കാലടി ശ്രീശങ്കരാചാര്യ പാലം രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുഴയുടെ കുറുകെയുള്ള വെറുമൊരു പാലം എന്നതിലുപരി അതിന് ചരിത്രപരമായ ഒരു പ്രാധാന്യമുണ്ട്. പെരിയാറിന് കുറുകെ ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയെയും വ്യാവസായിക മേഖലയായ പെരുമ്പാവൂരിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം എന്ന ആശയം ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപകനായ സ്വാമി ആഗമാനന്ദയുടെതായിരുന്നു.
കേരളത്തിന്റെ വ്യവസായ-ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ച എംസി റോഡ് തിരുവനന്തപുരത്ത് നിന്നും അങ്കമാലി വരെയാകുവാന്‍ കാരണം ശ്രീശങ്കാരാചാര്യപാലമാണ്. വടക്കന്‍ കേരളത്തില്‍ നിന്നും ഇടുക്കി, കോട്ടയം മേഖലകളിലേക്കും തിരുവനന്തപുരത്തേക്കും എത്താന്‍ സാധിക്കുന്ന എംസി റോഡിലെ ഈ തന്ത്രപരമായ പാലത്തിന്റെ പ്രാധാന്യം ഇന്നേവര്‍ക്കും ബോധ്യമാണ്.
അതേസമയം ആഗമാനന്ദ സ്വാമികള്‍ എത്ര ദീര്‍ഘദൃഷ്ടിയോടെയാണ് ഇത്തരമൊരുപാലത്തെക്കുറിച്ച് ചിന്തിച്ചതെന്ന് സ്മരണീയമാണ്. ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. എസ്. രാജേന്ദ്ര പ്രസാദ് 1956 ഫെബ്രുവരിയില്‍ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സന്ദര്‍ശിക്കുകയുണ്ടായി. കാലടിക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന രാഷ്ട്രപതിയുടെ ചോദ്യത്തിന് മറുപടിയായി ആഗമാനന്ദസ്വാമി പെരിയാര്‍ ചൂണ്ടിക്കാട്ടിയിട്ട്, ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ ഒരു പാലംനിര്‍മ്മിക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. ഇതിനെത്തുടര്‍ന്നാണ് കാലടിപ്പാലമെന്ന സങ്കല്പം യാഥാര്‍ത്ഥ്യമാവുന്നതിന് തുടക്കമാവുന്നത്.
20ലക്ഷം രൂപ ചെലവില്‍ 1350 അടി നീളവും 22 അടിവീതിയുമുള്ള ശ്രീശങ്കരാചാര്യ പാലം 1963ല്‍ യാഥാര്‍ത്ഥ്യമായി. എന്നാല്‍ അരനൂറ്റാണ്ട് പിന്നിട്ട പാലം ഇന്ന് തകര്‍ച്ചയിലാണ്. രൂക്ഷമായ അനധികൃത മണല്‍വാരലില്‍ പാലത്തിന്റെ അടിത്തറ പുറത്തുകാണാം. ബെയറിങ്ങുകള്‍ പോയി പാലത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നു. ഗതാഗതക്കുരുക്ക് ഒരുനിത്യസംഭവമാണ്. ശ്രീശങ്കരാചാര്യപാലത്തിന് സമാന്തരപാലം എന്ന ആവശ്യത്തിന് അധികൃതര്‍ ആദ്യം ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കാലടിവഴി കോട്ടയത്തേക്ക് കാറില്‍ പോകുകയായിരുന്ന അന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി കാലടി ടൗണിലെ ബ്ലോക്കിന്റെ രുചിയറിഞ്ഞു. ഏതാണ്ട് ഒരുമണിക്കൂറോളം പാലത്തില്‍ കുരുങ്ങി. ഇതേ അനുഭവം മുഖ്യമന്ത്രി ഉള്‍പ്പെടെ പലമന്ത്രിമാര്ക്കും പലപ്പോഴും ഉണ്ടായതോടെ സമാന്തരപാലമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. സമാന്തരപാലത്തിന് രണ്ടര വര്‍ഷംമുമ്പ് 42കോടി രൂപ അനുവദിക്കുകയും ചെയ്തു.
ഇതോടെയാണ് പലര്‍ക്കും കാലടിയോടുള്ള എതിര്‍പ്പിന്റെ പൂച്ച് പുറത്ത് വന്നത്. സമാന്തരപ്പാലം നിലവിലെ പാലത്തോട് ചേര്‍ന്ന് കാലടിയിലൂടെ നിര്‍മ്മിക്കാതെ ഒരുകിലോമീറ്റര്‍ അകലെ മറ്റൂരിലൂടെ കൊണ്ടുപോകുവാനുള്ള നീക്കമായി പിന്നീട്. കാലടിയുടെ പ്രാധാന്യം കുറക്കുവാനും ക്രൈസ്തവമേഖലയായ മറ്റൂരിന്റെ പ്രാധാന്യം ഉയര്‍ത്തുവാനുമുള്ള ഒരു ഗൂഢനീക്കമായിരുന്നു ഇതിന് പിന്നില്‍. സമാന്തരപാലം മറ്റൂരിലായാല്‍ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവര്‍ കാലടിയിലെത്താതെ നേരിട്ട്പോകും. വ്യാവസായികപരമായും അല്ലാതെയും കാലടിയുടെ പ്രാധാന്യം പതുക്കെ കുറക്കുവാനുമാകും. അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളും മറ്റൂരിനായി രംഗത്തെത്തിയതോടെ തര്‍ക്കം മുറുകി. റിയല്‍ എസ്റ്റേറ്റ് മാഫിയയും ഒരുപിടി വ്യാപാരികളും മറ്റൂരിനായി വാദിച്ചു. ഇതോടെ പാലം എവിടെവേണമെന്ന തര്‍ക്കത്തില്‍ സമാന്തരപാലം എങ്ങുമെത്തിയില്ല.
തുക അനുവദിച്ചെങ്കിലും വ്യക്തമായ തീരുമാനമെടുത്ത് പാലം യാഥാര്‍ത്ഥ്യമാക്കാതെ തര്‍ക്കവുമായി പോകാനായിരുന്നു യുഡിഎഫിനും താത്പര്യം. ഫലത്തില്‍ സമാന്തരപാലം എങ്ങുമെത്തിയില്ല. ഒരുപാലത്തോട് ചേര്‍ന്നുള്ള പാലമാണ് സമാന്തരപാലം. മറ്റൊരു സ്ഥലത്ത് പണിയുന്നത് സമാന്തരപാലമാകുന്നതെങ്ങനെയെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. ഇതെല്ലാം കാലടിയില്‍ മാത്രം സംഭവിക്കുന്നതാണ്. കാലടിയുടെ തൊട്ടപ്പുറത്തുള്ള ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോഴാണ് കാലടിയില്‍ തര്‍ക്കം തുടരുന്നത്.
ഇതിനിടയില്‍ കാലടിപാലത്തിന്റെ പ്രവേശനഭാഗത്തെ സ്ലാബുകള്‍ തകരുകയും പാലം അപകടത്തിലാവുകയും ചെയ്തത് ജനങ്ങളെ ക്ഷുഭിതരാക്കി. തകര്‍ന്ന റോഡും പാലവും നന്നാക്കാന്‍ ലക്ഷങ്ങള്‍ അനുവദിച്ചെങ്കിലും റോഡില്‍ കുറച്ച് ടൈല്‍സ് വിരിച്ച് സൂത്രത്തില്‍ കാര്യം നടപ്പാക്കുകമാത്രമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തത്. 12ലക്ഷമാണ് ഈ ചെറിയ ജോലികള്‍ക്കായി ചെലവഴിച്ചത്. പാലത്തിലാകട്ടെ ടാറിങ് നടത്താനോ കുഴിയടക്കാനോ ഒന്നും ചെയ്തതുമില്ല. ഇതുമൂലമാണ് പാലത്തിന്റെ സ്ലാബ് തകര്‍ന്നത്.
പ്രശ്നം രൂക്ഷമാവുകയും ജനരോക്ഷം ശക്തമാവുകയും ചെയ്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്നപരിഹാരത്തിനായി ജനപ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടുകയുണ്ടായി. ഇതില്‍ സമാന്തരപാലം കാലടിയില്‍ നിര്‍മ്മിക്കുന്നതിന് പകരം താന്നിപ്പുഴയില്‍ നിന്നും ആരംഭിച്ച് മറ്റൂര്‍ വിമാനത്താവള റോഡില്‍ കയറുന്ന ബൈപ്പാസ് റോഡാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും ക്രൈസ്തവ താത്പര്യം സംരക്ഷിക്കുന്ന നടപടിയാണി മുഖ്യമന്ത്രി കൈകൊണ്ടത്. ഫലത്തില്‍ കാലടി പൂര്‍ണ്ണമായും ഒറ്റപ്പെട്ട് പോകും. കാലടി ഒഴിവാക്കികൊണ്ട് തന്നെ തൃശൂര്‍ മേഖലയില്‍ നിന്നും കോട്ടയം ഭാഗത്തേക്കും തിരിച്ചും പോകുവാനാകും.
ഓരോവര്‍ഷവും ശബരിമല അയ്യപ്പന്മാര് ഉള്‍പ്പടെയുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് കാലടിയില്‍ എത്തുന്നത്. ഇനി മുതല്‍ ഗതാഗതക്കുരുക്കിന്റെ പേരില്‍ കാലടിയെ ഒഴിവാക്കി തീര്‍ത്ഥാടകരെ തിരച്ചുവിടാമെന്നതും ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കാലടിയുടെ പ്രധാന്യവും വികസനവും കുറക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് ഇതിലൂടെ നടപ്പിലാവുന്നത്.
ശ്രീശങ്കരന്റെ ജന്മഭൂമിയോട് അധികൃതര്‍ എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത്. കാലടിക്കായി അനുവദിക്കുന്ന പദ്ധതികളെല്ലാം തന്നെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതു പതിവാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ കാലടിക്കായുള്ള പദ്ധതികള്‍ എങ്ങനെ നടപ്പാക്കാതിരിക്കാമെന്നാണ് തല്പര കക്ഷികള്‍ ചിന്തിക്കുന്നത്. അതാണ് ശ്രീശങ്കരാചാര്യപാലത്തിന്റെ സമാന്തരപാലത്തിനും സംഭവിച്ചത്. ഇത് കാലടിയോടുള്ള മനോഭാവത്തിന്റെ ഒരു ദിശാസൂചകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: