അറിയാത്ത ലോകത്തെ എത്തിപ്പിടിക്കാന്‍ മംഗള്യാന് പര്യവേക്ഷണത്തിലൂടെ ഭാരതത്തിനായതില് അഭിമാനം കൊണ്ട് ഓരോരുത്തരും കോരിത്തരിക്കുകയാണ്. ഏറ്റവും ചെലവുകുറഞ്ഞ പദ്ധതിയിലൂടെ ഏറ്റവും വിലപ്പെട്ട ശാസ്ത്രജ്ഞസമൂഹം നേടിയെടുത്ത ഈ വിജയത്തെ വിശേഷിപ്പിക്കാന്‍ കാലികവട്ടത്തിന് വാക്കുകളില്ല.
ഭാരതാംബയുടെ അഭിമാനത്തിന് കൈയ്മെയ് മറന്ന് അക്ഷീണം പ്രയത്നിച്ച ആ അഭിമാന പുത്രന്മാര്ക്കും പുത്രിമാര്‍ക്കും മുമ്പില്‍ നമ്രശിരസ്കരാവട്ടെ. 2014 പലതുകൊണ്ടും ഭാരതത്തിന്റെ തേജസ്സും ഓജസ്സും വര്‍ധിത വീര്യത്തോടെ ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്ന വര്‍ഷമാവുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു മംഗള്‍യാന്റെ വിജയം. ഈ മംഗള മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ച സകല ജനങ്ങളും ഭാഗ്യവാന്മാര് തന്നെ.
വിവരസാങ്കേതികവിദ്യയും തദനുബന്ധമായ മേഖലയും വികസനത്തിന്റെ കുതിച്ചുചാട്ടത്തിലായതിനാലാണ് നമുക്ക് ചൊവ്വാദൗത്യം വിജയിപ്പിക്കാനായത്. ഈ വന്‍ കുതിപ്പിനിടയിലും അറിയപ്പെടുന്ന ലോകത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം നടന്നു നീങ്ങുന്ന പോലീസ് സമൂഹം പ്രാകൃതവികാരങ്ങള്‍ അടക്കിപ്പിടിച്ചിട്ടുണ്ടോ? അത്തരമൊരു സംശയത്തിന് ബലം വര്‍ദ്ധിക്കുന്ന സംഭവവികാസങ്ങളാണ് അനുദിനം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് കേള്‍ക്കുന്നത്. പരിഷ്കൃത സമൂഹത്തിന്റെ ഉമ്മറക്കോലായയിലേക്ക് ഇങ്ങനെ നാലുംകൂട്ടി മുറുക്കിത്തുപ്പാന്‍ പോലീസിന് തോന്നുന്നത് എന്തുകൊണ്ടാണ്? തന്റെ മാനത്തിനു നേരെ നീണ്ട കൈ തട്ടിമാറ്റാന്‍ തയ്യാറായ യുവതിയെ സ്വാധീനത്തിന്റെയും സാമ്പത്തികത്തിന്റെയും പിന്‍ബലത്തില്‍ അടിച്ച് വശംകെടുത്തിയ പോലീസ് തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കുരുതികൊടുക്കാന്‍ അവസരമുണ്ടാക്കി.
ഏത് പ്രഗല്ഭന്, ഏതൊക്കെ ഗ്രന്ഥങ്ങളും നിയമാവലിയും ചൂണ്ടിക്കാട്ടി ഇതൊക്കെ ന്യായീകരിച്ചാലും മനുഷ്യത്വമുള്ളവര്‍ക്ക് അത് വകവെച്ചു കൊടുക്കാന്‍ കഴിയില്ല. രണ്ടുസ്ഥലത്തും ആക്രമിക്കപ്പെട്ടത് (ഒരിടത്ത് അത് മരണമായി) തൊഴിലാളികളാണ്. അന്നത്തെ അന്നത്തിനുവേണ്ടി ചോരനീരാക്കി അധ്വാനിക്കുന്നവര്‍. കങ്കാണിപ്പണിമാത്രം വശമുള്ള പോലീസ് സേനയിലെ കുറ്റവാളികളെ നിലയ്ക്കു നിര്‍ത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ അറ്റകൈ പ്രയോഗത്തിന് തുനിയും.
അതിന് വഴിതുറക്കണമോ എന്ന് മനുഷ്യത്വമുള്ള സംവിധാനങ്ങള്‍ തീരുമാനിക്കട്ടെ.
എന്തൊക്കെ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നിലയിലാണല്ലോ മക്കളെക്കുറിച്ച് രക്ഷിതാക്കള്‍. സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാറുകളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന പത്രമാണ് മലയാള മനോരമ. വീക്ഷണമില്ലെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് അതൊരു വിഷയമാകാത്തത് മേപ്പടി മാധ്യമത്തിന്റെ തലോടല്‍ തന്നെ. അങ്ങനെയിരിക്കെ ആ സര്‍ക്കാറിന്റെ ശക്തമായ ഉപകരണമായ പോലീസിനെക്കുറിച്ച് മനോരമ മുഖപ്രസംഗം എഴുതിയാല്‍ എങ്ങനെയിരിക്കും? വസ്തുനിഷ്ഠമാണെന്നതിന് മറ്റെന്ത് തെളിവുവേണം? ഇതാ സപ്തം. 24ന്റെ പത്രത്തിലെ അവരുടെ നിലപാട്. തലക്കെട്ട് ഇങ്ങനെ: പോലീസിനു വേണ്ടത് ജനകീയമുഖം.
ഇനി എന്താണ് ആവശ്യമെന്നതിനെക്കുറിച്ചുള്ള ഇടത്തലക്കെട്ട്: പോലീസ് നവീകരണം കാലത്തിന്റെ ആവശ്യം. നാലഞ്ചു വരി വായിക്കുക: കയ്യില്‍ കിട്ടുന്നവരെ പീഡിപ്പിക്കുക എന്ന ആസുരകാലത്തില്‍ നിന്നു കേരള പോലീസ് പിന്‍വാങ്ങിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന ജനത്തിന്റെ മുന്നിലാണ് ഈ ക്രൂരതകള്‍ ഉണ്ടായിരിക്കുന്നത്. പോലീസിന്റെ നല്ല നടപ്പിനുവേണ്ടി ഉത്തരവുകള്‍ ഇറക്കിയതുകൊണ്ടോ വിലക്കുകള്‍ കല്പ്പിച്ചതുകൊണ്ടോ അവരില്‍ ചിലരുടെ പെരുമാറ്റരീതിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നു വിളിച്ചു പറയുകയാണ് ഈ സംഭവങ്ങള്‍. രാജ്യം സ്വതന്ത്രമായി ആറര ദശകം കഴിഞ്ഞിട്ടും പോലീസ് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ബോധം വേരൂന്നാതിരിക്കാനുള്ള കാരണം കൂടി ഇതിലില്ലേ? ജനകീയ പോലീസും മാതൃകാ പോലീസ് സ്റ്റേഷനുകളും ആധുനികസംവിധാനങ്ങളും വന്നിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു എന്നത് ചോദ്യം തന്നെയാണ്.
പ്രാകൃത വികാരത്തില്‍ നിന്ന് മനുഷ്യന് ഏറെ മാറിയെങ്കിലും ജീനില്‍ ആക്രമണസ്വഭാവത്തിന്റെ വൈറസുകള്‍ കൂത്താടുന്നുണ്ട്. അതിന്റെ പിടിയില്‍ നിന്ന് മാറണമെങ്കില്‍ മാനവികതയ്ക്ക് പ്രാധാന്യമുള്ള സംസ്കരണം പോലീസ് സേനയില്‍ അവശ്യം ആവശ്യമാണ്. ഇപ്പോഴത്തെ പരിശീലനം വന്യമൃഗങ്ങളെ വരുതിയിലാക്കാനുള്ളതാണെന്ന തരത്തിലാണ്. മനുഷ്യനോട് ഇടപഴകേണ്ടതിനെക്കുറിച്ച് സിലബസിലുണ്ടോ എന്നറിയില്ല. പഴയ മിന്നല്‍ പരമേശ്വരനും ഇടിയന് പപ്പുപിള്ളയും വാള്‍ത്തല മാധവനും പോലീസുകാരുടെ കണ്‍കണ്ട ദൈവങ്ങളാണ്. അതില്‍ നിന്ന് അവര്‍ക്ക് വിമുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. പദവി ഉയരുന്തോറും തെറിവിളിയുടെയും ഭീകരമര്ദ്ദനത്തിന്റെയും ശക്തി കൂടുന്നതായാണ് പലരുടെയും അനുഭവം.
അതേ സമയം മാനവികതയുടെ മരുപ്പച്ചയായ ഒട്ടുവളരെ ഓഫീസര്‍മാരുമുണ്ട്. കേസ് അന്വേഷിക്കാനെത്തിയ വീട്ടിലെ ദൈന്യത കണ്ട് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്തുകൊടുക്കുകയും പിന്നീട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒപ്പം ചേര്‍ത്ത് ആലംബമറ്റ കുടുംബത്തിന് താങ്ങും തണലുമായി നിന്ന നാദാപുരം പോലീസ് സ്റ്റേഷനിലെ ബിജുവിനെപ്പോലുള്ളവര്‍ അത്തരക്കാരാണ്; വളരെ അപൂര്‍വമാണെന്നു മാത്രം. അവര്‍ പക്ഷേ, ലൈംലൈറ്റില്‍ ഉണ്ടാവില്ല. ഇടിയന് പപ്പുപിള്ളമാരെയാണ് കൂടുതലും അറിയുക. ഔദ്യോഗിക പീഡനവ്യവസായം പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ഭരണകൂടം ആര്‍ജവത്തോടെ നടപടി സ്വീകരിക്കണമെന്നു മലയാള മനോരമ പറയുന്നുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടെന്ന് വ്യക്തമല്ലേ?
പുരോഗതിയും ശാസ്ത്രവും ഒരേപോലെ കുതിച്ചു പായുമ്പോള്‍ മനുഷ്യര്‍ പരീക്ഷണവസ്തുക്കളാവുന്നുണ്ടോ? പ്രപഞ്ചത്തിലെ അതിധന്യവും തികഞ്ഞ സ്വകാര്യതയുമുള്ളതായ മനുഷ്യ പ്രസവത്തിന്റെ ദൃശ്യങ്ങള്‍ കച്ചവടത്തിന്റെ മ്ലേച്ഛ മേച്ചില്പുറങ്ങളാവുകയാണോ? പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന ഒരു പ്രസവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും അതിനിരയായ വീട്ടമ്മയ്ക്കും അവരുടെ ബന്ധുക്കള്‍ക്കുമുണ്ട്. സ്ത്രീകള്‍ക്ക് പൊതുവിലും ഒരു ഭയം ഉണ്ടായിട്ടുണ്ട്. എന്ത് വിശ്വസിച്ച് പ്രസവമുറിയിലേക്കു പോവും എന്നാണ് ഓരോ ഗര്‍ഭിണിയും ഭീതിയോടെ ചിന്തിക്കുന്നത്.
സര്‍ക്കാറിന്റെ ആശുപത്രിയിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത് എന്നതാണ് ഏറെ ഗുരുതരമായ സംഗതി. ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന തരത്തില്‍ മലയാളത്തിലെ ഒരു നടിയും അവരുടെ സഹായികളും സംവിധായകനും നേരത്തെ വിശദീകരിച്ചിരുന്നു. കലയുടെ പൂര്‍ണതയ്ക്കു വേണ്ടിയാണതെന്ന മുട്ടാപ്പോക്കും അതേറ്റുപിടിക്കാന്‍ കുറെ വങ്കന്മാരും ഉണ്ടായി എന്നത് വേറെ കാര്യം. ഇപ്പോഴിതാ പയ്യന്നൂരിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പറയുന്നു, മൂന്നു കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ നടന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് പഠനാവശ്യത്തിനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന്! നാടുമുഴുവന്‍ മൊബൈലില്‍ വാട്സ് അപ് വഴി പ്രചരിപ്പിച്ചതില്‍ എന്ത് പഠനാവശ്യമാണ് നിറവേറ്റപ്പെട്ടത്? കളിമണ്ണ് സിനിമയുടെ ഒരു കരാളരൂപം സര്‍ക്കാറിന്റെ ആശുപത്രിയില്‍ മൂര്‍ത്തമായതില്‍ ആഹ്ലാദിക്കണോ, അതിന് വഴിവെച്ചവര്ക്ക് ചെകിട്ടത്ത് നാലു കൊടുക്കണോ? തങ്ങളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഡോക്ടര്‍മാരോട് രണ്ടുമൂന്ന് ചോദ്യം ചോദിച്ചു. അതിതാ: ഇതാണ് സ്ഥിതിയെങ്കില്‍ പ്രസവത്തിനു സ്ത്രീകള്‍ ധൈര്യപ്പെട്ട് എങ്ങനെ ആശുപത്രിയില്‍ പോകും? പഴയകാലത്തെപോലെ സ്ത്രീകള്‍ സ്വന്തം വീട്ടില്‍ വയറ്റാട്ടികളുടെ സേവനം തേടേണ്ടിവരുമോ? കളിമണ്ണിലെ നായികയും അതിന്റെ സംവിധായകനും ബുജികളും ന്യായീകരണത്തിന്റെ വിശ്വവിജ്ഞാനകോശം ഒരു പക്ഷേ, നമുക്കു മുമ്പില്‍ തുറന്നുവെക്കും. നമ്മളൊക്കെ തനി സാധാരണക്കാരല്ലേ.
ഇതൊന്നും അങ്ങനെ ദഹിക്കണമെന്നില്ല. മുട്ടാപ്പോക്കിന്റെ മുട്ടുകാല് തല്ലിയൊടിക്കണമെന്ന് ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന് എഴുതാറും പറയാറുമുണ്ട്. ഇവര്‍ക്കൊക്കെ അതേ പറ്റൂ.
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഏതാണ്ട് അതിന് സമാനമായ അവസ്ഥയാണ് കേരളത്തില്‍ സുധീരന്റെ പ്രവൃത്തിയിലൂടെ ഉണ്ടായതെന്ന് കലാകൗമുദി (സപ്തം. 28) പറയുന്നു.
സുധീരന് ഈ വീടിന്റെ ഐശ്വര്യം എന്ന കവര്‍ക്കഥ കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നികുതിഭാരത്തെക്കുറിച്ച് വിശകലനം ചെയ്യുന്നു. എസ്. ജഗദീഷ് ബാബുവിന്റേതാണ് റിപ്പോര്‍ട്ട്. ധനമന്ത്രി ബജറ്റില്‍ 1556.35 കോടി രൂപയുടെ നികുതിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഓര്‍ഡിനന്‍സിലൂടെ 2000 കോടിയുടെ നികുതിവര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധകാലത്തും ക്ഷാമകാലത്തുമല്ലാതെ ഇത്തരത്തില്‍ നിയമസഭയുടെ പോലും അംഗീകാരമില്ലാതെ ഒരു ഓര്‍ഡിനന്‍സിലൂടെ ഇത്രയും വലിയ നികുതി വര്‍ധനവ് കേരളം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതാണ് സ്ഥിതിയെങ്കില്‍ പിന്നെ പറയേണ്ടതുണ്ടോ? കേട്ടിട്ടില്ലേ ഒരു ശ്ലോകന്‍: ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍. അങ്ങനെ വഴിമാറി പെരുവഴിയിലാവാന്‍ വിധിക്കപ്പെട്ടവരുടെ കൂടെ പാവം ഈ കാലികവട്ടവുമുണ്ടാവും, തീര്‍ച്ച.
തൊട്ടുകൂട്ടാന്‍
കാഴ്ചയും കേള്‍വിയും പോയ
പെറ്റമ്മയെ അനാഥാലയത്തിനു
തീറെഴുതുന്നവര്‍ക്ക്
ഇതെന്തു നിസ്സാരം!
ജിജികെ. ഫിലിപ്പ്
കവിത: കിണറിന്റെ സങ്കടം
കലാകൗമുദി (സപ്തം. 28)
പ്രതികരിക്കാൻ ഇവിടെ എഴുതുക: