ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളിലും മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും മറ്റും സമയബന്ധിതമായി പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കും. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള ടോയ്ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണു തീരുമാനം.
ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്ററാണു പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. കൂടുതല്‍ ഗതാഗതമുള്ള നിരത്തുകള്ക്കരികിലുള്ളതും യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതുമായ സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുക. പ്രധാന നിരത്തുകളോടു ചേര്‍ന്നുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം, വിവിധ വകുപ്പുകളുടെ സ്ഥലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കായംകുളത്തെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്, ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ്, കലവൂരിലെ കെഎസ്ഡിപി, റസ്റ്റ് ഹൗസുകള്‍, ഡിടിപിസിയുടെ അമിനിറ്റി സെന്റര്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കുന്നുണ്ട്.
സ്കൂളുകളിലെ നിലവിലുള്ള ശൗചാലയങ്ങളുടെ പട്ടികയും സ്ഥിതിയും എവിടെയെല്ലാം അവ ആവശ്യമുണ്ടെന്ന വിവരവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യും. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണു ലക്ഷ്യം. വിദ്യാര്‍ഥിനികള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുന്ന ടോയ്ലറ്റുകള് നിര്‍മ്മിക്കുന്നതിനു പ്രാധാന്യം നല്‍കും. ക്ലീന്‍ ക്യാമ്പസ്-ക്വാളിറ്റി എജ്യൂക്കേഷന്‍ പരിപാടികള്‍ക്കായി വിദ്യാഭ്യാസ-ഉപജില്ലാ ഓഫീസര്‍മാരുടെയും പിടിഎ പ്രതിനിധികളുടെയും പ്രത്യേകയോഗം നടത്തും.
പാര്‍ലമെന്റംഗങ്ങളുടെയും എംഎല്‍എമാരുടെയും പ്രാദേശികവികസനനിധി, ത്രിതലപഞ്ചായത്തുകളുടെ ഫണ്ട് എന്നിവ ഇതിനു വേണ്ടി ഉപയുക്തമാക്കുന്നതിനും നടപടി ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം ഫണ്ടു ലഭിക്കാന്‍ പരിശ്രമിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം പദ്ധതിക്കായി വിളിച്ചു ചേര്‍ക്കുമെന്ന് കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന നിരക്കില്‍ പേ ആന്‍ഡ് യൂസ് ടോയ്ലറ്റുകള് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: