കുട്ടനാട്: കൈനകരിയില്‍ ആര്‍എസ്എസ് നേതാക്കളുടെ വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധ സംഘം കത്തിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മിലെ ഒരുവിഭാഗമെന്ന് സംശയം. കൈനകരി മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കൈനകരി തെക്കുംകൂര്‍ വീട്ടില്‍ മുരളീധരപ്പണിക്കരുടെ ഓട്ടോറിക്ഷയും, കുട്ടനാട് താലൂക്ക് പ്രചാരക് പ്രവീണിന്റെ ബൈക്കുമാണ് ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെ കത്തിച്ചത്.
വിജയദശമി ദിനമായ തിങ്കളാഴ്ച ആര്‍എസ്എസ് കൈനകരി, നെടുമുടി മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ കൈനകരിയില്‍ പഥസഞ്ചലനം നടന്നിരുന്നു. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കൈനകരിയില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഗണവേഷമണിഞ്ഞ് പഥസഞ്ചലനത്തില്‍ പങ്കെടുത്തത്. ഇതില്‍ വിറളിപൂണ്ടാവാം രാത്രിയുടെ മറവില്‍ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് സംശയിക്കുന്നു.
കൈനകരിയിലെ പല പ്രദേശങ്ങളിലും സിപിഎമ്മുകാ ര്‍ കൂട്ടത്തോടെ ആര്‍എസ്എസിലും ബിജെപിയും അണിചേരുകയാണ്. കൊഴിഞ്ഞുപോക്ക് തടയാന്‍ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. കുട്ടനാട് താലൂക്ക് പ്രചാരകന്റേതടക്കമുള്ള വാഹനങ്ങള്‍ കത്തിച്ചത് ആര്‍എസ്എസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് താലൂക്ക് കാര്യകാരി പ്രസ്താവിച്ചു.
വാഹനം കത്തിക്കാന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന പത്രക്കടലാസുകള്‍ നെടുമുടി പോലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. വാഹനങ്ങള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ കൈനകരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കൈനകരിയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: