ആലപ്പുഴ: അരൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള 20 റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ മാറ്റി ശുചിത്വ-സുന്ദരമാക്കാന്‍ വിപുലമായ പരിപാടി നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം.
റെയില്‍വേ സ്റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും കുടിവെള്ളം, ശൗചാലയം അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തദ്ദേശസ്വയംഭരണ സാരഥികളെയും ജനപ്രതിനിധികളെയും സന്നദ്ധസംഘടനകളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഒരോ സ്റ്റേഷനിലും ശുചിത്വ ഉപദേശക സമിതി രൂപീകരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സന്നദ്ധ സംഘടനകള്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ രണ്ടു മുതല്‍ ഒമ്പതുവരെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ശുചീകരിക്കും. ഒരു മാസത്തിനുള്ളില്‍ സ്റ്റേഷനുകള്‍ പെയിന്റടിച്ച് മനോഹരമാക്കും. തുടര്‍ന്ന് സ്ഥിരമായി ശുചീകരണം നടത്താനുള്ള സംവിധാനമൊരുക്കും. രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചിത്വവാരാചരണത്തിന്റെ ഉദ്ഘാടനം നടക്കും.
ഓരോ സ്റ്റേഷനും നിരന്തര ശുചീകരണത്തിനുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കാനും സ്റ്റേഷനുകളില്‍ തകരാറായി കിടക്കുന്ന ലൈറ്റുകള്‍ ഉടന്‍ നന്നാക്കാനും യോഗത്തില്‍ പങ്കെടുത്ത കെ.സി. വേണുഗോപാല്‍ എംപി നിര്‍ദേശം നല്കി. സ്റ്റേഷനുകളിലെ ശൗചാലയങ്ങള്‍ അടച്ചിട്ടിട്ടുണ്ടെങ്കില് തുറക്കാന്‍ നിര്‍ദേശിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ള പൈപ്പുകളുടെയും ശൗചാലയങ്ങളുടെയും തകരാര്‍ പരിഹരിക്കും.
വിവിധ ദിവസങ്ങളിലായി 50 റെയില്‍വേ ജീവനക്കാരും 50 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും 50 എന്‍എസ്എസ് വോളന്റിയര്‍മാരും 100 എന്‍സിസി കേഡറ്റുകളും ചേര്‍ന്നാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിക്കുക. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും പരിസരവും വൃത്തിയാക്കാനുള്ള പരിപാടി തയാറാക്കാന്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് എംപി നിര്‍ദേശം നല്കി.
കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, ചേര്‍ത്തല നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, റെയില്‍വേ ഡിവിഷണല്‍ ഓപ്പറേഷന് മാനേജര്‍ പി.എല്‍. അശോക് കുമാര്‍, ആര്‍ഡിഒ: റ്റി.ആര്. ആസാദ്, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ്, ഡിവൈഎസ്പിമാരായ പി.ഡി. രാധാകൃഷ്ണപിള്ള, എ. ഷാജഹാന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് അസോസിയേറ്റ് കെ.കെ. മോഹനന്, അസിസ്റ്റന്റ് കമാന്‍ഡന്റ് ഐവാന്‍ രത്തിനം, റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ എം. മാരിയപ്പന്, ഡിടിഒ: എസ്. ശങ്കരപ്പിള്ള, തഹസില്‍ദാര്‍മാരായ എസ്. സന്തോഷ്കുമാര്‍, പി.വി. സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: