കൊച്ചി: പുരുഷാരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കും മാറിനിന്ന മഴമേഘങ്ങള്‍ക്കും ടീം ഇന്ത്യയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്ന അരലക്ഷത്തിലേറെ ആരാധകരെ നിരാശയിലാഴ്ത്തിയാണ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കോ ബാറ്റ്സ്മാന്മാര്ക്കോ മേധാവിത്വം നേടാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷം ഇന്ത്യയോട് കൊച്ചിയിലേറ്റ പരാജയത്തിനുള്ള മധുരമായ പകരംവീട്ടലും കൂടിയായി കരീബിയന്‍ പടയ്ക്ക് ഇത്. നേരത്തെ പ്രതിഫലം കിട്ടാത്തതിനെചൊല്ലി വിന്‍ഡീസ് കളിക്കാര്‍ കളി ബഹിഷ്കരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ബിസിസിഐയുടെ അവസരോചിതമായ ഇടപെടലിലൂടെ തീരുമാനം മാറ്റി കളിക്കാനിറങ്ങിയ വിന്‍ഡീസ് താരങ്ങള്‍ കളിയിലുടനീളം ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് നടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷാനിര്‍ഭരമായ തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. 8.4 ഓവറില്‍ ഇരുവരും 49 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ധവാന്റെ നിരുത്തരാവദിത്തത്തില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. രവി രാംപോള്‍ എറിഞ്ഞ പന്ത് രഹാനെ ഷോട്ട് ഫൈന്‍ ലെഗിനും സ്ക്വയര്‍ ലെഗിനും ഇടയിലൂടെ തിരിച്ചുവിട്ട് ആദ്യ റണ്‍സ് നേടിയശേഷം രഹാനെ രണ്ടാം റണ്ണിനായി ഓടി മറുവശത്തെ ക്രീസില്‍ എത്തിയെങ്കിലും ധവാനും അവിടെത്തന്നെയായിരുന്നു. ഇതോടെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ബെയ്ല്‍സ് തെറിപ്പിച്ച് രഹാനെയെ റണ്ണൗട്ടാക്കി.
തുടര്‍ന്നെത്തിയ കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടിയ കോഹ്ലിയെ ജെറോം ടെയ്ലറുടെ പന്തില്‍ സാമി ഒന്നാം സ്ലിപ്പില്‍ പിടികൂടി. സ്കോര്‍ രണ്ടിന് 55. പിന്നീട് ധവാനും അമ്പാട്ടി റായിഡുവും ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 82-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത റായിഡുവിനെ റസലിന്റെ പന്തില്‍ ബെന്‍ മിഡ് ഓണില്‍ പിടികൂടി. തുടര്‍ന്നെത്തിയ സുരേഷ് റെയ്ന വന്നതും പോയതും ഒരുമിച്ചായിരുന്നു. രണ്ട് പന്ത് മാത്രം നേരിട്ട റെയ്നയെ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ബൗള്‍ഡാക്കി.
തുടര്‍ന്ന് ധവാനും ധോണിയും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. 20 ഓവറിലാണ് സ്കോര്‍ മൂന്നക്കം കടന്നത്. ഇന്ത്യന്‍ സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധശതകം തികച്ചു. 71 പന്തില്‍ നിന്നാണ് ധവാന് 50 റണ്‍സെടുത്തത്. പിന്നീട് സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 21 പന്തുകള്‍ നേരിട്ട് വെറും എട്ട് റണ്‍സെടുത്ത ധോണിയെ സുന്ദരമായ യോര്‍ക്കറിലൂടെ സമി ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. 92 പന്ത് നേരിട്ട് ഇഴഞ്ഞു നീങ്ങി 68 റണ്‍സെടുത്ത ധവാനെ മര്‍ലോണ്‍ സാമുവല്‍സ് ബൗള്‍ഡാക്കി. സ്കോര്‍ 138-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിന്റെ രൂപത്തില്‍ ഏഴാം വിക്കറ്റും നഷ്ടമായി. എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എട്ടാം വിക്കറ്റും നഷ്ടമായി. 13 പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത അമിത് മിശ്രയെ ഡ്വെയ്ന്‍ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 155-ല്‍ എത്തിയപ്പോള്‍ 8 റണ്‍സെടുത്ത മോഹിത് ശര്‍മ്മയെ രാംപാലിന്റെ പന്തില്‍ ജെറോം ടെയ്ലര് കയ്യിലൊതുക്കി. അവസാന വിക്കറ്റില്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സ് എടുത്ത ഷമിയെ രവി രാംപാല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. 33 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. വിന്‍ഡീസിനുവേണ്ടി രാംപാലും ബ്രാവോയും സാമുവല്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. പതിവിന് വിപരീതമായി ക്യാപ്റ്റന്‍ ഡെവയ്ന്‍ ബ്രാവോയാണ് സ്മിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഭുവനേശ്വര്‍കുമാര്‍ എറഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങിയത്. ആദ്യ മൂന്ന് ഓവറില്‍ വിന്‍ഡീസ് 19 റണ്‍സ് നേടി. എന്നാല്‍ നാലാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷാമി തന്റെ ആദ്യ ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുത്തില്ല. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. മുഹമ്മദ് ഷാമിയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് ഒന്നാം സ്ലിപ്പില്‍ ശിഖര്‍ ധവാന് അനായാസം കയ്യിലൊതുക്കി. 24 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ബ്രാവോയുടെ സംഭാവന.
പത്താം ഓവറിലാണ് വിന്‍ഡീസ് സ്കോര്‍ 50 കടന്നത്. പതിനൊന്നാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ രവീന്ദ്ര ജഡേജയുടെ മൂന്നാംപന്ത് അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി ഡ്വെയ്ന്‍ സ്മിത്ത് ഇന്നിംഗ്സിലെ ആദ്യ സിക്സര്‍ നേടി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ഒന്നിന് 77 എന്നായിരുന്നു. 17.2 ഒാവറില്‍ സ്കോര്‍ 98-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന് രണ്ടാം വിക്കറ്റും നഷ്ടമായി. 45 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സറുമടക്കം 47 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ ജഡേജ ബൗള്‍ഡാക്കി. രണ്ട് പന്തിനുശേഷം വിന്‍ഡീസ് സ്കോര്‍ 100 കടന്നു. പിന്നീട് 22.3 ഓവറില്‍ സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി.
45 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 28 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അമിത് മിശ്രയുടെ പന്തില്‍ ലോങ്ഓഫില്‍ ശിഖര്‍ ധവാന് പിടികൂടി. പിന്നീട് മര്‍ലോണ്‍ സാമുവല്‍സും ദിനേഷ് രാംദിനും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനീക്കി. മുപ്പതാം ഓവറിലെ അഞ്ചാം പന്തില്‍ വിന്‍ഡീസ് സ്കോര്‍ 150ലെത്തി. ഈ കൂട്ടുകെട്ട് പിടിമുറുക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പിടിയയഞ്ഞു. ഇരുവരും ചേര്‍ന്ന് 35.5 ഓവറില്‍ വിന്‍ഡീസ് സ്കോര്‍ 200 കടത്തി. പിന്നീട് 41.2 ഓവറില്‍ സ്കോര്‍ 250ഉം പിന്നിട്ടു. തൊട്ടുപിന്നാലെ രാംദിന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.
52 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കമാണ് രാംദിന് 50 തികച്ചത്. പിന്നീട് വിന്‍ഡീസ് സ്കോര്‍ 44.3 ഓവറില്‍ 274-ല്‍ എത്തിയപ്പോള്‍ മര്‍ലോണ്‍ സാമുവല്‍സ് സെഞ്ച്വറി തികച്ചു. 99 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്സുമടക്കമാണ് സാമുവല്‍സ് സെഞ്ച്വറിയിലെത്തിയത്. സ്കോര്‍ 45.4 ഓവറില്‍ 285-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന്റെ നാലാം വിക്കറ്റ് വീണു. 59 പന്തില്‍നിന്ന് 61 റണ്‍സെടുത്ത രാംദിനെ മുഹമ്മദ് ഷാമിയുടെ പന്തില്‍ ലോംഗ് ഓണില്‍ രവീന്ദ്ര ജഡേജ പിടികൂടി. പിന്നീടെത്തിയ കീറണ്‍ പൊള്ളാര്‍ഡിന് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. നാല് പന്തില്‍നിന്ന് രണ്ട് റണ്‍സ് മാത്രമെടുത്ത പൊള്ളാര്‍ഡിന്റെ ലെഗ്സ്റ്റമ്പ് മുഹമ്മദ് ഷാമി സുന്ദരമായ ബൗളിംഗിലൂടെ തെറിപ്പിച്ചു. തുടര്‍ന്നെത്തിയ റസലും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സെടുത്ത റസലിനെ ഷാമിയുടെ പന്തില്‍ കോഹ്ലി കയ്യിലൊതുക്കി. പിന്നീടെത്തിയ ഡാരന്‍ സമിയെ കൂട്ടുപിടിച്ച് സാമുവല്‍സ് വിന്‍ഡീസ് സ്കോര്‍ 321 റണ്‍സിലെത്തിക്കുകയായിരുന്നു. 116 പന്തില്‍ നിന്ന് 11 ഫോറും 4 സിക്സറുമടക്കം 126 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് പുറത്താകാതെ നിന്നു. ഇന്ത്യക്ക്വേണ്ടി മുഹമ്മദ് ഷാമി ഒമ്പത് ഓവറില്‍ 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: