മാവേലിക്കര: കൃഷിമന്ത്രി കെ.പി. മോഹനനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ നടക്കുന്ന കൃഷിവകുപ്പിന്റെ ഒരു പരിപാടിയും എംപി എന്ന നിലയില്‍ തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കരയോട് വിവേചനപരമായ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. ഇഎസ്ഐ മെഡിക്കല്‍ കോളേജിനായി ജില്ലാ കൃഷിത്തോട്ടം ലഭിക്കാതിരുന്നത് കൃഷിമന്ത്രിയുടെ ധാര്‍ഷ്ട്യം മൂലമാണ്. മുഖ്യമന്ത്രി താത്പര്യം എടുത്ത് മൂന്നുതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഫയല്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കെ.പി. മോഹനന് എതിര്‍ത്തതിനാല്‍ നടന്നില്ല.
എന്നാല്‍ പത്തനംതിട്ട, കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഭൂമി വിട്ടു നല്കാന് മന്ത്രി മടികാണിച്ചില്ല. ആഭ്യന്തരമന്ത്രി, റവന്യുമന്ത്രി എന്നിവരോടും സ്ഥലം ലഭ്യമാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇവരും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്തെന്ന് മന്ത്രിക്ക് യാതൊരു ഊഹവുമില്ല. പ്രതിപക്ഷ എംഎല്‍എയോടൊപ്പം കായല്‍ സൗന്ദര്യം ആസ്വദിക്കുകയാണ് മന്ത്രി ചെയ്തത്.
യുഡിഎഫിന്റെ ഘടക കക്ഷിയായാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. ഭരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. സോഷ്യലിസ്റ്റ് ജനത ഒരു കൊച്ചുപാര്‍ട്ടിയാണ്. അവര്‍ വരുന്നതിനു മുന്‍പും കോണ്‍ഗ്രസിന് ജനപ്രതിനിധികളും മന്ത്രിമാരും ഉണ്ടായിരുന്നു. ആളില്ലാ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. യുഡിഎഫിലെത്തിയെങ്കിലും അവരുടെ കൂറ് എല്‍ഡിഎഫിലാണെന്ന് അദ്ദേഹം ആരോപിച്ചു.
കെ.പി. മോഹനന് കളരിയാണെങ്കില്‍ അതിലും വലിയ പയറ്റു നടത്തിയാണ് കോണ്‍ഗ്രസുകാര്‍ ജനപ്രതിനിധികളായത്. തഴക്കരയില്‍ വിഎഫ്പിസികെയ്ക്ക് സ്ഥലം വിട്ടു നല്‍കിയതില്‍ മന്ത്രിക്ക് സ്വാര്‍ത്ഥ താത്പര്യമുണ്ട്. കൃഷിവകുപ്പ് മന്ത്രി വഴിവിട്ടും നിലവിട്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃഷിവകുപ്പ് പൂര്‍ണ പരാജയമാണെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: