കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തുന്ന 2014 പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു.
സംസ്ഥാനതലത്തില്‍ ആറ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന സ്കൂളിന് 50,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന രണ്ട് സ്കൂളുകള്‍ക്ക് 25,000 രൂപ വീതവും മൂന്നാംസ്ഥാനം നേടുന്ന മൂന്ന് സ്കൂളുകള്‍ക്ക് 15,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. കൂടാതെ മികച്ച നിലവാരം പുലര്‍ത്തുന്ന 20 സ്കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
പരിസ്ഥിതി ഊര്‍ജ സംരക്ഷണത്തിനായി സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിപാടികള്‍ വിലയിരുത്തിയാവും അവാര്‍ഡുകള്‍ നിര്‍ണയിക്കുക. മാലിന്യനിര്‍മാര്‍ജന സംസ്കരണ പരിപാടികള്‍, ഹരിതവല്‍ക്കരണം, മഴവെള്ള സംഭരണം, പച്ചക്കറികൃഷി, പൂന്തോട്ടനിര്‍മാണം, പരിസ്ഥിതിക്കിണങ്ങുന്ന സാധന സാമഗ്രികളുടെ നിര്‍മാണം, പരിസ്ഥിതി അനുബന്ധ ക്ലബുകളുടെ പ്രവര്‍ത്തനം, ഊര്‍ജ സംരക്ഷണ പരിപാടികള്‍, ഈ പദ്ധതികളിലെല്ലാമുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാവും അവാര്‍ഡ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ 30 ന് മുമ്പായി കോര്‍ഡിനേറ്റര്‍, വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജസംരക്ഷണ അവാര്‍ഡ് 2014, വണ്ടര്‍ലാ ഹോളിഡെയ്സ് ലിമിറ്റഡ്, കൊച്ചി-683565 എന്ന വിലാസത്തില്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: