കുട്ടനാട്: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പോളശല്യം രൂക്ഷം; കര്‍ഷകര്‍ പ്രതിസന്ധിയില്‍. മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായിട്ടും പാടശേഖരങ്ങളില്‍ നിന്നു പോള നീങ്ങിയില്ല. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്ക കാലത്തു ഭാഗികമായെങ്കിലും പോള കടലിലേക്ക് ഒഴുകി പോകുമായിരുന്നു. ഇക്കുറി ഒരു പാടശേഖരങ്ങളില്‍ നിന്നുപോലും പോള ഒഴുകിപ്പോയില്ല. രണ്ടാംകൃഷിയില്ലാതെ വെള്ളം നിറച്ചിട്ടിരുന്ന പാടശേഖരങ്ങളിലാണു പോള നിറഞ്ഞിട്ടുള്ളത്. പുഞ്ചക്കൃഷിക്കു വിത്തു വിതയ്ക്കാനായി പമ്പിങ് തുടങ്ങണമെങ്കില്‍ അതിനു മുന്‍പായി പോള നീക്കം ചെയ്യണം.
കര്‍ഷകര്‍ക്കു ഭീഷണിയായ പോള ജൈവവളത്തിനും കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പ്രയോജനപ്പെടുത്താമെന്നു കാര്‍ഷിക വിദഗ്ധര്‍ ഏറെക്കാലമായി പറയുന്നുണ്ടെങ്കിലും ഇതിനു ഫലപ്രദമായ പദ്ധതിയായിട്ടില്ല. കുട്ടനാട് പാക്കേജില്‍പ്പെടുത്തി നദിയിലെ പോള വാരാന്‍ പദ്ധതി തയാറാക്കിയപ്പോള്‍ പോള വാരാന്‍ ആധുനിക യന്ത്രം ഉപയോഗിക്കണമെന്നും ജൈവവളമായി സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒഴുക്കുണ്ടായപ്പോള്‍ തള്ളിക്കളഞ്ഞതല്ലാതെ പദ്ധതിയിലെ നിര്‍ദേശം നടപ്പായില്ല.
ഒരേക്കറിലെ പോള വാരണമെങ്കില്‍ കുറഞ്ഞതു 15,000- 20,000 രൂപ തൊഴിലാളികള്‍ക്കു കൂലി നല്കേണ്ടിവരുമെന്നു കര്‍ഷകര്‍ പറയുന്നു. പാട്ടത്തുകയും പോള വാരുന്നതിനുണ്ടായ ചെലവും ഉള്‍പ്പെടെ കൃഷിചെലവ് 45,000-50,000 രൂപയാകും. മെച്ചപ്പെട്ട വിളവാണെങ്കില്‍ പോലും 47,500 രൂപയ്ക്കുള്ള നെല്ല് മാത്രമെ ലഭിക്കുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി വന്നഷ്ടത്തില് കലാശിക്കാന്‍ പോള കാരണമാകുകയും ചെയ്യും. പോള നദിയിലേക്ക് ഒഴുക്കിവിടാന്‍ കഴിയാത്തതിനാല്‍ പാടശേഖരത്തു തന്നെ കൂട്ടിവയ്ക്കണം.
അതിനായി ഓരോ ഏക്കറിലും 10 സെന്റ് സഥലം വീതം നഷ്ടപ്പെടും. ഇത്രയും സ്ഥലത്തു വിത്തു വിതയ്ക്കാനോ ഞാറ് നടാനോ കഴിയാതെവരുന്നതിനാല്‍ ഉല്‍പ്പാദനം കുറയാന്‍ അതും കാരണമാകുമെന്നും കര്‍ഷകര്‍ പറയുന്നു. വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കടന്നുപോകാന്‍ ബൂദ്ധിമുട്ടായതിനാല് പോള നദിയിലേക്ക് ഒഴുക്കി വിടുന്നതിനെ നാട്ടുകാര്‍ എതിര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: