കായംകുളം: മംഗള്‍യാന്റെ ചരിത്രവിജയത്തില്‍ ഓണാട്ടുകരയ്ക്ക് അഭിമാനം. ദൗത്യസംഘത്തില്‍ പങ്കാളിയായ കറ്റാനം കരിമുട്ടം ചക്കാല വിളയില്‍ കെ.വി. രാജുവിന്റേയും പരേതയായ രോഹിണി കുട്ടിയുടേയും മകന് ഹട്ടന്റെ (47) സാന്നിദ്ധ്യമാണ് ഓണാട്ടുകരയ്ക്ക് അഭിമാനമായത്. പിഎസ്എല്‍വി അസോസിയേഷന് വെഹിക്കിള്‍ ഡയറക്ടറും ലിക്കിഡ് പ്രൊപ്പോസല്‍ വിങ്ങിന്റെ പ്രധാന ശാസ്ത്രജ്ഞനുമാണ് ഹട്ടന്. 20 വര്‍ഷം മുമ്പാണ് ഹട്ടന് ജോലിയ്ക്ക് കയറുന്നത്. പിന്നീട് നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറ്റേഷന്‍ ജീവനക്കാരനായിരുന്ന അച്ഛനോടൊപ്പം മധുരയിലായിരുന്നു അഞ്ചാം ക്ലാസുവരെയുള്ള പഠനം. ആറാം ക്ലാസുമുതല്‍ 10 വരെ കറ്റാനം പോപ് പയസ് സ്കൂളിലാണ് പഠനം. പിന്നീട് ബിഷപ്പ് മൂര്‍ കോളേജിലും ടികെഎം കോളേജിലുമായി ബിരുദപഠനം. 1990ല്‍ കൊല്ലം ടികെഎം കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ഒന്നാം റാങ്കോടെ പാാായി. തുടര്‍ന്ന് കൊച്ചിന് റിഫൈനറിയില്‍ ജോലിക്ക് പ്രവേശിച്ചു. രണ്ടുമാസത്തെ സേവനത്തിന് ശേഷം ഐഎസ്ആര്‍ഒ നിയമനം. ശ്രീഹരിക്കോട്ടയില്‍ മംഗള്‍യാന്റെ അവസാനകുതിപ്പുകള് നിരീക്ഷിക്കുന്ന സംഘത്തിലായിരുന്നു ഹട്ടന്.
മധുരയില്‍ റെയില്‍വേ ചീഫ് കണ്ട്രോളര് സന്തോഷ് കുമാറും ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്സക്ഷന് മെറ്റീരിയല്‍ റിസേര്‍ച്ച് സെന്റര്‍ പ്രൊഫസറായ സതീഷ് കുമാര്‍, എന്നിവര്‍ സഹോദരങ്ങളാണ്. അഞ്ച് വര്‍ഷം മുമ്പ് അമ്മ മരിച്ചതില്‍ പിന്നെ അച്ഛന്റെ കെ.വി. രാജു, സഹോദരനായ സന്തോഷ്കുമാറിനൊപ്പം മധുരയിലാണ് താമസം. ഭാര്യ സ്വപ്നയും മക്കളായ വൈഷ്ണവിക്കും വീണയ്ക്കും ഒപ്പം ജോലിയുടെ ഭാഗമായി ഹട്ടന് തിരുവനന്തപുരത്താണ് താമസം. അതിനാല്‍ തറവാട്ട് വീട്ടില്‍ ആരുമില്ല. എന്നാല്‍ നാട്ടില്‍ വരുമ്പോഴെല്ലാം പഠിപ്പിച്ച അദ്ധ്യാപകരെ കാണാന്‍വേണ്ടി സ്കൂളിലെത്താറുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ കറ്റാനം പോപ്പ് പയസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹട്ടനെ ആദരിച്ചിരുന്നു. മംഗള്യാന് വിജയം കൈവരിച്ചതിനുപിന്നാലെ ഹട്ടന്റെ തറവാടായ ചക്കാലവിളയില്‍ രാവിലെമുതല്‍ തന്നെ ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷം പങ്കുവെച്ചു. ഇയാഴ്ച തന്നെ നാട്ടിലെത്തുമെന്നും ബന്ധുക്കളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: