ഹരിപ്പാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് കെട്ടിടവും ട്രഷറി ഭണ്ഡാരവും പൊളിച്ചുനീക്കി റവന്യു ടവര്‍ നിര്‍മ്മിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഹരിപ്പാട് താലൂക്ക് ഓഫീസും ട്രഷറി ഭണ്ഡാരവും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടം രാജഭരണത്തിന്റെ അവശേഷിക്കുന്ന ചരിത്ര സ്മാരകമാണ്. കെട്ടിടം പുരാവസ്തുവകുപ്പിന് കൈമാറി ചരിത്രവസ്തുക്കള്ക്കൊപ്പം സംരക്ഷിക്കണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രവുമായി ബന്ധമുള്ള ട്രഷറിയും താലൂക്ക് ഓഫീസ് കെട്ടിടവും ഒരു ജനതയുടെ വിശ്വാസത്തിന്റെ തിരുശേഷിപ്പാണെന്നും ഇത് പൊളിച്ചുനീക്കി ചരിത്രവിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സ്ഥിതിചെയ്ത സര് സി.പി. രാമസ്വാമി അയ്യരുടെ കെട്ടിടവും ഗാന്ധിജി വിശ്രമിച്ചുവെന്ന് കരുതപ്പെടുന്നതുമായ ഹരിപ്പാട് നെല്പ്പുരകടവിന് സമീപമുള്ള കെട്ടിടവും അടുത്തസമയത്തായി പൊളിച്ചുനീക്കപ്പെട്ടിട്ടുണ്ട്. ഇത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ഇതിനെതിരെ പുരാവസ്തുഗവേഷണവകുപ്പിന് ഹിന്ദു ഐക്യവേദി പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. ചിത്രാംഗദന്‍, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് പി.ശിവദാസ്, താലൂക്ക് കാര്യവാഹ് ജിതേഷ്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി രാജേഷ് പുളിയനേത്ത്, വി.കെ. ശശീന്ദ്രന്, ചിത്രാലയം പ്രഭാകരന്‍പിള്ള എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: