തൃശൂര്‍: ദേശീയപാതാ വികസന പദ്ധതി ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരന്റെ പേരില്‍ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്.നടരാജന് റവന്യൂ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
മാനലശ്ശേരി കോമ്പാറയില്‍ മെറീനാ ഡേവീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവും സ്പെഷ്യല്‍ തഹസില്‍ദാറുമായ കെ.എസ്. ഡേവിസ് ചില ഫയലുകള്‍ അനധികൃതമായി വീട്ടിലേക്ക് കൊണ്ടുവന്നുവെന്ന് ആരോപിച്ച് വാറന്റോ കോടതി ഉത്തരവോ ഇല്ലാതെ പോലീസുകാര്‍ക്കൊപ്പം വന്ന് ഡെപ്യൂട്ടി കളക്ടര്‍ തങ്ങളുടെ വീട് പരിശോധിച്ചെന്നാണ് പരാതി. 2008 ജൂണ്‍ 27നാണ് സംഭവം.
കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുകുന്ദപുരം പോള്‍സണ്‍ ഡിസ്റ്റിലറിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് വേണ്ടിയാണ് സ്പെഷ്യല്‍ തഹസില്‍ദാറുടെ വീട്ടില്‍ സെര്‍ച്ച് നടത്തിയതെന്ന് കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.വി. മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരളീധരന്റെ സാന്നിദ്ധ്യത്തിലാണ് ഇരിങ്ങാലക്കുട എസ്.ഐയും സംഘവും ഡേവിസിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയതെന്ന് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഡേവിസിന്റെ വീട്ടില്‍ നിന്നും ഫയലുകള്‍ കണ്ടെത്താനായില്ല.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് എസ്ഐയും സംഘവും സ്പെഷ്യല്‍ തഹസില്‍ദാറുടെ വീട്ടിലെത്തിയത്. മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച പോലീസുകാര്‍ കുറ്റക്കാരല്ലെന്ന് കമ്മീഷന് വിധിച്ചു. സ്പെഷ്യല്‍ തഹസില്‍ദാരും ഡെപ്യൂട്ടി കളക്ടറും തമ്മില്‍ അസ്വാരസ്യമുണ്ടെന്നും കമ്മീഷന് കണ്ടെത്തി. ഇരുവരും പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സ്പെഷ്യല്‍ തഹസില്‍ദാര്‍ എന്ന നിലയില്‍ ഡേവീസിന് ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമ തടസ്സമില്ലെന്നും കമ്മീഷന് അംഗം ആര്.നടരാജന് നിരീക്ഷിച്ചു.
കോടതി ഉത്തരവോ വാറന്റോ ഇല്ലാതെ സ്പെഷ്യല്‍ തഹസില്‍ദാരുടെ വീട് പരിശോധിച്ച ഡെപ്യൂട്ടി കളക്ടറുടെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും കമ്മീഷന് കണ്ടെത്തി. ഇത് സ്പെഷ്യല്‍ തഹസില്‍ദാരെയും കുടുംബത്തെയും അപമാനിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: