ശസ്ത്രത്തിന് തെറ്റുപറ്റില്ലയെന്നത് കടങ്കഥ. ശാസ്ത്രവും തോല്‍ക്കും മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍. അധികം ആയുസില്ലെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് നടന്നവര്‍ എത്രപേര്‍. അവരില്‍ ചിലര്‍ സ്വജീവിതം കൊണ്ട് ദുഖങ്ങളില്‍ ആണ്ടുപോയവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ കിരണമാവും. അങ്ങനെയൊരാളാണ് എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ പിആര്‍ഒ ടി. ആര്. രാജന്. ജീവിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഇദ്ദേഹം.
അമ്പതുവയസ്സിനപ്പുറം ജീവിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ആ ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് ഇപ്പോള്‍ 66-ാം വയസ്സിലെത്തി നില്‍ക്കുകയും ചെയ്യുന്നു രാജന്. വടുതല തുണ്ടിപ്പറമ്പില്‍ രാമന്‍കുട്ടിയുടേയും അമ്മുവിന്റേയും മകനായി ജനിച്ച രാജന് കഴുത്തിലെ കശേരുക്കളുടെ എണ്ണം കുറവായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല.
വൈകല്യം പൂര്‍ണമായും ഭേദമാക്കാന്‍ സാധിച്ചില്ലെങ്കിലും വിദ്യാഭ്യാസം നേടുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും രാജന് തയ്യാറായിരുന്നില്ല. എറണാകുളത്ത് എസ് ആര് വി സ്കൂളിലായിരുന്നു പഠനം. ഒഴിവുസമയത്ത് മുന്‍ മന്ത്രി മത്തായി മാഞ്ഞൂരാന് നടത്തിയിരുന്ന കെഎസ്പിയുടെ മുഖപത്രമായിരുന്ന കേരള പ്രകാശത്തില്‍ പ്രൂഫ് റീഡറായാണ് പ്രവര്‍ത്തനം തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനായി സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ ചേര്‍ന്നെങ്കില്‍ ജ്യേഷ്ഠന്റെ അകാല മരണം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
ജീവിതത്തിന്റെ താളം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. ഏത് ജോലിയും ചെയ്യാന്‍ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. എറണാകുളത്തെ പ്രമുഖ പരസ്യ ഏജന്‍സിയില്‍ പ്യൂണ്‍ ആയി ചേര്‍ന്നു. ശാരീരിക വിഷമതകള്‍ക്കിടയിലും ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെ ചെയ്യുകയെന്നത് രാജന്റെ നിഷ്ഠയാണ്. ജോലിയിലെ ആ ആത്മാര്‍ത്ഥതയാണ് പ്യൂണ്‍ ആയി തുടങ്ങി മീഡിയ എക്സിക്യൂട്ടീവ് എന്ന നിലയിലേക്കും അവിടെ നിന്നും ഒരു പ്രമുഖ ആശുപത്രിയുടെ പിആര്‍ഒ എന്ന നിലയിലേക്കും രാജനെ എത്തിച്ചത്.
ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനിയായ രാജശ്രീ പിക്ചേഴ്സിന്റെ പരസ്യച്ചുമതലയും അദ്ദേഹം നിര്‍വഹിച്ചിരുന്നു. പൂര്‍ണ ആരോഗ്യവാനല്ലെങ്കിലും മനസ്സിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ മാറി നിന്ന രോഗം ഇടയ്ക്ക് കലശലായി. അമ്പതാം വയസ്സില്‍ രാജന് ബോധമറ്റുവീണു. അമ്പത് വയസ്സിനപ്പുറം ജീവിക്കില്ല എന്ന വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്ത് ഫലിക്കുമോയെന്ന ആശങ്കയിലാരുന്നു ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ നല്‍കിയില്ല. മാത്രവുമല്ല ശരീരത്തിന്റെ ഒരുഭാഗം തളര്ന്നുപോയേക്കാമെന്നുമായിരുന്നു വിധിച്ചത്. ജന്മനാതന്നെ ഒരു വൃക്കയില്ലെന്നും അറിഞ്ഞതും ആ സമയത്തായിരുന്നു.
ആത്മധൈര്യത്തോടെ ശസ്ത്രക്രിയയെ നേരിട്ട രാജന് തന്റെ ഇടതുകാലും വലതുകൈയും തളര്‍ന്നുപോയി എന്ന യാഥാര്‍ത്ഥ്യത്തോടും പൊരുത്തപ്പെട്ടു. പക്ഷേ വെറുതെ അങ്ങനങ്ങ് കിടന്നുപോകാനൊന്നും അദ്ദേഹം തയ്യാറായില്ല. ആയുര്‍വേദ ചികിത്സയിലൂടെ തളര്‍ന്നുപോയ കൈയുടേയും കാലിന്റേയും സ്വാധീനം വീണ്ടെടുത്തു. ജീവിതത്തില്‍ തനിക്ക് നേരിട്ട വൈഷമ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ രാജനെ പ്രേരിപ്പിച്ചതും സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെ.
സ്ഫോടനത്തില്‍ വലതുകാല്‍ നഷ്ടമായ അസ്ന, വെള്ളച്ചാല്‍ ബസ് അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ അഷിത ഇവരുടെ ജിവിതത്തെ ഇരുള് മൂടിയ അവസ്ഥയില്‍ നിന്നും നല്ലമനസ്സുകള്ക്കുടമയായവര്ക്കിടയിലേക്ക് കരുണയോടെ കൂട്ടിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ടി.ആര്. രാജനാണ്. ആശുപത്രിയുടെ നാല് ചുവരുകള്‍ക്കിടയില്‍ ആരും അറിയാതെ പോകുമായിരുന്ന ഈ കുരുന്നുകളുടെ വേദന സമൂഹമധ്യത്തില്‍ എത്തപ്പെട്ടതുവഴി ഇവര്‍ക്ക് സുമനസ്സുകളുടെ ഇടയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു. 10 മാസം മാത്രം പ്രായമുള്ളപ്പോളാണ് അപകടത്തില്‍ അഷിതയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്.
അപകടത്തില്‍ രണ്ട് കാലുകളും തകര്‍ന്ന നിലയിലാണ് അഷിതയെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. അസ്നയ്ക്കും അഷിതയ്ക്കും ജീവിതകാലം മുഴുവന്‍ ഈ ആശുപത്രിയില്‍ ചികിത്സ സൗജന്യവുമാണ്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്നുകൊണ്ട്, ആശുപത്രി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അമരത്ത് രാജനുണ്ടാവും.
ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്നേഹത്തണല്‍ പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ സേവനം എത്തിച്ചുകൊടുക്കുന്നതുമുതല് നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതുവരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍വരെ ടി.ആര്. രാജന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
ക്യാന്‍സര്‍ രോഗത്താലും പ്രായാധിക്യം കൊണ്ടും അവശത അനുഭവിക്കുന്നവരുടെ വീട്ടിലെത്തി അവര്‍ക്ക് ആവശ്യമായ എല്ലാം പരിചരണവും നല്‍കുകയും വേണ്ടിവന്നാല്‍ അവരെ ഏറ്റെടുക്കുകയും ചെയ്യുന്നതിനുള്ള നൂതന പദ്ധതിയുമായി തിരക്കിലാണ് ഇദ്ദേഹം. അതിനാല്‍ തനിക്ക് സുഖമില്ല എന്ന ചിന്തയൊന്നും ഈ 66-ാം വയസ്സിലും രാജനെ അലട്ടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: