മൂന്നാര്‍ : കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ പോലീസുകാരിലൊരാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. ദേവികുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് അനില്‍ കൃഷ്ണ (35)യാണ് ഇന്നലെ കേസ് അന്വേഷിക്കുന്ന ദേവികുളം റെയ്ഞ്ച് ഓഫീസര്‍ നോബര്‍ട്ട് ദിലീപിന് മുന്നിലെത്തിയത്. കേസ് സംബന്ധച്ച വിവരങ്ങള്‍ എഴുതി നല്കാന് റെയ്ഞ്ചര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസുമായി പങ്കില്ലെന്ന നിലപാടാണ് ഇയാള്‍ ഉന്നയിച്ചത്. ഇന്ന് വീണ്ടുമെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ പ്രതിയായ മറ്റൊരു പോലീസുകാരന് പ്രജീഷ്(38), ഇതുവരെ ഹാജരായിട്ടില്ല. ഇയാള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് റെയ്ഞ്ചര്‍ ജന്മഭൂമിയോടു പറഞ്ഞു. മൂന്നാറിന് സമീപം സൈലന്റുവാലി മെത്താപ്പില് നിന്നും കഴിഞ്ഞ ജൂലൈ 15 നാണ് 800 കിലോയോളം വരുന്ന കാട്ടുപോത്തിനെ പോലീസുകാര്‍ ഉള്‍പ്പെട്ട നായാട്ടുസംഘം വെടിവെച്ച് കൊന്നത്. കാട്ടുപോത്തിനെ വെടുവെച്ചുകൊന്ന കേസിലെ മുഖ്യ പ്രതി കമ്പളികണ്ടം സ്വദേശി മനോജ് റിമാന്റിലാണ്. മനോജിന്റെ വീട്ടില്‍ നിന്നും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെടുത്തിരുന്നു. മനോജും പോലീസുകാരനായ പ്രജീഷും മ്ലാവിനെ കൊന്ന കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: