ആലപ്പുഴ: തുലാമാസം അവസാനത്തോടെ പുഞ്ചക്കൃഷി ഇറക്കാനിരിക്കെ കര്‍ഷകര്‍ പതിവുപോലെ വിത്തിനായി നെട്ടോട്ടം തുടങ്ങി. സംസ്ഥാന സീഡ് അതോറിറ്റി, നാഷണല്‍ സീഡ് കോര്പറേഷന്, കര്‍ണാടക സീഡ് കോര്പറേഷന് എന്നിവിടങ്ങളില്‍ നിന്നായിരുന്നു മുമ്പ് കര്‍ഷകര്‍ വിത്ത് ശേഖരിച്ചിരുന്നത്.
പഞ്ചായത്തിന്റേയും കൃഷിവകുപ്പിന്റേയും സബ്സിഡി തുക കഴിച്ചുള്ള തുക കെട്ടിയാല്‍ സബ്സിഡിയോടെ ഏക്കറിന് 40 കിലോ വിത്ത് എന്ന നിലയിലായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്തുകള്‍ വിത്തിനുള്ള സബ്സിഡി നല്കാന് തയ്യാറാകുന്നില്ല.
കൂടാതെ കൃഷിവകുപ്പ് ഏക്കറിന് 1,800 രൂപ എന്ന നിലയില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനും തീരുമാനിച്ചതോടെ സീഡ് കോര്‍പറേഷനുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് വിത്ത് ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 38 രൂപ ക്രമത്തില്‍ തുക കര്‍ഷകര്‍ മുന്‍കൂര്‍ അടയക്കേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ സീസണില്‍ സീഡ് കോര്‍പറേഷനുകളില്‍ നിന്നും വിത്ത് ശേഖരിച്ച വിത്ത് കിളിര്‍ക്കാതെ വന്നതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടി വന്നു. ചില കര്‍ഷകര്‍ക്ക് പുതിയ വിത്ത് ലഭിച്ചെങ്കിലും ഏറെ വൈകിയിരുന്നു. ഇത്തവണ സീഡ് കോര്‍പറേഷനില്‍ നിന്ന് വിത്ത് വാങ്ങണമെങ്കില്‍ ക്വിന്റലിന് 3,800 രൂപ ക്രമത്തില്‍ മുന്‍കൂര്‍ അടയ്ക്കണം. മുഴുവന്‍ തുകയും നല്കി വാങ്ങുന്ന വിത്ത് കിളിര്‍ക്കാതെ വന്നാലെന്ത് ചെയ്യുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്ക്.
സംസ്ഥാന സീഡ് അതോറിറ്റി കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് മുന്‍കൂര്‍ പണം വാങ്ങാതെ നല്കിയാല് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും.എന്നാല്‍ രണ്ടാംകൃഷി ചെയ്ത കര്‍ഷകരില്‍ നിന്നും നെല്ല് നേരിട്ട് വിലയ്ക്ക് വാങ്ങി ഉണക്കി ഈര്‍പ്പ രഹിതമാക്കിയാല്‍ ക്വിന്റലിന് 2500 രൂപയില്‍ കൂടുതലാകില്ലെന്നും അതാണ് ഗുണകരമെന്നും പല പാടശേഖര സമിതികളും കര്‍ഷകരും ആഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: