ഉദ്ദേശ്യശുദ്ധി എന്ന വാക്ക് അലങ്കാരത്തിന് വെച്ചതാണോ എന്ന സംശയം അധികം പേര്‍ക്കും ഉണ്ടായിരിക്കുന്നു. മേപ്പടി ശുദ്ധിയെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തവര്‍ (ഇനി ഉണ്ടായിട്ടും തല്ക്കാലം പുറത്തെടുക്കേണ്ട എന്നു കരുതിയവരും) അരങ്ങ് തകര്‍ക്കുകയാണ്. പുരാണം, ചരിത്രം, ആനുകാലികം, സൈബര്‍ ലോകം, ഭൗമലോകം……അങ്ങനെയങ്ങനെ അഭിപ്രായങ്ങള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയല്ലേ.
ഗാനഗന്ധര്വന് ഒരഭിപ്രായം പറഞ്ഞു, ശശി തരൂര്‍ മറ്റൊരു കാര്യത്തിന് പിന്തുണ അറിയിച്ചു. കേട്ടപാതി, കേള്‍ക്കാത്തപാതി കൈയിലുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ടവര്‍ ഇരുവര്‍ക്കു നേരെയും കൊലവിളിയുമായി ഓടിയടുക്കുകയല്ലേ. ഒന്ന് സാംസ്കാരികമെങ്കില് മറ്റേത് തികഞ്ഞ രാഷ്ട്രീയം. നാട്ടിന്‍പുറങ്ങളിലും നഗരകാന്താരങ്ങളിലും കൂടി ചുമ്മാ നടന്നാല്‍ പോലും കാണുന്നതും അനുഭവിക്കുന്നതുമായ സംഗതി ഒന്ന് തുറന്നുപറയുകയേ ഗാനഗന്ധര്വന് ചെയ്തിട്ടുള്ളു. ആധുനിക വേഷഭൂഷാദികള്‍ വേണമെന്ന ശാഠ്യത്തിനെതിരായൊന്നും യേശുദാസ് പറഞ്ഞിട്ടില്ല. നാടോടുമ്പോള്‍ നടുവേ ഓടേണ്ടെന്നും അഭിപ്രായപ്പെട്ടിട്ടില്ല. ഒരു ജീന്സിനകത്താണ് മൊത്തം പെണ്ണത്തം എന്ന് മനസ്സിലാക്കുന്നതില്‍ ആ പാവം പാട്ടുകാരന് പരാജയപ്പെട്ടുപോയി എന്നുവേണമെങ്കില്‍ പറയാം.
തുണി മോഷ്ടിച്ചത് സ്വന്തം നാണം മറയ്ക്കാനല്ല, നാട്ടുകാരുടെ നാണം മറയ്ക്കാനാണെന്ന് പണ്ടൊരു കവി പറഞ്ഞത് നമുക്കിവിടെ ചേര്‍ത്തുവായിക്കാം. വസ്ത്രം എങ്ങനെയും ധരിക്കാനും മാറ്റിമറിക്കാനും നമുക്ക് അവകാശമുണ്ടെന്നാണ് ധരിച്ചുവശായിരിക്കുന്നത്. ഈ സമൂഹം എന്നു പറയുന്നത് സകല സംസ്കാരവും സ്വഭാവ വിശേഷവും കൂടിച്ചേര്‍ന്നതാണ്. ഭരണഘടനയും അതിനപ്പുറത്തെ ഘടനയും എല്ലാ സ്വാതന്ത്ര്യവും നമുക്ക് അനുവദിച്ച് തരുന്നുണ്ടെങ്കിലും മറ്റൊരാളുടെ മൂക്കിന് തുമ്പു വരേയേ നമുക്ക് വിരല്‍ ചൂണ്ടാന്‍ അവകാശമുള്ളു എന്ന കാര്യം മറന്നുപോവുന്നു.
വസ്ത്രധാരണത്തിലും ഏതാണ്ടതൊക്കെ ശരിയാണ്. ആധുനിക മനുഷ്യന് ആദിമ മനുഷ്യനില്‍ നിന്ന് വ്യത്യസ്തനാണെന്ന് മനസ്സിലാവുന്നതിന്റെ ഒന്നാം പടിയാണ് വസ്ത്രധാരണം. മറയ്ക്കേണ്ടത് മറയ്ക്കാനും വ്യക്തിത്വം പുലര്‍ത്താനും വസ്ത്രധാരണം സഹായിക്കും. എന്റെ ശരീരമല്ലേ, തനിക്കെന്താ കാര്യം എന്ന് ചോദിക്കാനാണ് തുനിയുന്നതെങ്കില്‍ സമൂഹത്തിലെ ചിട്ടകളും മര്യാദകളും പാലിക്കാന്‍ ബാധ്യസ്ഥരായേ തീരൂ. ശരീരം മുഴുവന്‍ മൂടിയ വസ്ത്രമിട്ടാലും വസ്ത്രത്തിന്റെ ആവശ്യമില്ലാത്ത ഇളം പ്രായത്തിന്റെ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നില്ലേ എന്ന ചോദ്യം യേശുദാസിന്റെ ഗുണാത്മകമായ നിര്‍ദ്ദേശത്തിനുള്ള മറുപടിയല്ല.
വേഷം ദോഷമായി ഭവിക്കാത്തിടത്തോളം കാലം സമൂഹം അതിന് മാന്യത നല്‍കും. ഇല്ലെങ്കില്‍ എന്തു സംഭവിക്കുന്നുവെന്ന് നാം നിരന്തരം കാണുകയല്ലേ? എല്ലാ സുരക്ഷിതത്വവും പുലര്‍ത്തിയിട്ടും അപമാനിതരാകുന്നുവെങ്കില് അങ്ങനെ പുലര്ത്താതിരുന്നാലുള്ള സ്ഥിതിയെന്താ?
കാലികവട്ടത്തിന്റെ പ്രിയപ്പെട്ട വായനക്കാരേ, തെറ്റിദ്ധരിക്കണ്ട. ജീന്‍സോ, അതുമായി ബന്ധപ്പെട്ട ഏതു വസ്ത്രവും ധരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. സമൂഹത്തിലൂടെയാണ് നമ്മളും കടന്നുപോവുന്നതെന്ന ഓര്‍മ്മ വേണമെന്ന് മാത്രം. ഇനി വിഖ്യാത നര്‍ത്തകി പത്മസുബ്രഹ്മണ്യം എന്താണ് പറയുന്നതെന്ന് നോക്കുക.: ഒരു വ്യക്തിയുടെ സംസ്കാരം നിര്‍ണയിക്കുന്നതില്‍ വേഷവിധാനങ്ങള്‍ക്കും പങ്കുണ്ട്.ശരീര ഭാഷയും ചിന്തകളും സംസ്കാരം രൂപപ്പെടുത്തുന്നതിലെ മറ്റുപ്രധാന ഘടകങ്ങളാണ്. സ്വാഭിമാന ബോധമുള്ള തലമുറയാണ് വേണ്ടത്.
നൃത്തത്തില്‍ മാത്രമല്ല, ഏത് മേഖലയിലും രാജ്യത്തോടുള്ള ബഹുമാനം കാത്ത് സൂക്ഷിക്കുന്നവരാകണം യുവ തലമുറ. (മാതൃഭൂമി ഒക്ടോ. 08) അതില്‍ എന്തെങ്കിലും മാറ്റം വേണമെന്നുള്ളവര്‍ക്ക് ഗാനഗന്ധര്‍വനെ ഭര്‍ത്സിക്കാം, പാട്ടുകേള്ക്കാതിരിക്കാം, പാരഡി പാട്ടുപാടാം, മുഖപുസ്തകത്തില്‍ വെണ്മണി സാഹിത്യം (ക്ഷമിക്കണം, അതിനുമുണ്ടൊരു സംസ്കാരം) രചിക്കാം. സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു……… എന്നല്ലേ. ശ്ലീലാശ്ലീലങ്ങളുടെ മധ്യമാര്‍ഗത്തിലൂടെ പോകണോ, ഓരം ചേര്‍ന്നു പോകണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ സകല ടിയാന്മാര്ക്കും ടിയാള്മാര്ക്കുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് സാദരം നിര്‍ത്തുന്നു; നന്ദി, നമസ്കാരം.
പുരയ്ക്ക് ചാഞ്ഞാല്‍ പൊന്മരമായാലും വെട്ടി മാറ്റണം. അത് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെങ്കിലും സ്വയംഘടനയില് പതിഞ്ഞുകിടപ്പുണ്ട്. പൊന്നിന്സൂചിയായാലും കണ്ണില്‍ കൊണ്ടാല്‍ മുറിയുമെന്നല്ലേ. തിര്വന്തോരത്തെ പാര്‍ലമെന്റ് പ്രതിനിധി ശശിതരൂര്‍ കോണ്‍ഗ്രസ് കൂടാരത്തിനു മേലേക്ക് ചാഞ്ഞിരിക്കുകയാണത്രെ. അതുകൊണ്ട് എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നാണ് പാര്‍ട്ടിക്കു വേണ്ടാത്ത മുഖപത്രം മുഖപ്രസംഗം വഴി ആജ്ഞാപിച്ചിരിക്കുന്നത്. കെപിസിസി ആയതിന്റെ എസ്റ്റിമേറ്റെടുത്ത് കഴിഞ്ഞു. കേരളത്തില്‍ നല്ല വെട്ടുകാരില്ലാത്തതുകൊണ്ട് കേന്ദ്രത്തിലെ വെട്ടുകാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിങ്ങളില്‍ പാപിയല്ലാത്തവര്‍ കല്ലെറിയട്ടെ എന്നൊന്നും ശശിതരൂര്‍ പറഞ്ഞിട്ടില്ല. പറഞ്ഞത് ഇത്രയേയുള്ളു: ഒരാള്‍ സങ്കീര്‍ണമായ ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.
രാഷ്ട്രീയത്തില്‍ പുറത്തു നിന്നു വന്ന ഒരാളായാണ് എന്നെ ചിലര്‍ കാണുന്നത്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും രാജ്യത്തെയും പാര്‍ട്ടിയേയും സേവിക്കുകയും ചെയ്തവരില്‍ നിന്ന് ഞാന്‍ വ്യത്യസ്തനാണ്. രാഷ്ട്രീയത്തിലേക്ക് വൈകി കടന്നുവന്നയാളെന്ന നിലയ്ക്കും പ്രൊഫഷണല്‍ എന്ന നിലയിലും എന്റെ നിലപാടുകളില്‍ ചില വ്യത്യസ്തമായ രീതികള്‍ പ്രകടമായിരിക്കാം. ച്ചാല്‍ തത്തമ്മേ പൂച്ച പൂച്ച പരിപാടിക്ക് ഞമ്മളെ കിട്ടില്ല്യാന്ന് ചുരുക്കം. നരേന്ദ്രമോദി ശുചിത്വ ഭാരതത്തിന് ആഹ്വാനം കൊടുത്തതിന്റെ പിന്നില്‍ ഭാരതത്തിന്റെ ആത്മാവ് കണ്ടെത്തിയ ഒരു മഹാപുരുഷന്റെ ചേതനയുണ്ടെന്ന് മനസ്സിലാക്കിയ വ്യക്തിയാണ് ശശി തരൂര്‍. മറ്റെന്തൊക്കെ വൈകല്യവിശേഷങ്ങളുണ്ടെങ്കിലും അക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ചേ മതിയാവൂ. ശുചിത്വ ഭാരത പദ്ധതിയിലൂടെ ഭാരതത്തിന്റെ തുടിക്കുന്ന അസ്മിതയ്ക്ക് കൈത്താങ്ങ് നല്കാന് താനും ബാദ്ധ്യസ്ഥനാണ് എന്ന തിരിച്ചറിവാണ് ആ കോണ്‍ഗ്രസ് എംപിയെ വ്യത്യസ്തനാക്കുന്നത്.
മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ചാവുകടലില്‍ ഉപേക്ഷിച്ച അഭിനവ ഖദറുകാര്ക്ക് ഇതിനെക്കുറിച്ച് എന്തറിയാം എന്നാണ് ശശി തരൂര്‍ പറയാതെ പറയുന്നത്. വിശുദ്ധ മാര്‍ഗത്തിലൂടെ ചരിക്കണമെന്നുള്ളവര്ക്കേ ശുചിത്വത്തെക്കുറിച്ച് അറിയാനും ആയത് പുലര്‍ത്താനും ആഗ്രമുണ്ടാവൂ. ജുഗുപ്സാവഹമായ മാനസികാവസ്ഥയും അത് മറയ്ക്കാന്‍ ഗാന്ധിയന്‍ പുറം മോഡിയുമായി നടക്കുന്ന സകല അഭിനവ ഗാന്ധിമാര്‍ക്കും പുരയ്ക്ക് ഭീഷണിയാണ് ശശിതരൂര്‍ എന്ന പൊന്മരം. അതവര് വെട്ടട്ടെ, തുണ്ടംതുണ്ടമാക്കട്ടെ. അപ്പോഴും പല്ലില്ലാത്ത മോണകാട്ടി ഒരു നിഷ്കളങ്കന് ഭാരതത്തിന്റെ ഹൃദയത്തില്‍ നിന്ന് ചിരിച്ചുകൊണ്ടേയിരിക്കും. അതാരാണെന്ന് അറിയുന്നവര്‍ ശുചിത്വ ഭാരതത്തിനുവേണ്ടി നിതാന്ത ജാഗ്രതയോടെ കാവല്‍ നില്ക്കും.
തൊട്ടുകൂട്ടാന്‍
ആരുമേകൂട്ടിന്നായില്ലാതിരിക്കവേ
മക്കളയക്കും അക്കങ്ങള്നോക്കി
മാത്രം ചിരിക്കും സേവകനും
കിളികളെ കാണുവാന്‍ പുഞ്ചിരിതൂകുവാന്‍
വെറുതെയൊരാഗ്രഹം വന്നയാള്‍ക്കും
നേരമില്ലെന്നു പറഞ്ഞയാള്ക്കിന്ന്
കൂട്ടിന്നൊരുപാട് നേരം മാത്രം.
റിജിനേഷ്. പി.വി.
കവിത: നേരമില്ല
ഹിരണ്യ മാസിക (ഒക്ടോബര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: