നരേന്ദ്രന്റെ ചിക്കാഗോ പ്രസംഗം പേരുകേട്ടതാണ്. ഭാരത സംസ്കാരത്തിന്റെ ആഴവും പരപ്പും ഉള്ത്തുടിപ്പും അനുഭവിപ്പിച്ചുകൊടുക്കുന്നതില് നരേന്ദ്രന് എന്ന വിവേകാനന്ദന് എങ്ങനെ വിജയിച്ചു എന്നുള്ളത് ലോകമറിഞ്ഞ വസ്തുത, ചരിത്രസത്യം. ഇന്നും ആ പ്രസംഗത്തിന്റെ കോരിത്തരിപ്പില്‍ നാം എല്ലാം മറന്നു നില്ക്കുന്നു. എന്തുകൊണ്ടാണത്? ആത്മാര്‍ത്ഥതയും അനുഭവസമ്പത്തും കരളില്‍ കാരുണ്യത്തിന്റെ മഹാസാഗരവും പേറിയാണ് വിവേകാനന്ദന് ലോകമത മഹാസമ്മേളനത്തില്‍ പങ്കെടുത്തത്. അഹം ബ്രഹ്മാസ്മി എന്ന് എന്തിന് പറയണം എന്ന ചോദ്യത്തിനുള്ള മറുപടിയാണ് തത്വമസി. ഇതു രണ്ടും അറിഞ്ഞനുഭവിച്ചവന് ലോകം സ്വന്തം തറവാടാണ്. അതിലുള്ളവരെല്ലാം സ്വന്തക്കാര്. അതുകൊണ്ട് സഹോദരീ സഹോദരന്മാരേ എന്ന് അഭിസംബോധന ചെയ്യാം. തന്റെ രാജ്യത്തിന്റെ ഊടും പാവും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഇഴകളാണെന്ന ബോധ്യം വന്നവര്‍ക്ക് ആ അഭിസംബോധന താനേ വന്നുകൊള്ളും, ഉറവപൊട്ടിവരുന്നതുപോലെ.
കാലങ്ങള്‍ക്കിപ്പുറത്ത് മറ്റൊരു നരേന്ദ്രന് അമേരിക്കയിലെത്തി അഭിസംബോധന ചെയ്യുമ്പോള്‍ പഴയകാലം തിടംവെച്ച് തുള്ളിത്തുളുമ്പുകയാണ്. അതിന്റെ അസുലഭനിമിഷങ്ങളിലൂടെ മാധ്യമങ്ങള്‍ അനുയാത്ര ചെയ്യുമ്പോള്‍ പ്രതിപക്ഷമാകാന്‍ പോലും ജനങ്ങള്‍ അനുമതി നല്‍കാത്ത കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ എക്കാലത്തെയും കൊതിക്കെറുവ് പുറത്തെടുക്കുന്നു. പഞ്ചദിന അമേരിക്കന്‍ യാത്രയിലൂടെ ഭാരത പ്രധാനമന്ത്രി നേടിയെടുത്തതിന്റെ ഉള്ളറകളിലേക്ക് ഒരു കണ്ണോട്ടം പോലും നടത്താതെ അവര്‍ പറയുന്നു നരേന്ദ്രമോദിയുടെ അമേരിക്കന്‍ യാത്ര നിരാശാജനകമാണെന്ന്! അവരുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ ഉവാച: വാടകയ്ക്കെടുത്തവരുടെ ആര്‍പ്പുവിളികള്‍ സൃഷ്ടിച്ച ശബ്ദകോലാഹലമല്ലാതെ പ്രധാനമന്ത്രിയുടെ യു.എസ്.സന്ദര്‍ശനം കൊണ്ടു രാജ്യത്തിനു പ്രയോജനമുണ്ടായില്ല.
ഉഭയകക്ഷിബന്ധം ഒരടിപോലും മുന്നോട്ടുപോയില്ല. സന്ദര്‍ശനത്തിന്റെ കണക്കെടുപ്പു നടത്തുമ്പോള്‍ കുറെ ബഹളവും കോലാഹലവുമല്ലാതെ രാജ്യത്തിന് ഗുണകരമായതൊന്നും കാണാനില്ല. (മലയാള മനോരമ ഒക്ടോ. 02) കോണ്‍ഗ്രസ്സിനെ എന്തുകൊണ്ട് പ്രതിപക്ഷത്തിരിക്കാന്‍ പോലും ഇവിടുത്തെ വോട്ടര്‍മാര്‍ അനുവദിച്ചില്ല എന്ന വലിയ ചോദ്യത്തിന് ആനന്ദശര്മയുടെ വാക്കുകളില്‍ മറുപടിയുണ്ട്. ചുരുങ്ങിയപക്ഷം കോണ്‍ഗ്രസ്സിന്റെ ബാലന്‍സ്ഷീറ്റ് തയ്യാറാക്കുന്ന മലയാള മനോരമയുടെ ന്യൂദല്‍ഹി ബ്യൂറോയിലെ ഘടാഘടിയന്മാരായ ലേഖകരോട് സംസാരിച്ചിട്ടു വേണമായിരുന്നു ശര്മയദ്യം മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വായതുറക്കാന്‍. ശാന്തം പാപം. വഴിയെ നേരെയാവാം.
ഇനി കോണ്‍ഗ്രസിന് മനോരമ തന്നെ മറുപടി നല്‍കുന്നത് കാണുക. ഒക്ടോ. 02ന്റെ അവരുടെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇങ്ങനെ: അമേരിക്കയിലെ മോദി വീരഗാഥ. ഇന്‍ട്രൊ ഇപ്രകാരം: ഇന്ത്യ-യുഎസ് ബന്ധം പുതിയ തലത്തിലേക്ക്. ഇനി നാലഞ്ചു വരികള്‍ കണ്ടാലും: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് മോദിയുടെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ്. 2005-2008 കാലത്ത് ഏറ്റവും ഊഷ്മളമായിരുന്ന ബന്ധം പല കാരണങ്ങളാല്‍ പിന്നീടു ദുര്‍ബലമാകാന്‍ തുടങ്ങി. അതു വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദി.
പ്രതിരോധ-സാമ്പത്തിക-സാങ്കേതിക മേഖലകളില്‍ സഹകരണം വികസിപ്പിക്കാന്‍ ധാരണയായിക്കഴിഞ്ഞു. പടക്കപ്പല്‍ നിര്‍മ്മാണം, മിസൈല്‍ നിര്‍മ്മാണം എന്നീ രംഗങ്ങളില്‍ അമേരിക്ക ഇന്ത്യയുമായി കൂട്ടുകൂടാന്‍ പോവുകയാണെന്നതു പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ നാട്ടില്‍ തന്നെ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യരക്ഷാ സര്‍വകലാശാലയ്ക്ക് അമേരിക്കയില്‍ നിന്നു സാങ്കേതിക പിന്തുണ ലഭിക്കുകയും ചെയ്യും. ആനന്ദശര്മയദ്യത്തിന് ഈ മുഖപ്രസംഗം ആരെങ്കിലും മൊഴിമാറ്റിക്കൊടുത്താല് അടുത്ത വാര്‍ത്താസമ്മേളനത്തില്‍ വല്ല മാറ്റവും ഉണ്ടാവുമോ എന്തോ? ചില സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അത്തരം മഹാമനസ്കത പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്.
ഏഴു സാമൂഹിക തിന്മകളെക്കുറിച്ച് നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്.
ഈ ഒക്ടോ. 02ന് സ്വച്ഛഭാരത സൃഷ്ടിക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന്റെ മാസ്മരിക പ്രഭയില്‍ രാജ്യമെങ്ങും തിളങ്ങി നില്ക്കുമ്പോള് കോണ്‍ഗ്രസ് കക്ഷിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അതങ്ങനെതന്നെ ഉള്‍ക്കൊള്ളാനൊരു വൈക്ലബ്യം. അവര്‍ പേരൊക്കെ മാറ്റി അതേ പദ്ധതി നടപ്പില്‍ വരുത്തുകയാണ്. അവരുടെകൂടി ശ്രദ്ധയ്ക്ക് മഹാത്മജി ചൂണ്ടിക്കാട്ടിയ തിന്മകള് എന്തൊക്കെയാണെന്ന് നമുക്കു നോക്കാം: ആദര്‍ശരഹിതമായ രാഷ്ട്രീയം, അധ്വാനമില്ലാത്ത സമ്പാദ്യം, മനസ്സാക്ഷിയില്ലാത്ത സുഖലോലുപത, സ്വഭാവരൂപീകരണം സാധിക്കാത്ത വിദ്യാഭ്യാസം, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വരഹിതമായ ശാസ്ത്രം, ത്യാഗശൂന്യമായ ആരാധന. ആനന്ദശര്‍മ്മയുടെ പാര്‍ട്ടിയെക്കുറിച്ചാണ് മഹാത്മജി ഇതൊക്കെ പറഞ്ഞതെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികം മാത്രം.
സ്വന്തം വാര്‍ത്തയുടെ വിശ്വാസ്യതയ്ക്ക് തരിമ്പും വില കല്‍പ്പിക്കാതെ മുഖപ്രസംഗമെന്ന അഭിപ്രായം ഒരു പത്രം മുന്നോട്ടുവെക്കുമ്പോള്‍ അതിനെ ആനന്ദശര്‍മ്മയുടെ രാഷ്ട്രീയം എന്നു പറഞ്ഞാല്‍ അതൊരു പ്ലസ് പോയിന്റാവും. വി.എം. കൊറാത്ത് മാതൃഭൂമി വിട്ടശേഷം അതില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള മുഖപ്രസംഗം ഉണ്ടായിട്ടില്ല എന്ന് അനുഭവസമ്പന്നര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ഉത്തമദൃഷ്ടാന്തമാണ് ഒക്ടോ. 02ന് അവര്‍ നല്കിയ മുഖപ്രസംഗവും വാര്‍ത്തയും. നാലാം പേജിലെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇങ്ങനെ: യു.എസ്. പര്യടനം: മോദിക്ക് നേട്ടം, രാജ്യത്തിനോ? തൊട്ടടുത്ത പേജിലെ വാര്‍ത്താ തലക്കെട്ട്: നേട്ടങ്ങളുമായി പ്രധാനമന്ത്രി അമേരിക്കയില്‍ നിന്നെത്തി.
ഇനി എന്തൊക്കെയാണ് നേട്ടങ്ങളെന്ന് നക്ഷത്രചിഹ്നങ്ങള്‍ ഇട്ട് വാര്‍ത്തയില്‍ നിരത്തുന്നുണ്ട്. ഏഴ് പ്രധാനപ്പെട്ട നേട്ടങ്ങളെക്കുറിച്ച് അതില്‍ പറയുന്നു. മുഖപ്രസംഗമെഴുത്തുകാരന്‍ ഒന്നുകില്‍ അത് കണ്ടില്ല, രണ്ടുകില്‍ കിടക്കട്ടെ ബിജെപിക്ക് ഒരടി എന്ന രീതി സ്വീകരിച്ചു. മുഖപ്രസംഗം(ശരിക്കും അതൊരു അധികപ്രസംഗമെന്ന് മാതൃഭൂമിയുടെ നിത്യവായനക്കാരന്) അവസാനിപ്പിക്കും മുമ്പ് ഇങ്ങനെ പറയുന്നുണ്ട്: ചുരുക്കത്തില്‍, അമേരിക്കയുമായി വിയോജിപ്പുള്ള കാര്യങ്ങള്‍ പരവതാനിക്കടിയില്‍ തള്ളിയും യോജിപ്പുള്ള കാര്യങ്ങള്‍ ഉദ്ഘോഷിച്ചും തന്റെ അമേരിക്ക യാത്ര വിജയകരമായി പര്യവസാനിപ്പിക്കാന്‍ നരേന്ദ്രമോദിക്കു കഴിഞ്ഞു. പരവതാനിക്കടിയില്‍ എന്താണെന്ന് വാര്‍ത്തയില്‍ കൊടുത്തുകൂടായിരുന്നോ വിദ്വാന്മാരേ എന്നു ചോദിച്ചിട്ടെന്തു ഫലം. ഓറിയന്റേഷന്‍ കോഴ്സിന് ബന്ധപ്പെട്ടവരെ അയച്ചില്ലെങ്കിലുള്ള പ്രശ്നമാണിതെന്ന് ദയവായി തിരിച്ചറിയുക.
ഇതുമായൊന്നും നേരിട്ട് ബന്ധമില്ലെങ്കിലും ബന്ധപ്പെടുത്താവുന്ന രണ്ടുമൂന്നു വരി ഉദ്ധരിച്ചുകൊണ്ട് ഈ അധികാക്ഷരങ്ങള്ക്ക് സുല്ലിടുന്നു. ഇതാ: ഗാന്ധിജി വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബ്രിട്ടനിലെ രാജാവ് പ്രധാനമന്ത്രിയോട് ചോദിച്ചു- ”ഇയാളാണോ ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഭീഷണി ഉയര്‍ത്തിയ മനുഷ്യന്?” പ്രധാനമന്ത്രി പറഞ്ഞു-”അതെ, തിരുമനസ്സേ! എന്നാലോ, അദ്ദേഹത്തിന് സൈന്യമില്ല, ഖജനാവില്ല, ബ്രിട്ടനിലെ കാലാവസ്ഥ നേരിടാനാവാശ്യമായ വസ്ത്രങ്ങള്‍ പോലുമില്ല. എന്നിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിന് അദ്ദേഹം ഭീഷണി തന്നെയാണ്.” അല്പനേരം മൗനിയായിരുന്ന ശേഷം രാജാവ് പറഞ്ഞു: ”എങ്കില്‍ പ്രധാനമന്ത്രി, നമുക്ക് അദ്ദേഹത്തെ തോല്‍പ്പിക്കാനാവില്ല. അദ്ദേഹം അജയ്യനാണ്. ഇന്ത്യവിട്ട് തിരിച്ചുപോരുക… നമുക്ക് ഹിറ്റ്ലറെ തോല്‍പ്പിക്കാം. പക്ഷേ, ഈ അര്‍ദ്ധ നഗ്നനായ ഫക്കീറിനെയാവില്ല. അതൊരു സാംസ്കാരിക പ്രശ്നമാണ്.” ആ ഫക്കീറിന്റെ ജയന്തി നാളില്‍ മാതൃഭൂമി തന്നെ ഉജ്വലമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു: ഗാന്ധിജി ജീവിതത്തിലും മരണത്തിലും തോല്‍ക്കാതെ. ഹിന്ദുസ്താന്‍ ഹമാരാ പംക്തിയില്‍ എം.പി. അബ്ദുസ്സമദ് സമദാനിയുടെതാണ് രചന. അതില്‍ നിന്നാണ് മേല്‍ ഉദ്ധരണി. മാതൃഭൂമിയിലെ മുഖപ്രസംഗമെഴുത്തുകാരും പേനയുന്ത് തൊഴിലാളികളും ആയിരംവട്ടം അതൊന്നു വായിക്കട്ടെ. എങ്കില്‍ അരക്കഴഞ്ച് ആത്മാര്‍ത്ഥത, എഴുതുമ്പോള്‍ പേനത്തുമ്പിലേക്ക് കിനിഞ്ഞിറങ്ങും. അല്ലാതെ മറ്റൊരു ചികിത്സയും ആന്ധ്യം ബാധിച്ചവര്ക്കില്ല. അക്ഷര സാഗരതീരത്ത് കൈകൂപ്പി നില്ക്കുന്ന നിഷ്കളങ്ക ഹൃദയങ്ങള്‍ക്ക് ആശംസകളോടെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: