തൊട്ടതെല്ലാം പൊന്നാക്കിയ അനുഗൃഹീത കലാകാരനാണ് ഗണേശ് സുന്ദരം. പാരമ്പര്യമായി ലഭിച്ച സംഗീതാഭിരുചി കൈവിടാതെ സൂക്ഷിച്ചാണ് ഗണേശ് പിന്നണി ഗാനരംഗത്തേക്കെത്തിയത്. സര്‍ക്കാര്‍ ജോലി തിരഞ്ഞെടുക്കണമെന്ന ആഗ്രഹം പിന്നീട് സംഗീതത്തിന് വഴിമാറി. അങ്ങനെ പാട്ടുകാരനായി. വളരെ കുറച്ച് സിനിമയിലേ പാടിയിട്ടുള്ളൂവെങ്കിലും അതെല്ലാം വമ്പന്‍ ഹിറ്റുകളാണ്. ലാല്‍ജോസ് ചിത്രം വിക്രമാദിത്യന്, ബിജുമേനോന്റെ വെള്ളിമൂങ്ങ എന്നിവയാണ് ഗണേശിന്റെ പുതിയ സിനിമകള്‍. ചിത്രത്തിലെ ഗാനങ്ങള്‍ കേരളം ഏറ്റുപാടിയ സന്തോഷത്തിലാണ് ഈ യുവഗായകന്. ഗണേശ് സുന്ദരത്തിന്റെ സംഗീതവഴിയിലെ വിശേഷങ്ങളിലേക്ക്….
ലക്ഷ്യം തെറ്റിയുള്ള യാത്ര…
പിന്നണിഗാനരംഗത്തേക്ക് വരണമെന്ന ലക്ഷ്യമൊന്നും ഇല്ലായിരുന്നു ഗണേശിന്. ഡിഗ്രിയെടുക്കണം, സര്‍ക്കാര്‍ ജോലി നേടണം, സമ്പാദിക്കണം അതായിരുന്നു തീരുമാനം. കുട്ടിക്കാലത്ത് സ്കൂളിലും, കോളേജിലുമൊക്കെ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്ന ഗണേശ് ഡിഗ്രി കാലയളവിലാണ് പാട്ടിനെ ഗൗരവമായി എടുത്തത്. അന്നുതന്നെ ഗായകനെന്ന വിശേഷണം വീണുകിട്ടി. സൗഹൃദമാണ് സിനിമാ മേഖലയിലേക്ക് എത്തിച്ചത്. 2002-ല്‍ പുറത്തിറങ്ങിയ കായംകുളം കണാരന് എന്ന സിനിമയലേക്കുള്ള അവസരം ലഭിച്ചതും പരിചയത്തിന്റെ പുറത്താണ്. സിനിമ അത്ര വിജയിച്ചില്ലെങ്കിലും പാട്ട് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് നല്ല അവസരങ്ങള്‍ തേടിയെത്തി. മിന്നാമിന്നിക്കൂട്ടം, വയലിന്, വെനീസിലെ വ്യാപാരി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പറങ്കിമല അങ്ങനെ നിരവധി സിനിമകള്‍. സിബി മലയിലിന്റെ വയലിന് എന്ന ചിത്രത്തിലെ ഹിമകണം അലിയും… എന്ന ഗാനമാണ് ഗണേശിനെ പ്രശസ്തനാക്കിയത്. ബിജിപാലിന്റേതായിരുന്നു സംഗീതം. ബിജിയുമായുള്ള സൗഹൃദമാണ് ഗണേശിനെ വയലിനിലേക്ക് എത്തിച്ചത്.
ഭക്തിയുടെ ലോകം…
ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിന് മുമ്പ് ഭക്തിഗാനങ്ങളുടെ ലോകത്തായിരുന്നു ഗണേശ്. 4000ത്തോളം ഭക്തിഗാനങ്ങള്‍ ഈ ഗായകന്റെ ശബ്ദത്തിലുണ്ട്. വിവിധ ഭാഷകളിലാണിത്. കൂടാതെ ആയിരത്തോളം ആല്‍ബങ്ങള്‍. അവയില്‍ എല്ലാത്തരം ഗാനങ്ങളും ഉണ്ട്. പ്രണയം, വിരഹം, സൗഹൃദം. അങ്ങനെ എല്ലാം. ഇതൊക്കെ നല്ല അനുഭവങ്ങളാണെന്നാണ് ഗണേശിന്റെ പക്ഷം. കാല്‍നൂറ്റാണ്ടിനു മുമ്പ് ഗാനമേളകളില്‍ പാടിയ സമയമുണ്ടായിരുന്നു. അക്കാലത്ത് സര്‍വ്വകലാശാലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. പിന്നെ ഭക്തിഗാനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. 1999ല്‍ പുറത്തിറങ്ങിയ ഗുരുപൂജ എന്ന ഭക്തിഗാനമാണ് വഴിത്തിരിവായത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
അവസരങ്ങള്‍ തേടിയെത്തുമ്പോള്‍…
കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കുമെന്ന അഭിപ്രായക്കാരനാണ് ഗണേശ്. റിയാലിറ്റിഷോയില്‍ നിന്ന് നല്ല ഗായകര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. തന്നേപ്പോലുള്ളവര്‍ ഗായകരായി മാറിയത് ഘട്ടം ഘട്ടമായാണ്. റിയാലിറ്റി ഷോകളില്‍നിന്നു വരുന്നവര്‍ക്ക് എത്രത്തോളം അവരുടെ കഴിവ് തെളിയിക്കാന്‍ പറ്റുന്നുണ്ടെന്ന് അറിയില്ല. ലൈംലൈറ്റില്‍ പ്രതിഭ തെളിയിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ താനുള്‍പ്പെടെയുള്ള പല ഗായകരുടെയും ഉയര്‍ച്ച സ്വാഭാവികമായിരുന്നു. ദൈവാനുഗ്രഹം കൊണ്ടു ലഭിച്ച ശബ്ദം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് തേച്ചു മിനുക്കിയെടുത്താണ് ഈ നിലയിലെത്തിയത്.
അംഗീകാരങ്ങളും അവഗണനയും
അംഗീകാരങ്ങളാണ് ഒരു കലാകാരനെ വളര്‍ത്തുന്നത്. സംസ്ഥാന അവാര്‍ഡോ, ദേശീയ അവാര്‍ഡോ ഒന്നുമല്ല ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും മഹത്തരം. ഭക്തിഗാനമായാലും സിനിമാഗാനമായാലും ജനങ്ങള്‍ സ്വീകരിക്കണം. നൂറോളം നാടകഗാനങ്ങള്‍ പാടിയിട്ടുണ്ട് ഗണേശ്. 2006ല്‍ നാടകഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അംഗീകാരങ്ങള്‍ക്കൊപ്പം അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ പേരെടുത്ത് പറയാന്‍ മടിക്കുന്നു. പാട്ടിന് പിറകില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരുടെയും കാര്യങ്ങള്‍ പറയും പക്ഷെ പാടിയതാരെന്ന് മാത്രം പറയില്ല. ആ ഗാനം പാടിയത് താനാണെന്ന് പറയേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് ഗണേശ് പറയുന്നു.
മായാത്ത സംഗീത ഓര്‍മ്മകള്‍…
ഭാഗ്യം ചെയ്ത ഗായകനാണ് ഗണേശ്. രവീന്ദ്രന്മാഷ്, അര്ജ്ജുനന് മാസ്റ്റര്‍, വിദ്യാധരന് മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല ഈ യുവഗായകന്. ദക്ഷിണാമൂര്‍ത്തി സ്വാമിയുമായി ഒരുവേദിയില്‍ ഒരുമിച്ച് പാടാനും അവസരം ലഭിച്ചിട്ടുണ്ട്. സുന്ദരം എന്നാണ് സ്വാമി ഗണേശിനെ വിളിച്ചിരുന്നത്. സംഗീതത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഇവരുടെയൊക്കെ അനുഗ്രഹത്താലാണെന്ന് ഗണേശ് പറയുന്നു.
അവസരം നിഷേധിക്കപ്പെടുന്ന മലയാളി ഗായകര്‍…
നിഷേധിക്കപ്പെടലുകള്‍ എല്ലാ മേഖലകളിലും ഉണ്ട്. മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗായകര്‍ മലയാളത്തെ നന്നായി ഉപയോഗിക്കുന്നുണ്ട്. നീതി പുലര്‍ത്തുന്നുണ്ട്. ശ്രേയാ ഘോഷാല്‍ ഒഴിച്ച് മറ്റൊരു അന്യസംസ്ഥാന ഗായകരും മലയാള ഭാഷയോട് നീതി പുലര്‍ത്തുന്നില്ലെന്നതാണ് സത്യം. ഏതാണ്ട് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നു പറയുന്നതു പോലെ. മലയാളികള്‍ മറ്റ് ഭാഷകളില്‍ പാടിയില്‍ കുറ്റപ്പെടുത്താനും കളിയാക്കാനും പലരും ഉണ്ടാകും. എന്നാല്‍ മലയാളത്തെ അവഹേളിക്കുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന ഒരു പരിഭവവും ഗണേശിനുണ്ട്.
കുടുംബം...
തൃപ്പൂണിത്തുറ പാവംകുളങ്ങരയിലാണ് ഗണേശിന്റെ കുടുംബം. ഭാര്യ സ്മിത, ഗ്രാഫിക് ഡിസൈനറാണ്. മക്കള്‍ ശങ്കര്‍, ശ്രീധര്‍.
ഗണേശിന്റേതായി ഇനി വരാനിരിക്കുന്നത് ഒരുപിടി നല്ല ഗാനങ്ങളാണ്. ഇതിനിടെ സംഗീത പഠനവും തുടരുന്നു. ഉദ്ഘാടനങ്ങള്‍, മറ്റ് പരിപാടികള്‍ തിരക്കുള്ള ഗായകനായി മാറുകയാണ് ഗണേശ്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണം. ജനങ്ങള്‍ തിരിച്ചറിയണം. ഇത്തരം ചെറിയ ചെറിയ സ്വപ്നങ്ങള്‍ മാത്രമാണ് ഈ ഗായകനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: