കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എല്‍എഫ്ഇഐ) സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് റവ. ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.വി. തോമസ് എം പി മുഖ്യപ്രഭാഷണം നടത്തും.
പുതിയ കോഴ്സുകളുടെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ജൂബിലി വിദ്യാഭ്യാസ സഹായനിധിയുടെ ഉദ്ഘാടനം പി. രാജീവ് എം.പിയും നിര്‍വഹിക്കും. കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന്, എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, ബംഗളൂരുവിലെ സ്കില്‍സ് ഫോര്‍ പ്രോഗ്രസിന്റെ (സ്കിപ്) ജനറല്‍ സെക്രട്ടറി ജോസഫ് സ്റ്റാന്‍ലി, പൂര്‍വവിദ്യാര്‍ഥികളുടെ പ്രതിനിധി ഷാജി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും. പ്രിന്‍സിപ്പലും ഡയറക്റ്ററുമായ ഫാ. ജോബി അശീതുപറമ്പില്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വിക്ടര്‍ മരക്കാശേരി നന്ദിയും പറയും.
വരാപ്പുഴ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ 1962ല്‍ കളമശേരിയില്‍ ആരംഭിച്ച ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പാണ് ബൃഹത്തായ പ്രസ്ഥാനമായി വളര്‍ന്നതെന്ന് ലിറ്റില്‍ ഫഌവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പലും ഡയറക്റ്ററുമായ ഫാ. ജോബി അശീതുപറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തു മികച്ച ടെക്നീഷ്യന്മാരെ വളര്‍ത്തിയെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുക എന്നതാണ് ജൂബിലി വര്‍ഷത്തില്‍ സ്ഥാപനം ലക്ഷ്യമിടുന്നത്.
രാജ്യത്തെ മുഴുവന്‍ ഐടിഐ ശൃംഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി 2011ല്‍ ബംഗളൂരുവിലെ സ്കില്‍സ് ഫോര്‍ പ്രോഗ്രസ് (സ്കിപ്) എല്എഫ്ഇഐയെ തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ ടെക്നിക്കല്‍ വൊക്കേഷണല്‍ ട്രെയ്നിങ് മേഖലയില്‍ മികവിന്റെ കേന്ദ്രമായും എല്‍എഫ്ഇഐ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സ്വകാര്യമേഖലാ ഐടിഐകളില്‍ മികവിന്റെ കേന്ദ്രം എന്ന ബഹുമതി ലഭിച്ച സ്ഥാപനമാണ് എല്‍എഫ്ഇഐ. വാര്‍ത്താസമ്മേളനത്തില്‍ അസി. ഡയറക്റ്റര്‍ ഫാ. ജോസഫ് രാജന് കിഴവന, വൈസ് പ്രിന്‍സിപ്പല്‍ വിക്ടര്‍ മരക്കാശേരി എന്നിവരും സബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: