ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം വ്യാപിക്കുന്നതിനാല്‍ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ ആക്രമണത്തിന്റെ തീവ്രതയ്ക്കനുസരിച്ച് നിയന്ത്രണനടപടി സ്വീകരിക്കണമെന്നു മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.
നെല്‍ച്ചെടികളില്‍ ചിറകുള്ള രൂപമാണ് കൂടുതലെങ്കില്‍ ഡിഡിവിപി എന്ന കീടനാശിനി 200 മില്ലി ഏക്കറിന് എന്ന തോതില്‍ നിര്‍ദ്ദിഷ്ട വെള്ളത്തിന്റെ അളവായ 200 ലിറ്ററില്‍ കുറയാതെ കുറ്റി പമ്പ് ഉപയോഗിച്ച് ചുവട്ടില്‍ എത്തുന്ന രീതിയില്‍ തളിക്കുന്നത് കീടനിയന്ത്രണം സാധ്യമാക്കും.
മുഞ്ഞയുടെ ചിറകില്ലാത്ത രൂപങ്ങള്‍ കൂടുതലായി കാണുന്ന പാടശേഖരങ്ങളില്‍ ബ്യൂപ്രോഫെയ്സിന് 320 മില്ലി ഏക്കറിന് എന്ന നിരക്കില്‍ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് ചെടിയുടെ ചുവട്ടില്‍ എത്തുന്ന രീതിയില്‍ തളിക്കണം. കീടബാധയുള്ള പാടങ്ങളിലെ വെള്ളം വറ്റിച്ചിടുക, നെല്‍ച്ചെടികള്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വകഞ്ഞു വച്ച് വായൂസഞ്ചാരം സുഗമമാക്കുക എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കീടബാധയുടെ തീവ്രത കുറയാന്‍ സഹായിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ, മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം എന്നിവയുമായോ ബന്ധപ്പെട്ട് സാങ്കേതിക സഹായം സ്വീകരിക്ക ണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ എല്‍. ശ്രീലേഖ അറിയിച്ചു. ഫോണ്‍: 0477 2702683.
പ്രതികരിക്കാൻ ഇവിടെ എഴുതുക: