കുറവിലങ്ങാട്: തപാലിലയച്ച ചെക്ക് കവര്‍ന്നെടുത്ത് അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഇടപാടുകള്‍ നടന്നത് ചെന്നൈയിലും മുംബൈയിലും. എസ്ബിടി കോഴാ ശാഖയിലുള്ള അക്കൗണ്ടിലെ ചെക്ക് ആക്സിസ് ബാങ്കിന്റെ ചെന്നൈ ശാഖയില്‍ ഹാജരാക്കിയാണ് പണമാക്കിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചെന്നൈ ആക്സിസ് ബാങ്ക് ശാഖയില്‍ ഹാജരാക്കിയ ചെക്ക് പണമാക്കിയത് ചെന്നൈ എസ്ബിടി ശാഖ വഴിയാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കോര്‍ ബാങ്കിംഗ് സംവിധാനമുള്ളതിനാല്‍ ചെക്ക് ഏത് ബാങ്കിലേതാണോ ആ ബാങ്കിന്റെ അതേ സ്ഥലത്തുള്ള ശാഖയിലേക്കാണ് പണമാക്കാന്‍ അയയ്ക്കുന്നത്. ഇത്തരത്തില്‍ ചെന്നൈ ആക്സിസ് ബാങ്കില്‍ നിന്ന് ചെന്നൈയിലുള്ള എസ്ബിടി ശാഖയിലേയ്ക്ക് നല്‍കുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
പണമാക്കുന്നതിനായി ഹാജരാക്കിയ ചെക്കില്‍ ആക്സിസ് ബാങ്കിന്റെ 914010029513878 നമ്പരിലുള്ള അക്കൗണ്ടും നഞ്ചിഭായ് പി രാജി മാലി എന്ന പേരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അക്കൗണ്ട് മഹാരാഷ്ട്രയിലെ താനെയിലെ മഹാപ്പ് എന്ന സ്ഥലത്തുള്ളതാണെന്നാണ് അന്വേഷണങ്ങള്‍ വ്യക്തമായിട്ടുള്ളത്.
മുംബെയിലുള്ള ഒരാള്‍ അവിടെ വ്യാജരേഖകള്‍ നല്‍കിയായിരിക്കും ബാങ്ക് അക്കൗണ്ട് തുറന്നിരിക്കാന്‍ സാധ്യത. യഥാര്‍ത്ഥത്തിലുള്ള വിവരങ്ങള്‍ നല്‍കിയാണ് അക്കൗണ്ട് തുറന്നിരിക്കുന്നതെങ്കില്‍ ചെറിയ അന്വേഷണത്തില്‍ തന്നെ ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞേക്കും. വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുകയായിരുന്നുവെങ്കില് അന്യ സംസ്ഥാനത്ത് അന്വേഷണം നടത്തേണ്ടി വരുന്നതിനാല്‍ സംസ്ഥാനപൊലീസിന് ഏറെ ബുദ്ധിമിട്ടുകള്‍ നേരിടേണ്ടിവരും.
അന്തര്‍ സംസ്ഥാന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസിന് വല വിരിക്കേണ്ടതായും വരും. കേരളത്തിലടക്കം ഈ സംഘത്തിന്റെ വേരുകള്‍ ശക്തമാകാനും സാധ്യതയുണ്ട്. ഇതിലുപരി തപാലില്‍ അയക്കുന്ന ചെക്ക് തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തിക്കുന്ന കണ്ണികളെയും നിയമത്തിന് മുന്നിലെത്തിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: