ഗുരു അജ്ഞാനമാകുന്ന അന്ധകാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ പ്രകാശമാകുന്ന ശ്രികോവിലിലേക്ക് ആനയിക്കുന്ന മഹായോഗി. ആ ഗുരുവിനെ ഭാവനോപനിഷത്തില്‍ വര്‍ണിക്കുന്നത് ‘ശ്രീഗുരുഃസര്വ്വകാരണഭൂതാ ശക്തിഃ’ എന്നത്രെ. ആ ഗുരുവിനെ അല്ലെങ്കില്‍ ശക്തിയെ ഉപാസിക്കുന്ന ഒമ്പത് ഇരവ് പകലുകള്‍. ആ ദിനങ്ങളെ നാം ഇപ്പോള്‍ നവരാത്രി എന്ന് വിളിക്കുന്നു. എന്നാല്‍ പ്രാചീനകാലത്ത് രാത്രിയെന്നല്ല രാത്രം എന്നായിരുന്നു പറഞ്ഞിരുന്നത്. രാത്രം എന്നാല്‍ ജ്ഞാനം. അറിവിന്റെ ഉത്സവമായതിനാല്‍ രാത്രികാലങ്ങളില്‍ സംഗീത നൃത്ത വാദ്യകലകളാല് മുഖരിതമായതോടെയാവാം രാത്രമെന്നത് രാത്രിയായി പരിണമിച്ചത്. അതെന്തായാലും ഒമ്പത് അറിവുകളുടെ സംഗമമാണ് നവരാത്രി. ജ്യോതിഷം, സംഗീതം, നൃത്തം, വൈദ്യം, ശില്പനിര്മാണം തുടങ്ങി സകല വിദ്യകളും കൂടിച്ചേരുകയാണിവിടെ.
പ്രപഞ്ചവും ശരീരവും ഒന്നുതന്നെയാണെന്ന അതിമഹത്തായ ദര്‍ശനത്തിലേക്കാണ് ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഏത് കൈവഴിയിലൂടെ പോയാലും ഒടുവില്‍ ഒഴുകിച്ചെന്നു ലയിച്ചുചേരുന്നത് ഒന്നിലേക്കെന്ന് സിദ്ധാന്തങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തു ഭാരതം. എന്റെ മാര്‍ഗ്ഗം മാത്രം ശരിയെന്നു ശഠിക്കുവാനല്ല പകരം നിന്നിലെ നന്മയും കൂടി ഞാന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് വിളിച്ചുപറഞ്ഞു. ഭൗതികവാദികള്‍ നിഷേധിച്ചാലും ഭൗതികതയ്ക്കപ്പുറമുള്ള എന്തോ ഒന്നിനെ തേടലാണ് നമ്മള് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് നാം കല്പിച്ചിരിക്കുന്ന പേര് എന്തുതന്നെയും ആയിക്കൊള്ളട്ടെ അതിന്റെ അന്തസത്ത ഒന്നുതന്നെ. ആ തത്വവും ഒന്നുതന്നെ. അതാണ് നാനാത്വത്തില്‍ ഏകത്വം.
ഭാരതത്തിലെന്നപോലെ വൈവിധ്യങ്ങളായ ആഘോഷങ്ങളും ആചാരങ്ങളും കൊണ്ടാടുന്ന മറ്റൊരു രാഷ്ട്രമുണ്ടോ? ചിലപ്പോള്‍ ആ ആഘോഷം ഒരു ദിനമാവാം, ദിവസങ്ങളോളം ആകാം. ആരാധനാ, ഉപാസനാ രീതികളിലും വ്യത്യാസം ഉണ്ടായേക്കാം. ഏതൊരിടത്തേയും ജീവിതരീതിയുമായി ബന്ധപ്പെട്ടാണ് ആഘോഷങ്ങളും. ഇതിന്റെ ആന്തരാര്‍ത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മനസ്സിലാകുന്നത് ആഘോഷങ്ങളോരോന്നും ആത്മസംത്യപ്തിയിലേക്കുള്ള പാതയാണ് തുറന്നുതരുന്നതെന്നാണ്. പക്ഷേ പാതിവഴിയെത്തിയശേഷം തിരിച്ചുനടക്കുകയല്ലെ നമ്മള് ചെയ്യന്നത്, ലക്ഷ്യം നേടാതെ.
ആത്മവിദ്യകണ്ടെത്തുന്നതിനും പ്രകാശിപ്പിക്കുന്നതിനുമുള്ള ദിനങ്ങളാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. സമസ്ത മേഖലകളിലും വിജയം വരിക്കണമെന്നാഗ്രഹിക്കുന്നവരുടെ നിഷ്ഠയോടെയുള്ള പ്രാര്‍ത്ഥനയാണ് നവരാത്രിയുടെ പ്രത്യേകത. നവം എന്നാല്‍ ഒമ്പത്. ഈ ഒമ്പതിന്റേയും രാത്രിയെന്നതിന്റേയും ഉള്ളില്‍ എന്തെങ്കിലും രഹസ്യം മറഞ്ഞിരിക്കുന്നുണ്ടോ?. പൂജ്യത്തില്‍ നിന്നും പൂജിക്കപ്പെടേണ്ട അവസ്ഥയിലേക്കുള്ള പ്രയാണമാണ് ഈ ഒമ്പത് ദിവസങ്ങളില്‍ നടക്കുന്നത്. ശൂന്യത്തില് തുടങ്ങി ഒന്ന്, ഒന്നിനോട് ഒന്നു ചേര്‍ന്നാല്‍ രണ്ട് അതങ്ങനെ കൂടി കൂടി ഒമ്പതിലെത്തുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുവരുന്ന സംഖ്യകള്‍ മറ്റുസംഖ്യകള് ചേര്ത്തുണ്ടാകുകയും ചെയ്യുന്നു. ഈ സംഖ്യകള്‍ക്ക് ഭാരത ദര്‍ശനത്തില്‍ മഹത്തായ സ്ഥാനമാണുള്ളത്,പ്രത്യേകിച്ചും ഒമ്പതെന്ന സംഖ്യക്ക്. പൂജ്യമെന്നാല്‍ ശിവനും ഒമ്പതെന്നാല്‍ പൂര്ണശക്തിയുമാണ്.
1×9=9
2×9=18
3×9=27
4×9=36
5×9=45
6×9=54
7×9=63
8×9=72
9×9=81
10×9=90
ഒമ്പതിന്റെ ഈ ഗുണനപ്പട്ടികയെ താഴെ നിന്നും വലതുഭാഗത്തുനിന്നുള്ള സംഖ്യതൊട്ട് എണ്ണുമ്പോള്‍ പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ കിട്ടും. 9 മുതല്‍ 90 വരെയും കൂട്ടിക്കിട്ടമ്പോള് കിട്ടുന്ന സംഖ്യയാണ് 495. ഈ സംഖ്യയെ വീണ്ടും കൂട്ടുമ്പോള്‍ 18 എന്നും കിട്ടും. ഇത് വീണ്ടും കൂട്ടുമ്പോള്‍ 1+8=9. ഒമ്പതിന്റെ പൂര്‍ണതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭാരതീയര്‍ പൂജ്യം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്ത് ശാസ്ത്രീയമായ ഒരു കണ്ടുപിടുത്തവും സാധ്യമല്ലായിരുന്നു എന്ന് പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. അതിനാല്‍ നാം ഭാരതീയരോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അടിസ്ഥാന ഊര്‍ജ്ജമെന്നത് പൂജ്യത്തില്‍ നിന്നുമാണ് കിട്ടുന്നത്.
മനുഷ്യന്റെ ഉള്ളില്‍ത്തന്നെയാണ് ശക്തി സ്ഥിതിചെയ്യുന്നത്. ഈ ശക്തിക്കും ഒമ്പത് ഭാവങ്ങളാണുള്ളത്. കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്നിങ്ങനെ ഒമ്പത് ശക്തികളെയാണ് ആരാധിക്കുന്നത്. കൂടാതെ പ്രപഞ്ചത്തില്‍ നേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്ത ഒമ്പത് ഗ്രഹങ്ങള്‍. ഈ നവഗ്രഹങ്ങളും നമ്മുടെ ശരീരത്തില്‍ത്തന്നെ വര്‍ത്തിക്കുന്നുവെന്ന് ദേവീഭാഗവതത്തിലും പറയുന്നു. പ്രപഞ്ചത്തെ മനോജ്ഞമാക്കുന്നതില് പങ്കുവഹിക്കുന്നത് ഏഴ് വര്ണങ്ങള്മാത്രമല്ല. ദൃഷ്ടിഗോചരമല്ലാത്ത രണ്ട് വര്ണങ്ങള്ക്കൂടി പ്രകൃതിയിലുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
അനുഷ്ഠാനകര്‍മങ്ങള്‍ക്കും ഹോമാദികള്‍ക്കുമായി ഉപയോഗിക്കുന്ന നവധാന്യങ്ങള്‍ ഓരോന്നും ഓരോ ഇഷ്ടദേവതയുടെ (നെല്ല്-ചന്ദ്രന്, ഗോതമ്പ്-സൂര്യന്, തുവര-ചൊവ്വ, പയര്‍-ബുധന്‍, കടല-വ്യാഴം, അമര-ശുക്രന്, എള്ള്-ശനി, മുതിര-കേതു, ഉഴുന്ന്-രാഹു) പ്രതീകമായിട്ടാണ് സങ്കല്‍പ്പിക്കുന്നതും.
നവരാത്രിയുടെ പ്രത്യേകതയും ഇത്തരത്തിലുള്ള പല ഒമ്പതുകളുടെ കൂടിച്ചേരലാണെന്നും പറയാം. ഈ ഒമ്പത് ദിനങ്ങളിലും ആരാധിക്കുന്നത് ശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ്. ദേവി ഉപാസന ഭാരതത്തില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. സ്ത്രീയെയാണ് ശക്തിയോട് ഉപമിക്കുന്നതും. ശക്തിസ്വരൂപിണി എന്നാണ് പറയുന്നതുപോലും. ദുര്‍ഗ്ഗയായും കാളിയായും വിവിധ ദേശങ്ങളിലെ ജനങ്ങള്‍ ഉപാസിക്കുന്നതും ആ ശക്തിയെത്തന്നെ. ഒമ്പത് രൂപത്തില്‍ ശരീരത്തില്‍ ശക്തി സ്ഥിതിചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഈ ശക്തിയെ അനുഭവിക്കണമെങ്കില്‍ അതിനനുസരിച്ച് ശരീരവും മനസ്സും സജ്ജമാക്കേണ്ടതുണ്ട്. നവദ്വാരങ്ങള്‍ തന്നെയാണ് ഗുരുക്കളായ നവനാഥന്മാരായും വര്‍ത്തിക്കുന്നത്.
സാധാരണ മനുഷ്യ ശരീരത്തെ വിവിധ അനുഭവതലങ്ങളിലൂടെ ഗുരുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രകാശമായും വിമര്ശനരൂപത്തിലും ആനന്ദമായും ജ്ഞാനമായും സത്യമായും പൂര്‍ണ്ണതയായും സ്വഭാവമായും പ്രതിഭയായും ഭാഗ്യമായും ഈ നാഥന്മാര് നിലകൊള്ളുന്നു. സ്വന്തം ദേഹംതന്നെ നവരത്നമയമായ രസം, മാംസം, രോമം, തൊലി, രക്തം, മജ്ജ, അസ്ഥി, മേദസ് ഈ ഒമ്പതു ധാതുക്കളും പുഷ്യരാഗം, നീലം, വൈഢൂര്യം, പവിഴം, മുത്ത്, മരതകം, വജ്രം. ഗോമേധകം, പത്മരാഗം എന്നീ നവരത്നങ്ങളുടെ രൂപമാകുന്നുവെന്ന് ഭാവനോപനിഷത്തില്‍ പറയുന്നു. നമ്മുടെ ശരീരം നവചക്രങ്ങളുടെ സമഷ്ടിയായ ശ്രീചക്രത്തില്‍ നിന്നും വിഭിന്നമല്ലെന്നും പറയുന്നു.
ഓരോ ആഘോഷവും സംഗീതത്തോടും നൃത്തത്തോടും സാഹിത്യത്തോടും ജ്യോതിഷത്തോടും എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. നൃത്തത്തോട് ചേര്‍ന്നാണ് നവരസങ്ങളുടെ സ്ഥാനവും. ഭാരതത്തിലുള്ള 64 കലകളുടേയും സംഗമമാണ് നവരാത്രിയില്‍ നടക്കുന്നത്. സംഗീതത്തിലെ സ്വരങ്ങള്‍ മനുഷ്യശരീരത്തിലെ ഊര്ജ്ജചക്രങ്ങളെയാണ് കാണിക്കുന്നത്. വാദ്യോപകരണങ്ങള്ക്കുമുണ്ട് ഈ ദേഹവുമായി ബന്ധം. തംബുരു നട്ടെല്ലിന്റെ പ്രതീകമാണ്. ഹൃദയതാളത്തോടാണ് മൃദംഗത്തിന്റെ താളത്തെ താരതമ്യപ്പെടുത്തുന്നത്. ഘടമാവട്ടെ ശിരസിന്റെ പ്രതീകവും. ശ്വാസോഛ്വാസത്തിന്റെ താളമാണ് കൈമണിക്ക്.
ഇത്തരത്തില്‍ ഒമ്പത് എന്ന സംഖ്യയ്ക്ക് ഭാരതത്തിന്റെ ആത്മീയ സിദ്ധാന്തങ്ങളില്‍ ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. മറ്റു വൈദേശിക മതങ്ങളുടെ ആരാധനയില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീയ്ക്ക് അല്ലെങ്കില്‍ ശക്തിയ്ക്ക് പ്രാധാന്യം നല്കുന്ന രീതിയാണ് ഭാരതത്തിലുള്ളത്. പൗരാണിക കാലഘട്ടത്തില്‍ സമൂഹത്തില്‍ സ്ത്രീക്ക് അര്‍ഹമായ സ്ഥാനമാണ് കല്‍പ്പിച്ചിരുന്നതെന്ന് എത്രയോ തവണ പലരാലും ആവര്‍ത്തിച്ചിട്ടുള്ള കാര്യമാണ്. സകലകലകളും ഉരുത്തിരിഞ്ഞുവന്നതും സ്ത്രീകളിലൂടെയാണ്. ഇന്ന് സ്ത്രീ അപമാനിതയും അവഗണിക്കപ്പെടുന്നവളുമായി മാറുമ്പോള്‍ അപചയം സംഭവിക്കുന്നത് സമൂഹത്തിനും രാജ്യത്തിനുമൊക്കെയാണ്.
യഥാ സ്ത്രീ തഥാ പുരുഷഃ എന്ന് പറയുമ്പോള്‍ സ്ത്രീ എങ്ങനെ പരിപാലിക്കപ്പെടുന്നുവോ അതിനനുസരിച്ചായിരിക്കും പുരുഷന്റെ ഉന്നതിയും. സ്ത്രീ ശക്തയും സ്വതന്ത്രയുമായാല് അതിനനുസരിച്ച് സമൂഹവും വളര്ച്ചനേടും. നവരാത്രിയില്‍ രാത്രി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയുടെ പരിപൂര്‍ണതയും സ്വാതന്ത്ര്യത്തിന്റെ രഹസ്യവുമാണ്. ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഒമ്പതാം ദിനത്തില്‍ രാസ്, ഗര്‍ഭ നൃത്തച്ചുവടുകളാല്‍ ആഘോഷത്തിമിര്‍പ്പിലായിരിക്കും. അന്നേ ദിവസം രാത്രിയില്‍ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നത്. സ്ത്രീയെ സ്വതന്ത്രയാക്കുകയെന്നതുകൊണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല. അവളുടെ മേല്‍ സമൂഹം കെട്ടിവച്ചിരിക്കുന്ന കൂച്ചുവിലങ്ങുകളെ പൊട്ടിച്ചെറിയുകയെന്നതാണ്. അവള്‍ക്ക് ബഹുമാനം നല്‍കുകയെന്നതാണ്.
വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും എല്ലാത്തിനും നമ്മള് ഉപാസിക്കുന്നത് ആ ശക്തിയുടെ തന്നെ വിവിധ രൂപങ്ങളെയല്ലെ?
ഇത്തരത്തില്‍ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടേയും അല്ലെങ്കില്‍ .ബ്രഹ്മാണ്ഡ പിണ്ഡാണ്ഡങ്ങളുടെ രഹസ്യമാണ് ഈ ഒമ്പത് ദിനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അഭേദ്യമായ ഐക്യത്തെയാണ് മോക്ഷം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതും.
എന്നാല്‍ ഈ വര്‍ഷം ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും വന്നിരിക്കുന്നത് ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലാണ്. ദുര്ഗ്ഗാഷ്ടമിക്കുപുറമെ ഭദ്രകാളിയുടെ അവതാരദിനമായ ഒക്ടോബര്‍ ഒന്നിനാണ് ദേശീയ രക്തദാന ദിനമെന്നത് തികച്ചും യാദൃച്ഛികമാവാം. ഒക്ടോബര്‍ രണ്ടിനാണ് മഹാനവമി. അന്നേദിവസമാണ് അഹിംസ ദിനവും. ആയുധപൂജയും ഈ ദിവസമാണ് നടത്തുന്നത്. മൂന്നാം തിയതിയാണ് വിദ്യാരംഭം. ബോധിവൃക്ഷച്ചുവട്ടില്‍ നിന്നും പരമമായ ജ്ഞാനം നേടിയ ബുദ്ധന്റെ ജയന്തിയും ഇന്നേ ദിവസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: