അമ്പലപ്പുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച അമ്പലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിടം കാഴ്ചവസ്തുവായി മാറുന്നു. 2013 ല്‍ 17 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റേഷനോടൊപ്പം വിശ്രമകേന്ദ്രവും സ്ഥാപിച്ചത്. കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
വിശ്രമകേന്ദ്രം കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ഓരോ ടോയ്ലറ്റും നിര്‍മ്മിച്ചിട്ടുണ്ട്. ഏതാനും മാസങ്ങളായി ഈ രണ്ട് ടോയ്ലറ്റും അടഞ്ഞുകിടക്കുകയാണ്. ഇതിനുള്ളിലെ പൈപ്പുകള്‍ പൊട്ടിയത് മൂലമാണ് ടോയ്ലറ്റുകള് അടച്ചിട്ടതെന്ന് സ്റ്റേഷന് മാസ്റ്റര്‍ പറയുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ അമ്പലപ്പുഴയില്‍ സൗകര്യമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റേഷന് തൊട്ട് സമീപത്തായി നേരത്തെ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നു. ഇതും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.
ഇപ്പോള്‍ അമ്പലപ്പുഴയില്‍ എത്തുന്ന യാത്രക്കാര്‍ 30 രൂപയോളം ഓട്ടോറിക്ഷ കൂലി നല്കി അമ്പലപ്പുഴയിലെ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ പോകേണ്ട അവസ്ഥയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിടം സ്റ്റേഷന് മാസ്റ്റര്‍ക്ക് കാറ്റും മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
ഇപ്പോഴും യാത്രക്കാര്‍ ആശ്രയിക്കുന്നത് പഴയ കെട്ടിടമാണ്. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലിരുന്നാല് ബസുകള്‍ ഏത് ഭാഗത്തേക്കാണ് പോകുന്നത് എന്നുള്ള ബോര്‍ഡ് വായിക്കാന്‍ കഴിയില്ല. ഇതുമൂലം മഴയത്തും വെയിലത്തും യാത്രക്കാര്‍ പഴയ കെട്ടിടത്തെയാണ് ആശ്രയിക്കുന്നത്. കാലപ്പഴക്കം മൂലം ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ഈ കെട്ടിടം പൊളിച്ച് നീക്കി ഇരു ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും പോകുന്ന ബസുകള്‍ ബസ് സ്റ്റേഷനുള്ളില്‍ കയറി പോയാല്‍ മാത്രമെ യാത്രക്കാര്‍ക്ക് പ്രയോജപ്പെടുകയുള്ളു. കൂടാതെ ബസ് സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനും കഴിയും.
ബസ് സ്റ്റേഷനും വിശ്രമകേന്ദ്രവും നിര്‍മ്മിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന നിലയില്‍ ബസ് സ്റ്റേഷന് വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ടോയ്ലറ്റ് അടച്ചിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: