ചങ്ങനാശ്ശേരി: കുറിച്ചി സചിവോത്തമപരും അയ്യന്‍കാളി സ്മാരകമന്ദിരം ഉദ്ഘാടനം സിപിഎം ഗ്രൂപ്പിസത്താല്‍ വൈകുന്നതായി ആക്ഷേപം. പാവപ്പെട്ട പട്ടികജാതി വിഭാഗത്തിലെ ആളുകള്‍ താമസിക്കുന്ന ഈ കോളനിയിലെ വിവാഹം, മറ്റു സാംസ്കാരിക കൂട്ടായ്മകള്‍, ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ പാത്രങ്ങള്‍, മേശ, കസേര, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ അടുക്കള സംവിധാനങ്ങള്‍ ഏറ്റവും കുറഞ്ഞ വാടകയ്ക്ക് ലഭിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് 25 സെന്റില്‍ കെട്ടിടം പണിയുന്നതിനുള്ള അധികാരം മാത്രമാണ് പഞ്ചായത്തിന് ലഭ്യമായിട്ടുള്ളത്.
ഒരു കോടി രൂപ ചിലവാക്കി ഏഴുമാസംകൊണ്ട് പണിപൂര്ത്തിയാക്കിയിട്ടിരിക്കുന്ന മന്ദിരം സിപിഎമ്മിലെ വിഭാഗീയതമൂലം ഉദ്ഘാടനം വൈകുകയാണ്. വി.എസ്. അച്യുതാനന്ദനെ ഉത്ഘാടനകനാക്കിയതാണ് എതിര്‍ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ സോമന് ഗ്രൂപ്പുകളികളില്‍ മനംനൊന്ത് രാജിവച്ചിരുന്നു.
പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച മന്ദിരത്തിന്റെ ഭരണചുമതല കോളനി അസോസിയേഷനു നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദിവസങ്ങളായി നിരാഹരസമരം അനുഷ്ടിക്കുകയാണ്. ഈ കാര്യത്തില്‍ കോണ്‍ഗ്രസ് ബ്ലോക്കുപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പഞ്ചായത്തിന് നല്കിയാല് ഏതു സംഘടനയ്ക്കും സ്ഥലവും മന്ദിരവും രേഖാമൂലം വിട്ടുകൊടുക്കാന്‍ ഭരണസമിതിക്ക് പൂര്‍ണ്ണ സമ്മതമാണെന്നും സുജാത സുശീലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: