കൊച്ചി: മസ്തിഷ്കത്തിലെ ധമനിവീക്കത്തിനു ഫ്ളൊ ഡൈവേര്‍ട്ടര്‍ പൈപ്പ്ലൈന് സ്റ്റെന്റ് എന്ന നൂതന ചികിത്സ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങി. ന്യൂറോസര്‍ജറിയിലെ ന്യൂറോ എന്‍ഡോവാസ്ക്കുലര്‍ വിഭാഗത്തിലാണ് പുതിയ ചികിത്സാരീതി.
മസ്തിഷ്ക ധമനിയിലുണ്ടായ വീക്കം മൂലം കണ്ണിന്റെ കാഴ്ച്ചയ്ക്കു മങ്ങലുമായി വന്ന അങ്കമാലി സ്വദേശിനിക്കാണ് പുതിയ ചികിത്സാ വിജയകരമായി നടത്തിയത്. ഈ ശസ്ത്രക്രിയ ഇന്ത്യയിലെ വളരെചുരുക്കം സെന്ററുകളില്‍ മാത്രമാണ് നടത്തിയിട്ടുള്ളത്.
മസ്തിഷ്ക രക്തധമനികളിലെ ഭിത്തികള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണ് ‘അനുറിസം ഓഫ് സെറിബ്രല്‍ ബ്ലഡ് വെസല്‍സ്’. വീര്‍ത്തു വീക്കം വരുന്ന ധമനികള്‍ പൊട്ടിയാല്‍ രക്തസ്രാവം വന്നു രോഗിക്ക് മരണം സംഭവിച്ചേക്കാം. ഇതു തലയോട് തുറന്നുള്ള സങ്കീര്‍ണ്ണമായ ശസ്ത്രകിയയിലൂടെ ക്ലിപ്പിങ്ങ് ചെയ്താണ് ചികിത്സിച്ചിരുന്നത്. ‘ഫ്ളൊ ഡൈവേര്ട്ടര്പൈപ്പ്ലൈന് എംബൊലൈസേഷന്‍ ഡിവൈസ്’ വഴി തലയോട് തുറക്കാതെ തന്നെ ധമനിവീക്കം പൂര്‍ണ്ണമായി മാറ്റുവാന്‍ സാധിക്കുന്നു ഈ പ്രക്രിയയിലൂടെ ധമനിവീക്കം ചുരുങ്ങി സാധാരണനിലയിലാക്കുകയും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കുകയും ചെയ്യുന്നു. ആരോഗ്യവതിയായി 3 ദിവസത്തിനു ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
പത്രസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് വിധേയായ അങ്കമാലി സ്വദേശി പൂനം, ഭര്‍ത്താവ് അരവിന്ദ് കുമാര്‍, അമ്യത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന് നായര്‍, ന്യുറോസര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ മേനോന്, ഡോ. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു. ഡോ. സജേഷ് കെ മേനോന്, ഡോ. സന്തോഷ് ജോസഫ്, ഡോ. സായിസുദര്‍ശന്‍, ഡോ. ശ്രീഹരി എന്നിവര്‍ ശസ്ത്രക്രിയക്കു നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: