തൊടുപുഴ : അമോണിയ കയറ്റിവന്ന ടാങ്കര്‍ ലോറി താഴ്ചയിലേക്ക് ചെരിഞ്ഞു; തലനാരിഴയ്ക്ക് ദുരിതം വഴിമാറി. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ വെങ്ങല്ലൂര്‍ പെരുമ്പള്ളിചിറ നാലുവരി പാതിയിലാണ് അപകടം. എറണാകുളത്തുനിന്ന് പന്നിമറ്റത്തെ ലാറ്റക്സ് ഫാക്ടറിയിലേക്ക് അമോണിയവുമായി എത്തിയ ലോറിയാണ് ചെരിഞ്ഞത്. നാലുവരിപ്പാത അവസാനിക്കുന്നിടത്ത് ലോറി നിര്‍ത്തി. ഡ്രൈവര്‍ പുറത്തിറങ്ങി ചായകുടിച്ചുകൊണ്ടിരിക്കെയാണ് ലോറി ഇടത് ഭാഗത്തേയ്ക്ക് ചെരിഞ്ഞത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ പാഞ്ഞ് എത്തി നോക്കുമ്പോള്‍ വാഹനം സമീപത്തെ മൂടി ഇല്ലാത്ത ഓടയിലേക്ക് ചരിഞ്ഞ് ഇറങ്ങിയിരുന്നു. വാഹനം സ്റ്റാര്‍ട്ട് ആക്കി മുന്നോട്ട് മാറ്റാന്‍ സാധിക്കുമായിരുന്നില്ല. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. തൊടുപുഴ പോലീസും ഫയര്ഫോര്സും മിനുറ്റുകള്‍ക്കകം സ്ഥലത്ത് പാഞ്ഞെത്തി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പലതരത്തിലും ശ്രമിച്ചെങ്കിലും വാഹനം ഉയര്‍ത്താനായില്ല. പിന്നീട് ജെസിബിയും ക്രെയിനും ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത തുലാമഴയില്‍ തൊടുപുഴ നഗരം പുഴയായി മാറിയിരുന്നു. മണ്ണ് കുതിര്‍ന്ന് ഇരുന്നതാണ് വാഹനം താഴുന്നതിനു കാരണമായത്. 9000 ലിറ്റര്‍ അമോണിയ ലോറിയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: