പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും ദ്വീപില്‍നിന്ന് വാഹനങ്ങള്‍ കൊണ്ടുവരുന്നതിനുമുണ്ടായിരുന്ന ഏക ആശ്രയമായിരുന്ന ജങ്കാര്‍ സര്‍വീസ് ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നത് വാഹന യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. പെരുമ്പളത്തു നിന്ന് പാണാവള്ളി ജെട്ടിയിലേക്കുള്ള സര്‍വീസിനിടെയാണ് ജങ്കാര്‍ കേടായത്.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ജങ്കാര്‍ നന്നാക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജങ്കാര്‍ മുടങ്ങിയതോടെ പെരുമ്പളം ദ്വീപിലെത്തിച്ച വാഹനങ്ങള്‍ ദ്വീപില്‍ നിന്ന് കൊണ്ടുവരുവാന്‍ സാധിക്കുന്നില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍മ്മാണ വസ്തുക്കള്‍ ജങ്കാറിലൂടെയാണ് പെരുമ്പളം ദ്വീപിലെത്തിച്ചിരുന്നതിനാല് ദിവസങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ ദ്വീപില്‍ കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല.
പെരുമ്പളം പഞ്ചായത്ത് അധികൃതര്‍ ആവശ്യമായ നടപടിയെടുക്കാത്തതാണ് സര്‍വീസ് തുടങ്ങുന്നതിന് കാലതാമസം നേരിടുന്നത്. ജങ്കാര്‍ സര്‍വീസ് ആരംഭിച്ചില്ലെങ്കില്‍ ജനകീയ കൂട്ടായ്മയില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി അരൂര്‍ നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: