വാഷിങ്ടണ്‍: തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഭാരത അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസിലെ പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭാരതം അന്താരാഷ്ട്ര സുഹൃത്തുക്കളുമായി നല്ലബന്ധം പുലര്‍ത്തുവാനാണ് ആഗ്രഹിക്കുന്നത്. മാറ്റത്തിന്റെ തിരമാല ഒരു പ്രതീക്ഷയായി ഭാരതത്തില്‍ ഉയര്‍ന്നുവരുന്നു. ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഭാരതത്തില്‍ കൊണ്ടുവരും. ഇതു വ്യവസായ വളര്‍ച്ചയ്ക്കും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ഉതകും. ഞങ്ങളുടെ നഗരങ്ങള്‍ വാസയോഗ്യവും നിലനില്ക്കുന്നതും സ്മാര്‍ട്ടുമാക്കും. സാമ്പത്തിക മാറ്റത്തിന്റെ പുത്തന്‍ എഞ്ചിന് ആക്കി ഗ്രാമങ്ങളെ പരിഷ്കരിക്കും- മോദി കൂട്ടിച്ചേര്‍ത്തു.
35 വയസ്സിനു താഴെയുള്ള 80 കോടി യുവജനങ്ങളാണ് ഭാരതത്തിലുള്ളത്. ശുഭാപ്തി വിശ്വാസത്തിലും ആത്മവിശ്വാസത്തിലും നിറഞ്ഞു തുളുമ്പുകയാണ് ഭാരതം. യുവജനങ്ങളുടെ ഊര്‍ജവും അത്യുത്സാഹവും സാഹസികതയുമാണ് ഇന്ത്യയുടെ കരുത്ത്. ഇവ വെളിപ്പെടുത്തുകയാണ് തന്റെ സര്‍ക്കാരിന്റെ ദൗത്യം.
അനാവശ്യമായ, കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റും. മേക്ക് ഇന്‍ ഇന്ത്യ എന്ന ക്യാംപെയ്ന് യാഥാര്‍ഥ്യത്തിലേക്കു കൊണ്ടുവരും. ആഗോള തലത്തില്‍ ഭാരതത്തെ ഒരു ഉത്പ്പാദക രാഷ്ട്രമാക്കും. ഇതിലേക്കു വേണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുമെന്നും ലേഖനത്തില്‍ പറയുന്നു.
ഏഷ്യയിലെയും പസഫിക് മേഖലയിലെയും സമാധാന പരിപാലനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നതിലും തീവ്രവാദവും വിഘടനവാദവും തുടച്ചുകളയാനും നമ്മുടെ സമുദ്രവും സൈബര്‍ ലോകവും ബഹിരാകാശവും സംരക്ഷിക്കുന്നതിനും ഭാരതം വിലകല്‍പ്പിക്കും.
യുഎസ് ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമായ ആഗോള വികസനത്തിനും ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതം ഉയര്‍ത്തുന്നതിനും ഉതകുന്നതാണ്. രാജ്യാന്തര സുഹൃത്തുക്കളുമായുള്ള പങ്കാളിത്തത്തോടെ രാജ്യം അതിന്റെ സ്വപ്നങ്ങള്‍ നേടും. വ്യാപാരം, ആശയം, ഗവേഷണം, കണ്ടെത്തലുകള്‍, യാത്രകള്‍ തുടങ്ങിയവയ്ക്ക് ഭാരതത്തെ ഏവര്‍ക്കും സമീപിക്കാമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: