സരസ്വതി പ്രവാഹമയിയാണ്. ഗുരുവില്‍നിന്ന് ശിഷ്യരിലേക്കും ജ്ഞാനിയില്‍നിന്ന് ജിജ്ഞാസുവിലേക്കും സരസ്വതി പ്രവഹിക്കുന്നു. അറിവിന്റെ അക്ഷയഖനിയായ അവള് നവംനവങ്ങളായ ചിന്തകളാല്‍ ഓരോ നിമിഷവും വാക്കിന്റെ വിസ്മയലോകം തുറക്കുന്നു. മൂഢനെ അകക്കണ്ണു തുറപ്പിച്ച് മനീഷിയാക്കുന്ന വരപ്രസന്നയായ സരസ്വതി സകല കലകളുടേയും അധിദേവതയുമാണ്. നാദബ്രഹ്മാത്മികയും നാദരൂപാത്മികയും വേദമന്ത്രാര്ച്ചിതയുമായ വിദ്യാ ദേവതയുടെ ആരാധനാകാലമാണ് ഇനിയുള്ള പത്തുനാളുകള്‍.
ജ്ഞാനനദിയില്‍ മുഴുകുന്നവരുടെ വിശേഷോത്സവമാണ് വിജയദശമി.
പത്തുദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ ദശരാത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആഘോഷം ശരത്കാലാരംഭമായ ആശ്വിനമാസത്തിലെ (കന്നി)ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെ ആചരിക്കപ്പെടുന്നു. മഹാനവമി, നവരാത്രി എന്നീ പേരുകളിലും ദശമി വരെ ആഘോഷിക്കപ്പെടുന്നതിനാല്‍ വിജയദശമി എന്നും വിളിക്കപ്പെടുന്നു. ഭാരതത്തില്‍ മിക്കവാറും പ്രദേശങ്ങളിലും ശരത്കാല നവരാത്രിയ്ക്കാണ് പ്രാധാന്യമെങ്കിലും ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വസന്തകാല നവരാത്രിയാണ് കൊണ്ടാടപ്പെടുന്നത്.
മീനമാസത്തില്‍ (ചൈത്രം)കറുത്ത പ്രഥമ മുതല്‍ ഒമ്പതു ദിവസമാണ് വസന്തകാല നവരാത്രി.
സ്ത്രീ ദേവതാരാധനയ്ക്ക് വേദകാലത്തോളം പഴക്കമവകാശപ്പെടാനാകും. സ്ത്രീയെ ശക്തി സ്വരൂപിണിയായി ആരാധിക്കുന്നതു തന്നെ ഭാരതീയര്‍ മഹാപുണ്യമായിട്ടെണ്ണി. ദേവത്വത്തിന്റെ അമൃതസന്താനമായ മാനവന് ഈശ്വരന്റെ മുപ്പത്തിമൂന്ന് വീര്യവുമായിട്ടാണ് പിറവിയെടുക്കുന്നത്. ഭൂമിയില്‍ വന്ന് ഈ ശക്തികളെയവന് വികസിപ്പിക്കുന്നു. ഇത്രയും ശക്തി കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നിനെ പ്രസവിക്കുകയെന്ന മഹദ്പ്രവൃത്തിയാണ് സ്ത്രീ ചെയ്യുന്നത്. സ്ത്രീ ബഹുമാനിതയാണെന്ന് വൈദിക ഋഷിമാര്‍ പറയുന്നത് ഇക്കാരണംകൊണ്ടുകൂടിയാണ്. അവരോടുള്ള പെരുമാറ്റം പവിത്രവും പരമപൂജനീയവുമായി ഋഷികള്‍ വിധിച്ചിരിക്കുന്നു.
ശരിയായ വിദ്യാഭ്യാസം
സാ വിദ്യാ യാ വിമുക്തയേ -മോചനം നല്കുന്നതെന്തോ അതാണ് വിദ്യ. വിജ്ഞാനം തന്നെ വിമോചനമാണെന്നാണ് ഭാരതീയ കാഴ്ചപ്പാട്. ആചാര്യനില്‍ നിന്നും നമുക്ക് വേണ്ട നാലിലൊന്ന് വിദ്യയും സ്വയം ഗൃഹപാഠം ചെയ്തും ചിന്തിച്ചും മനസ്സിലുരുവിട്ടും അടുത്ത നാലിലൊന്നു വിദ്യയും വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടിയിരുന്ന് തമ്മില്‍ ചര്‍ച്ച ചെയ്ത് അടുത്ത നാലിലൊന്നും ബാക്കിയുള്ള കാല്‍ഭാഗം ലോകപരിചയത്തിലൂടെയും നേടി പൂര്‍ണത നേടണമെന്നതാണ് ഋഷിമതം.
കഠോപനിഷത്തില്‍ പ്രേയോമാര്ഗം, ശ്രേയോമാര്‍ഗം എന്നു രണ്ടുതരം വഴികളെക്കുറിച്ച് സൂചിപ്പിക്കുന്നു. പ്രേയോമാര്ഗത്തെ ബുദ്ധിഹീനരും ശ്രേയോമാര്‍ഗത്തെ ധീരന്മാരും സ്വീകരിക്കുന്നതായി പറയപ്പെടുന്നു. നചികേതസ്സ് പ്രേയോമാര്ഗത്തെ തള്ളിക്കളയുകയും ശ്രേയോമാര്‍ഗ്ഗത്തെ സ്വീകരിക്കുകയും ചെയ്തു.ഇതില്‍ സന്തുഷ്ടനായ യമാചാര്യന് പറയുന്നു:
ഹേ, നചികേതസ്സേ, അവിദ്യ എന്നും വിദ്യയെന്നും പറയപ്പെടുന്ന ഈ പ്രേയോമാര്ഗവും ശ്രേയോമാര്ഗവും വിരുദ്ധ സ്വഭാവത്തോടുകൂടിയവയും വേറെ വേറെ ഫലത്തോടു കൂടിയവയുമാണ്. നീ വിദ്യയെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവനാണെന്ന് ഞാനറിയുന്നു. എന്തുകൊണ്ടെന്നാല്‍ മോഹനങ്ങളായ കാമ്യവസ്തുക്കളൊന്നും നിന്നെ പ്രലോഭിപ്പിക്കാന്‍ പര്യാപ്തമായില്ലല്ലോ-കഠോപനിഷത്തിന്റെ അഭിപ്രായത്തില്‍ സുഖലോലുപതയാണ് അവിദ്യ.
മുണ്ഡകോപനിഷത്തുപ്രകാരം വിദ്യ രണ്ടുതരമുണ്ട്. പരാവിദ്യയും അപരാവിദ്യയും. ഋഗ്വേദാദിവേദങ്ങളും ശിക്ഷ, കല്പം തുടങ്ങിയ വേദാംഗങ്ങളും അപരാവിദ്യയില്പ്പെടുന്നു. അക്ഷരബ്രഹ്മത്തെ അറിയാന്‍ സഹായിക്കുന്ന വിദ്യയാണ് പരാവിദ്യ.
പരമേശ്വരനില്‍ നിന്നും ഭിന്നമായ ഭൗതികപദാര്‍ത്ഥങ്ങളെ ഉപാസിക്കുന്നതും ഭൗതികപദാര്‍ത്ഥങ്ങളില്‍ അഭിരമിക്കുന്നതുമാണ് മുണ്ഡകോപനിഷത്തിന്റെ ദൃഷ്ടിയില് അവിദ്യ. ഛാന്ദോഗ്യോപനിഷത്തില്‍ സനത് കുമാര നാരദ സംവാദത്തില്‍ ഭൗതിക ശാസ്ത്രങ്ങളെല്ലാം അവിദ്യയില്പ്പെടുത്തുന്നുണ്ട്. രസതന്ത്രം, ജന്തുശാസ്ത്രം തുടങ്ങിയവയൊക്കെ പഠിച്ചിട്ടും നാരദന് തൃപ്തിയും മനഃശാന്തിയും കൈവരാതിരുന്നതിന് കാരണം അദ്ദേഹത്തിന്റേത് സൈദ്ധാന്തിക ജ്ഞാനം മാത്രമായതിനാലായിരുന്നു. പ്രായോഗിക ജ്ഞാനമോ അനുഭവജ്ഞാനമോ നാരദന് ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്നില്ല. ഛാന്ദ്യോഗ്യത്തിന്റെ മുമ്പില്‍ നാമജ്ഞാനം അപരാവിദ്യയും ആത്മബോധം അനുഭവത്തില്‍ വരുന്നത് പരാവിദ്യ അല്ലെങ്കില്‍ വിദ്യയുമാണ്. ഇത്തരത്തില്‍ ഉപനിഷത് ദര്‍ശനം സകലഭൗതിക വിദ്യകളും അവിദ്യയെന്ന് പ്രസ്താവിക്കുന്നു.
എല്ലാവരിലും മുന്നിലെത്തുക എന്ന ജ്വരത്തിന്റെ അടിത്തറയിലാണ് നമ്മുടെ ഇന്നത്തെ എല്ലാ വിദ്യാഭ്യാസ രീതിയും നിലനില്‍ക്കുന്നത്. ഇന്നിപ്പോള്‍ സ്കൂളില്‍ പോകുന്ന ഒരു ചെറിയ കുഞ്ഞില്‍ നിറയെ ഉത്ക്കണ്ഠയാണ്. ഒന്നാമനായാല്‍ അവന് സമ്മാനിതനാകും. രണ്ടാമനായാല്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്നു. ഭാരതീയ വിദ്യാഭ്യാസ പദ്ധതി ഒരിക്കലും ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കുന്നില്ല മറിച്ച് അത് സമഭാവനയ്ക്കും ഉത്തമമായ ഗുരുശിഷ്യ ബന്ധത്തിനും ഊന്നല്‍ നല്കി പുതുതായൊരു മാനവസൃഷ്ടിക്കായാണ് എന്നും നിലകൊണ്ടിട്ടുള്ളത്.
ശക്തിയുടെ വിജയദിനം
നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസം ശക്തിശാലിനിയായ ദുര്‍ഗയും അടുത്ത മൂന്നു ദിവസം ഐശ്വര്യരൂപിണിയായ മഹാലക്ഷ്മിയും ഒടുവിലത്തെ മൂന്നുദിവസങ്ങളില്‍ ജ്ഞാനരൂപിയായ സരസ്വതിയുമാണ് ആരാധിക്കപ്പെടുന്നത്. ഒടുവിലത്തെ മൂന്നു ദിവസങ്ങളിലും സരസ്വതീ പൂജയ്ക്കാണ് പ്രാധാന്യമെങ്കിലും സപ്തമി, അഷ്ടമി, നവമി ദിനങ്ങളില്‍ യഥാക്രമം ശാംഭവി, ദുര്‍ഗ, സുഭദ്ര എന്നീ സങ്കല്പത്തിലാവും പൂജ നടത്തുക.
തിന്മയുടെ മേല്‍ നന്മയുടെ വിജയവും എല്ലാവിധ അജ്ഞാനത്തില്‍ നിന്നുമുള്ള വിമോചനവുമാണ് വിജയദശമി. ഇക്കാരണത്താല്‍ ജീവിതവിജയത്തിനുപകരിക്കുന്ന സകലകലകളുടെയും അഭ്യാസാരംഭത്തിന് ഉചിതമായ സമയവുമാണ് വിജയദശമി. ദുര്‍ഗ മഹിഷാസുരനെ നിഗ്രഹിച്ചുവെന്നത്, വിദ്യയുടെ ആവിര്‍ഭാവത്തോടെ അവിദ്യ നശിച്ചു എന്നുള്ള സൂചനയും ദേവിയുടെ വിജയദിനമായതിനാല് വിദ്യാരംഭവുമായി പരിഗണിക്കപ്പെട്ടു. വാളിനേയും വാക്കിനേയും പൂജിക്കുന്ന സംസ്കാരത്തിന്റെ പുണ്യകാലത്ത് യോദ്ധാവ് ആയുധവും സാഹിത്യകാരന് ഗ്രന്ഥവും തൂലികയും കലാകാരന് സംഗീതോപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളും ദേവിക്കു മുമ്പില്‍ സമര്‍പ്പിച്ചു പൂജിച്ച് വിജയദശമി ദിവസം ശുഭവേളയില്‍ തിരികെയെടുക്കുന്നു.
‘’മാണിക്യവീണയെ ഉപലാളനം ചെയ്യുന്നവളും മദാലസയും മഞ്ജുള വാഗ്വിലാസയും മഹേന്ദ്രനീലദ്യുതിയുള്ള കോമളാംഗിയുമാണ്’ മഹാകവി കാളിദാസന് സരസ്വതി. മാതംഗകന്യയായ അവള് മനസ്സാ സ്മരിക്കപ്പെടുന്നവളുമാണ്. സരസ്വതി വിദ്യാപ്രവാഹമാകുന്ന വേദജ്ഞാനമാകുന്നു. ജ്ഞാനമെന്നത് അദൃശ്യമായതിനാല്‍ സരസ്വതി നദീ പ്രവാഹത്തെ അദൃശ്യ നദിയായി കരുതുന്നു. അറിവിന്നുറവായ, വേദവാണിയായ സരസ്വതിയുടെ ചിത്രീകരണത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള വീണ, പത്മം, മാല, അമൃതകുംഭം, ഗ്രന്ഥം മുതലായവ അന്വര്ത്ഥങ്ങളാണ്. സരസ്വതി എന്ന വാക്കിന് സരസ്സ് (തടാകം) പോലെ ആഴമുള്ളവള്‍, സരസ്സ-അവതി-ഒരേ ഗതിയില്‍ ജ്ഞാനം പകരുന്നവള്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്.
ജലപ്രവാഹമെന്നാല് നമുക്ക് ക്ഷീണത്തെ അകറ്റി ജീവന് നിലനിര്ത്തുന്നതാണെല്ലോ. ഇപ്രകാരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന സരസ്സ്പോലെ വിദ്യ ആരില്‍ എങ്ങനെ പ്രവഹിച്ചുകൊണ്ടിരിക്കുന്നുവോ ആ ദേവതയുടെ പേരാണ് സരസ്വതി. ക്രമാനുഗതമായ ഒഴുക്ക് അല്ലെങ്കില്‍ പ്രവാഹം അതിനെയാണ് സരസ്വതി പ്രതിനിധാനം ചെയ്യുന്നത്. സരസ്സിലെ താമരപ്പൂവില്‍ വസിക്കുന്ന ദേവിയാണവള്‍. അതിന്റെ എണ്ണമറ്റ ഇതളുകള്‍ ജ്ഞാനശാഖയുടെ അനന്തതയെ സൂചിപ്പിക്കുന്നു. മന്ദ്രധ്വനി മുഴക്കുന്ന വീണ ‘ശ്രുതി’ മധുരമായി മീട്ടി അര്‍ത്ഥഗ്രഹണം, സംശയനിവാരണം എന്നിവ സാധ്യമാക്കുന്നു.
ഹരിഃശ്രീയിലെ രഹസ്യസന്ദേശം
ജ്ഞാനസൂര്യന്റെ ഉദയത്തില്‍ വികസിക്കുന്ന മനുഷ്യാത്മാവിന്റെ പ്രതീകമായ താമരയും താളനിബദ്ധതയെ സൂചിപ്പിക്കുന്ന മാലയും അമൃതത്ത്വത്തിലേക്ക് നമ്മെ നയിക്കുന്നതാണ് വിദ്യയെന്ന് സൂചിപ്പിക്കുന്ന അമൃതകുംഭവും പരമ്പരാഗതമായ വിദ്യയുടെ നിലനില്‍പ്പിനെ സൂചിപ്പിക്കുന്നതിന്റെ സ്വാരസ്യം ചിന്തനീയമാണ്. ദേവിയുടെ രൂപാന്തര സങ്കല്പമായ ഭദ്രകാളിയുടെ കഴുത്തിലെ അന്‍പത്തിരണ്ട് തലയോട്ടികളുള്ള മാലയും വിദ്യയുമായി ബന്ധത്തിലെ അന്‍പത്തിരണ്ട് അക്ഷരങ്ങളെ കുറിക്കുന്നു. സംസ്കൃതത്തിലെ അന്‍പത്തിരണ്ട് അക്ഷരങ്ങളുടെ സൂചകം തന്നെയാണ് ഈ കപാലങ്ങള്‍.
നാവ് പുറത്തേക്കിട്ട് കൈകളില്‍ വാളേന്തിയ ഭദ്രകാളി രൂപം വാക്കിന്റെയും വാളിന്റെയും ശക്തിയെ ഒരേപോലെ വിളംബരം ചെയ്യുന്നു.
നമ്മുടെ മലയാള ഭാഷയിലും അന്‍പത്തിയൊന്ന് അക്ഷരങ്ങളാണ് ഉള്ളത്. അന്‍പത്തിമൂന്ന് എന്ന് പറയുന്നവരുണ്ട്. ദീര്ഘാദികളോടു കൂടിയ പതിനെട്ട് സ്വരവും ‘കചടതപ’ ഇരുപത്തിയഞ്ച് എണ്ണവും ‘യരലവശഷസഹളഴറക്ഷ’ പന്ത്രണ്ട് എണ്ണവും ചേര്‍ത്ത് അന്‍പത്തിയഞ്ച് വരും. ഇവയില്‍ സ്വരത്തിലെ ഋ, നു എന്നിവയുടെ ദീര്ഘങ്ങളെ ഒഴിവാക്കിയാല്‍ അന്‍പത്തിമൂന്ന് ആവും. ‘അഃ, ക്ഷ, ല, ള’ എന്നിവയില്‍ രണ്ടിനെക്കൂടി ഒഴിവാക്കി അന്‍പത്തിയൊന്ന് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.
‘അമ്പത്തൊന്നക്ഷരാളി’ എന്നല്ലേ പ്രമാണം. ഈ അന്‍പത്തിയൊന്ന് അക്ഷരങ്ങളും ഞാന്‍ പഠിച്ചുകൊള്ളാമെന്ന പ്രതിജ്ഞയുടെ മറ്റൊരു രൂപമാണ് രഹസ്യകോഡു വഴി നാം എഴുതുന്ന ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന മംഗളാചരണത്തില്‍ അടങ്ങിയിരിക്കുന്നത്. പഴയകാലത്ത് ഇത്തരം ചില കോഡുകള്‍ ഉണ്ടായിരുന്നു. അക്ഷരങ്ങളെക്കൊണ്ട് കണക്കെഴുതുന്ന ‘കടപയാദി’ ഒരു ഉദാഹരണമാണ്.
ഹരി വിഷ്ണുവിനെയും ശ്രീ ഐശ്വര്യപ്രതീകമായ ലക്ഷ്മിദേവിയുടേയും സങ്കല്പമാണ്. ഹരിയും ശ്രീയും ഒരുമിച്ച് ചേര്‍ന്നാല്‍ അത് ദമ്പതീ സങ്കല്പ്പമായി. പ്രാചീനകാലത്ത് സ്ത്രീ-പുരുഷ ഭേദമന്യേ സര്‍വരേയും വിദ്യ അഭ്യസിപ്പിച്ചിരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. വിഷ്ണു വ്യഞ്ജനവും ശ്രീസ്വരവുമാണ്. സ്വരമില്ലെങ്കില്‍ വ്യഞ്ജനത്തിന് നിലനില്‍പ്പില്ല എന്നതാണിത് അര്‍ത്ഥമാക്കുന്നത്.
ഗണപതി ത്രിമൂര്‍ത്തികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ദേവതാസങ്കല്‍പ്പമാണ്. ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകള്‍ക്ക് പ്രണവസ്വരൂപനായ ഗണപതി സ്മരണ അനിവാര്യമാണ്. മുണ്ഡകോപനിഷത്തില്‍ പറയുന്നത് ഈ കാണുന്നതെല്ലാം ഓങ്കാരമാണെന്നാണ്. അതിന്റെ എളുപ്പ വിവരണം ഇങ്ങനെയാണ്. ഭൂതവും വര്‍ത്തമാനവും ഭാവിയുമായിട്ട് ഏതൊന്നുണ്ടോ അതെല്ലാം ഓങ്കാരമാകുന്നു. മൂന്നു കാലത്തെയും അതിക്രമിച്ചുള്ളതൊക്കെയും ഓങ്കാരം തന്നെയാണ്. ഗണപതി അഗ്നിസ്വരൂപനാണ്.
പ്രകാശ സ്വരൂപനായ അഗ്നിയെയാണ് വേദങ്ങളില്‍ ഗണപതിയായി ഗണിക്കുന്നത്. അഗ്നിയെ ആദ്യം യജിക്കണമെന്ന് പ്രമാണമുണ്ട്. അഗ്നീമീളേ പുരോഹിതം എന്നാണല്ലോ വേദാരംഭം തന്നെ. ഇക്കാരണത്താല്‍ ആദ്യം ഗണപതിക്ക് എന്ന സങ്കല്പമുണ്ടായി. മുന്നില്‍നിന്നും നയിക്കുന്നവനാണ് ഗണപതി.
വിഷ്ണുവിനെയും ലക്ഷ്മിയെയും ഗണപതിയെയും സ്മരിച്ച ശേഷം അവിഘ്നമസ്തു എന്ന് കുറിക്കുന്നു. വിദ്യാഭ്യാസത്തിനും ജീവിതവിജയത്തിനും യാതൊരുവിധത്തിലുള്ള വിഘ്നങ്ങളും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണിത്. അരിമണിയില്‍ ആദ്യക്ഷരം കുറിച്ചശേഷം നാവില്‍ സ്വര്‍ണംകൊണ്ട് അക്ഷരം കുറിക്കുന്നു.
കുട്ടി മുതിരുമ്പോള്‍ പറയുന്നതെല്ലാം സ്വര്‍ണംപോലെ വിലപ്പെട്ടതും ഈടുറ്റതുമായിരിക്കണമെന്നതിന്റെ പ്രതീകമാണിത്. നാവ് വാണിയുടെ ഇരിപ്പിടമാണ്. ശക്തിയേറിയ ആയുധം കൂടിയായ വാണി, ഗണപതിയുടെ വാമഭാഗവുമാണ്. അരിമണിയില്‍ ലിപി കുറിക്കുക വഴി ജീവനത്തിനുള്ള ഉപാധിയായി വിദ്യ മാറണമെന്ന സങ്കല്പവുമുണ്ട്. അരിയെന്നാല്‍ അന്നവും ധനത്തെ നല്കുന്ന ധാന്യവും ഐശ്വര്യദേവതയും ഹരിയുടെ ദാനവുമാണ്. അന്നം അറിവിലൂടെ സമാര്‍ജിക്കുക എന്ന മഹനീയമായ സന്ദേശമാണിവിടെ പ്രകാശിതമാവുന്നത്. ഞങ്ങള്‍ പരസ്പരം വിദ്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഹരിഃ ശ്രീ കുറിക്കപ്പെടുന്നത്. ശത്രുവിനെപ്പോലും അനുനയിപ്പിച്ച് ലോകനാശകകാരനാകാതെ ശാന്തചിത്തനാക്കുവാനുള്ള യോഗ്യത നേടുന്നതിന് നമ്മുടെ കുഞ്ഞുങ്ങള്‍ പ്രാപ്തരാകണമെന്നാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.
ജ്ഞാനസരസ്വതി ഒഴുകട്ടെ
വിദ്യാരംഭം മുതല്‍ സമാവര്‍ത്തനം വരെയുള്ള ചടങ്ങുകള്‍ ഭാരതീയരുടെ ഷോഡശ സംസ്കാരത്തിന്റെ ഭാഗമാണ്. അതിലേറ്റവും പ്രാധാന്യമുളളതാണ് വിദ്യാദീക്ഷ. വിരല്‍ത്തുമ്പിലൂടെ മനോമണ്ഡലത്തിലേക്ക് പരന്നുയരുന്ന അക്ഷരത്തിന്റെ കാന്തിമജ്വാല ഈ സൈബര്‍ യുഗത്തിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാസരസ്വതിയായി തെളിയട്ടെ. കാണാത്ത ലോകത്തിന്റെ അത്ഭുതദൃശ്യം തേടി അവള് ഭൂഖണ്ഡങ്ങളിലേക്ക് യാത്ര തിരിക്കട്ടെ. മഗധയിലെ സംഘമിത്ര രാജകുമാരിയെ പോലെ ഒരു കൈയില്‍ പച്ചിലയും മറു കൈയില്‍ അമൂല്യപൈതൃകവുമായി ദേശാന്തരങ്ങള്‍ കടന്നെത്തട്ടെ. അങ്ങനെ അല്‍പ്പമെങ്കിലും നമ്മുടെ ഋഷിപരമ്പരകളോടുള്ള ഋണം വീട്ടുവാനായെങ്കില് അതില്പ്പരണം പുണ്യം വേറെ എന്തുണ്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: