നാല്പതോളം ശസ്ത്രക്രീയ മുടങ്ങിയതായാണ് വിവരം. എന്നാല്‍ മേജര്‍ ഓപ്പറേഷനും മൈനര്‍ ഓപ്പറേഷനുമായി 100ഓളം ശസ്ത്രക്രീയ മുടങ്ങിതായി പറയപ്പെടുന്നു. എറണാകുളത്ത് നടക്കുന്ന അനസ്തേഷ്യ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അനസ്തേഷ്യ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്തതാണ് ശസ്ത്രക്രീയ മുടങ്ങാന്‍ കാരണം. ഇന്നലെ ശസ്ത്രക്രീയ നടത്തുന്നതിന് തിയതി ലഭിച്ചിരുന്ന നിരവധി രോഗികള്‍ രാവിലെ തന്നെ ശസ്ത്രക്രീയയ്ക്ക് തയാറായി എത്തിയിരുന്നു. തിയേറ്ററില്‍ എത്തിയപ്പോഴാണ് ശസ്ത്രക്രീയ മാറ്റിവച്ചത് അറിയുന്നത്. ഇതോടെ ദുരിതത്തിലായ രോഗികള്‍ക്ക് വാര്‍ഡുകളിലേയ്ക്കും വീട്ടിലേയ്ക്കും മടങ്ങേണ്ടി വന്നു. വാര്‍ഡില്‍ ചികില്‍സയിലുള്ള അടിയന്തര ശസ്ത്രക്രീയ ലഭിക്കേണ്ടവരും ഇക്കുട്ടത്തില്‍ ഉണ്ടായിരുന്നു. ഒരു അനസ്തേഷ്യ ഡോക്ടറുടെ സഹായത്താല്‍ എമര്‍ജന്‍സി തിയേറ്റര്മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇനി ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു. രോഗികള്‍ ശസ്ത്രക്രീയ മുടങ്ങി ദുരിതം നേരിടുമ്പോള്‍ സംസ്ഥാന മനുഷ്യാവകാശ ചെയര്മാന് ജസ്റ്റീസ് കെ.ബി. കോശി മാനസീകാരോഗ്യദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിയിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും രണ്ടാം ശനിയാഴ്ചകളില്‍ ഡോക്ടര്‍മാരും നേഴ്സുമാരും അവധിയെടുക്കുന്നത് വര്‍ദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: