കൊക്കുകളുടെ പ്രജനനകാലത്താണ് ഞങ്ങള്‍ പനമരത്തെത്തിയത്. നനുത്ത നൂല്‍മഴയിലൂടെ കുടചൂടി കൊറ്റില്ലത്തിനടുത്തെത്തി. പക്ഷികള്‍ക്ക് ശല്യമല്ലാത്തവിധത്തില് പുഴയോരത്ത് നിലയുറപ്പിച്ചു. പലതരത്തിലുള്ള കൊക്കുകള്‍ കൊറ്റില്ലത്ത് കൂടൊരുക്കിയിരിക്കുന്നു. ചിലകൊക്കുകള് കൂട്ടിയ കൂടുകളിലെ ചില്ലകള്‍ ‘അടിച്ചുമാറ്റാനുള്ള’ മറ്റുചിലരുടെ ശ്രമം കൊറ്റില്ലത്തെ ശബ്ദമുഖരിതമാക്കുന്നു. ഭക്ഷണം തട്ടിയെടുക്കാനുമുണ്ട് ശ്രമം. ആയിരക്കണക്കിന് കൊക്കുകള്‍ നിരന്നിരിക്കുന്ന ദൃശ്യം മനോഹരംതന്നെ.
കൊറ്റില്ലം
1988-90 കളില്‍ പക്ഷിനിരീക്ഷകനും വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസറുമായിരുന്ന പി.കെ. ഉത്തമനും കല്‍പ്പറ്റയിലെ പക്ഷിനിരീക്ഷകനായ സി.കെ. വിഷ്ണുദാസും സംഘവുമാണ് പനമരത്തെ കൊറ്റില്ലത്തെകുറിച്ച് ആദ്യമായി പഠനം നടത്തിയത്. പ്രകൃതി കനിഞ്ഞു നല്കിയ പനമരം പുഴയിലെ ചെറുതുരുത്താണ് ഇന്ന് രാജ്യാന്തര ശ്രദ്ധ നേടിയ പനമരം കൊറ്റില്ലം. 2003ല്‍ അരിവാള്‍ കൊക്കുകളുടെ പ്രജനനം ഇവിടെ രേഖപെടുത്തി. ഇതോടെ കൊറ്റില്ലം പക്ഷിനിരീക്ഷകരുടെ കേന്ദ്രമായി. ലോകത്തില്‍ അരിവാള്‍ കൊക്കുകളുടെ എണ്ണം പതിനായിരത്തില്‍ താഴെമാത്രം. ഐക്യരാഷ്ട്രസഭ ഇവയെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിയെന്ന നിലയില്‍ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പനമരത്ത് ആയിരത്തില്‍ അധികം അരിവാള്‍ കൊക്കുകളെ കണ്ടെത്തിയിട്ടുണ്ട്. മുന്നൂറിനടുത്ത് കൂടുകളും. കേരളത്തില്‍ കാലിമുണ്ടികളുടെ പ്രജനനം രേഖപെടുത്തിയത് പനമരത്ത് മാത്രം. മാനന്തവാടി ഫേണ്സിലെ അജയനും വിനയനും ഉള്‍പ്പെടെ നിരവധി പക്ഷിനിരീക്ഷകര്‍ ഇതോടെ പനമരം കൊറ്റില്ലം തങ്ങളുടെ ഇഷ്ടകേന്ദ്രമാക്കി.
അനന്തമായ പാടശേഖരം
പനമരത്തും പരിസരങ്ങളിലുമായുള്ള വിശാലമായ പാടശേഖരങ്ങളും ജലലഭ്യതയും ഇവിടം നീര്‍പ്പക്ഷികളുടെ താവളമാക്കി. മണ്‍സൂണ്‍കാലത്ത് പുഴവെള്ളം കയറിയിറങ്ങുന്ന വിശാലമായ നെല്‍പ്പാടങ്ങള്‍ ചെറുമത്സ്യങ്ങളുടെയും ഞണ്ട്, ഞാഞ്ഞൂല് തുടങ്ങിയ ജീവികളുടെയും അക്ഷയഖനിയാണ്.
പനമരം കൊറ്റില്ലത്തിലെ പൂത്തുനശിച്ച മുളംകൂട്ടങ്ങള്‍ പക്ഷിനിരീക്ഷകരെ തെല്ലൊന്നുമല്ല അലട്ടിയത്. ഇവരെ അത്ഭുതപ്പെടുത്തികൊണ്ട് പറവകള്‍ പിന്നീട് ഉണങ്ങിയ മുളംകൂട്ടങ്ങളിലും ചെറുചെടികളിലും കൂട് കൂട്ടുന്നതാണ് കണ്ടത്. നീര്പ്പക്ഷികളാകട്ടെ കൊറ്റില്ലത്തോട് ചേര്‍ന്ന വിശാലമായ കുറ്റിക്കാടുകളിലും കൂടൊരുക്കി പ്രജനനം നടത്തിവരുന്നു. 1988ല്‍ ചിന്നകൊക്ക്, ഇടകൊക്ക്, വലിയ വെള്ളരികൊക്ക്, കുളകൊക്ക്, നീര്‍കാക്ക, രാക്കൊക്ക് തുടങ്ങിയ ആറിനം കൊക്കുകളെയാണ് ഇവിടെ കണ്ടെത്തിയത്. ഇന്ന് കഥയാകെ മാറി. ലോകത്തിലെ തന്നെ അത്യപൂര്‍വ്വ ഇനങ്ങളിലുള്ള പതിമൂന്ന് തരം കൊക്കുകള്‍ ഇവിടെ കൂടൊരുക്കി പ്രജനനം നടത്തിവരുന്നു. മുന്‍പ് വയനാട്ടില്‍ 12 കൊറ്റില്ലങ്ങളുണ്ടായിരുന്നു. ഇന്നത് രണ്ടായി ചുരുങ്ങി. നെല്‍വയലുകളുടെ തരംമാറ്റം കൊറ്റില്ലത്തെ ഇല്ലാതാക്കി. ഇവിടുത്തെ കൊറ്റികള്‍ പനമരത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി കൂടൊരുക്കിവരുന്നു. വയലേലകളിലെ മുളംകൂട്ടങ്ങളില്‍ കൂടൊരുക്കിയിരുന്ന തൂക്കണാംകുരുവികളും പോതപൊട്ടന്‍ പക്ഷികളും ഇന്ന് വയനാട്ടില്‍ വിരളം. പൂത്ത് നശിച്ച മുളംകൂട്ടങ്ങളില്‍ രാക്കൊക്കും കുളക്കൊക്കുമാണ് ആദ്യം കൂടൊരുക്കുക. പിന്നീട് വെള്ളരിക്കൊക്കും അരിവാള്‍കൊക്കനും കൂടുകൂട്ടും. അവസാനത്തെ ഊഴം ഛായമുണ്ടിയുടേതാണ്. അതോടെ മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഒരു പ്രജനനകാലം കടന്നുപോകും.
സംരക്ഷണം കടലാസില്‍ മാത്രം
ആയിരകണക്കിന് നീര്‍പക്ഷികളുടെ ആവാസകേന്ദ്രമായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണം കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോയി. വയനാട് മുന്‍ സബ് കളക്ടറായിരുന്ന എന്‍. പ്രശാന്ത് കൊറ്റില്ല സംരക്ഷണത്തിനായി പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. കൊറ്റില്ലത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും കൊറ്റില്ലത്തിന്റെ സംരക്ഷണം വനം വകുപ്പിന് കൈമാറുകയുമുണ്ടായി. വയനാട് ജില്ലാ പഞ്ചായത്ത് കൊറ്റില്ലസംരക്ഷണത്തിനായി ഇരുപത് ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ പിന്നീടൊന്നും നടന്നില്ല. പ്രജനനകാലത്ത് കൊറ്റില്ലത്തിന് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വെല്ലൂരി പറഞ്ഞിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ഉയര്‍ന്നുവന്ന പ്രധാന വെല്ലുവിളി മണല്‍വാരലായിരുന്നു. അനിയന്ത്രിത മണലൂറ്റല്‍ കൊറ്റില്ലത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ വകവെക്കാതെ പ്രഭാതത്തില്‍ മണലൂറ്റ് നടക്കുന്നു. കൊറ്റില്ല സംരക്ഷണത്തിനായി വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനത്തില്‍ 600 ഓളം തൈകള്‍ നടുകയുണ്ടായി. മുള, നീര്‍മരുത് ചെടികളാണ് ഭൂരിഭാഗവും. ഗ്രാമപഞ്ചായത്ത് അധികൃതരും നിയമപാലകരും കൊറ്റില്ലസംരക്ഷണം പ്രധാന അജണ്ടയാക്കി എന്നത് ആശ്വാസകരം തന്നെ. എന്നാല്‍ ഇടയ്ക്കിടെ നടക്കുന്ന പക്ഷിവേട്ടയ്ക്ക് തടയിട്ടേ പറ്റൂ. മുന്‍പ് പക്ഷിവേട്ട നടത്തിയ നാടോടികളെ നാട്ടുകാര്‍ ഇവിടെനിന്നും ആട്ടിപ്പായിച്ചിരുന്നു. ഇതൊരു ശുഭസൂചനയാണ്.
സ്വാഭാവിക വാസസ്ഥലങ്ങളുടെ നാശം വയനാട്ടില്‍ നീര്‍പ്പക്ഷികള്‍ക്ക് വിനയായി. തോടുകളോടു ചേര്‍ന്നുള്ള പൊന്തകളും ചതുപ്പുകളും ഇല്ലാതാകുന്നതാണ് നീര്‍പ്പക്ഷികള്‍ നേരിടുന്ന വെല്ലുവിളി. നെല്‍വയലിന്റെ അളവ് ഗണ്യമായി കുറഞ്ഞതും അവയുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നു. ഇവിടുത്തെ പൊന്തകളിലും ചതുപ്പുകളിലുമാണ് നീര്‍പക്ഷികള്‍ കൂടൊരുക്കുന്നതും പ്രജനനം നടത്തുന്നതും.
നീര്‍പ്പക്ഷികളില്‍ പലതും ഇന്ന് വയനാട്ടില്‍ ഇപ്പോള്‍ അപൂര്‍വ കാഴ്ചയാണ്. കുളക്കോഴി കുടുംബത്തില്‍പ്പെട്ട പക്ഷിയിനങ്ങള്‍, ചെങ്കണ്ണി തിപ്പരി, വാലന്‍ താമരക്കോഴി, നാടന്‍ താമരക്കോഴി, പട്ടക്കോഴി, ചുവന്ന നെല്ലിക്കോഴി, തിവിടന്‍ നെല്ലിക്കോഴി, നീലമാറന്‍ കുളക്കോഴി, കാളിക്കാള (പടംവിരുത്തിപ്പക്ഷി) എന്നിങ്ങനെ നീളുകയാണ് വിസ്മൃതിയിലേക്ക് നീങ്ങുന്ന കുളക്കോഴി കുടുംബത്തിലെ പക്ഷികളുടെ നിര. കുറച്ചുകാലം മുന്‍പുവരെ ജില്ലയിലെ വയലുകളിലും ഓരങ്ങളിലും നിറസാന്നിധ്യമായിരുന്നു ഇവര്‍. വയനാട്ടില്‍ പടംവിരുത്തിപ്പക്ഷിയുടെ സാന്നിധ്യം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് തൃക്കൈപ്പറ്റയിലാണ്.
നെല്‍കൃഷി ചെയ്യുന്ന വയലിന്റെ അളവിലെ കുറവ്, കൃഷിരീതിയിലെ മാറ്റങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലും മറ്റും തോടുകള്‍ക്ക് വീതികൂട്ടിയപ്പോള്‍ പൊന്തകള്‍ക്കും ചതുപ്പുകള്‍ക്കും ഉണ്ടായ നാശം എന്നിവ ജില്ലയിലെ നീര്‍പക്ഷി സമ്പത്തിനെ ക്ഷയിപ്പിച്ചു.
രണ്ടു പതിറ്റാണ്ടിനിടെ ജില്ലയില്‍ കൊറ്റികളുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഉണ്ടായത്. വലിയ വെള്ളരിക്കൊക്ക്, ചെറിയ വെള്ളരിക്കൊക്ക്, കാലിക്കൊക്ക്, ചായക്കൊക്ക്, കുളക്കൊക്ക്, രാക്കൊക്ക്, അരിവാള്‍ കൊക്കന് എന്നിവയുടെ സജീവസാന്നിധ്യം പനമരം, ആറാട്ടുതറ, വെണ്ണിയോട് എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍. വാഴകൃഷി കീഴടക്കുന്നതിനു മുന്‍പുള്ള കാലം ജില്ലയിലെ വയലുകളിലെ നയനമനോഹരമായ കാഴ്ചയായിരുന്നു കൊറ്റിക്കൂട്ടങ്ങള്‍. പനമരം കൊറ്റില്ലംതന്നെ ഇന്ന് വന്‍ ഭീക്ഷണി നേരിടുന്നു. കൊറ്റില്ലങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ദുരന്തഫലം പ്രവചനാതീതമാകും. ഒരു കൂട്ടം കൊറ്റികള്‍ കൂടൊഴിയുന്നതോടെ ഇവിടുത്തെ പാരിസ്ഥിതിക ആഘാതങ്ങളുടെ തോത് ഇരട്ടിയാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: