പീരുമേട് : വാഗമണ്‍ പോലീസ് സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യമില്ലാതെ ഉദ്യോഗസ്ഥര്‍ വീര്‍പ്പുമുട്ടുന്നു. എസ്.ഐ ഉള്‍പ്പെടെ 25-ല്‍പ്പരം പോലീസുകാരാണ് സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ബുദ്ധിമുട്ടുന്നത്.
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും ഇവിടെയില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. സൗകര്യങ്ങളൊരുക്കുമെന്ന് ത്രിതല പഞ്ചായത്തുകള്‍ നല്കിയ വാഗ്ദാനം കടലാസിലൊതുങ്ങി. ഡ്യൂട്ടിക്കു ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഇവിടെയില്ല. നിലവില്‍ സ്റ്റേഷനു സമീപമുള്ള പാചകമുറിയിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്.
പഞ്ചായത്ത് നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ശുദ്ധജലസൗകര്യമൊരുക്കാന് നടപടിയായിട്ടില്ല. ക്വാര്‍ട്ടേഴ്സ് സൗകര്യമില്ലാത്തതിനാല്‍ പോലീസുകാര്‍ വീടുകളില്‍ പോയിവരികയാണ്. വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ സേവനം ആവശ്യമുള്ളപ്പോള്‍ ഇവരെ പീരുമേട് സ്റ്റേഷനില്‍ നിന്നു വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉദ്ഘാടന സമയത്ത് വാഗമണ്ണില്‍ പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. വാഗമണ്‍ സിമി ക്യാമ്പ് നടന്ന പശ്ചാത്തലത്തിലാണ് ഇവിടെ പോലീസ് സ്റ്റേഷന് സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്.
പോലീസ് സ്റ്റേഷന് നിലവില്‍ വന്നതോടെ മൊട്ടക്കുന്നിലെയും വിവിധ പ്രദേശങ്ങളിലെയും സാമൂഹിക വിരുദ്ധ ശല്യം പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. വാഹനങ്ങളില്‍ എത്തുന്ന സാമൂഹിക വിരുദ്ധരുടെ ശല്യവും കുറവാണ്. മുമ്പ് മേഖലയില്‍ പതിവായിരുന്ന മോഷണപരമ്പരകള്ക്കും അറുതിയായി. വ്യാജമദ്യ നിര്‍മാണവും അടിപിടിയും ചീട്ടുകളിയും പതിവായിരുന്ന തോട്ടം മേഖലകളായ പുള്ളിക്കാനം, കോട്ടമല, വടക്കേപ്പുരട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ ജനജീവിതം സാധാരണഗതിയിലാണ്. മുമ്പ് മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഭീതിയോടെയാണ് മൊട്ടുക്കുന്നുകള് സന്ദര്ശിച്ചുമടങ്ങിയിരുന്നത്. എന്നാല്‍ പോലീസിന്റെ സേവനം ലഭിച്ചുതുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും നാട്ടുകാര്‍ പറയുന്നു. വൈകിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന് പ്രതീക്ഷയിലാണ് ഇവിടുത്തെ പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: