ആലപ്പുഴ: കോടികള്‍ മുടക്കി ആലപ്പുഴ നഗരത്തില്‍ നഗരസഭ നിര്‍മ്മിച്ച ആധുനിക അറവുശാല നോക്കുകുത്തിയായി മാറിയിട്ട് അഞ്ചുവര്‍ഷം. നഗരത്തില്‍ അറവുമാലിന്യ നിക്ഷേപം വ്യാപകം.
അനധികൃത അറവുശാലകളില്‍ നിന്ന് റോഡരികിലും കനാലുകളിലും ആരാധനാലയങ്ങള്‍ക്ക് സമീപവും അറവുമാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അറവുശാലയ്ക്കും ലൈസന്‍സ് ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. മുക്കിനുമുക്കിന് അറവുശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരസഭാധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും അറവുമാലിന്യങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ വല്ലപ്പോഴും പിടികൂടി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്കി മുഖം രക്ഷിക്കുകയാണ് പതിവ്.
കോടികള്‍ മുടക്കി ആധുനികമെന്ന് പ്രഖ്യാപിച്ച് അനധികൃത അറവുശാല നിര്‍മ്മിച്ച് നടപടി നേരിട്ട നഗരസഭാധികൃതര്‍ക്ക് നാട്ടില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകള്‍, ഇറച്ചിവില്‍പ്പന സ്റ്റാളുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ധാര്‍മ്മികാവകാശം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പോലും അനുമതിയില്ലാതെയാണ് നഗരസഭാധികൃതര്‍ വഴിച്ചേരിയില്‍ അറവുശാല നിര്‍മ്മിച്ച് 2010 അവസാനം ഉദ്ഘാടനം ചെയ്തത്. യാതൊരു ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിക്കാതെ അപരിഷ്കൃത രീതിയില്‍ മാടുകളെ അറുത്ത് തുടങ്ങിയതോടെ പരിസരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി. രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപത്തെ റോഡിലൂടെയുള്ള യാത്ര പോലും ദുഹസമായിത്തീര്ന്നു. ഇതേത്തുടര്‍ന്ന് പരിസരവാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ അറവുശാല പൂട്ടാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിടുകയായിരുന്നു.
മാലിന്യ നിര്‍മ്മാര്‍ജനം അശാസ്ത്രീയമാണെന്നും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഡിഎംഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് അറവുശാല തുറന്നു പ്രവര്‍ത്തിക്കാന്‍ രണ്ടുവര്‍ഷമായിട്ടും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
നഗരത്തിലെ റോഡരികുകളിലും കനാലുകളിലും മറ്റും ദിനംപ്രതി അറവുമാലിന്യങ്ങള്‍ തള്ളുകയാണ്. നൂറുകണക്കിന് അനധികൃത അറവുശാലകളാണ് നഗരത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ പരിശോധനകളും കൂടാതെയാണ് മാടുകളെ വെട്ടുന്നത്. അറക്കുന്നവയില് രോഗമുള്ളവയുണ്ടോയെന്ന് പോലും യാതൊരു പരിശോധനയുമില്ല. എവിടെ നിന്നെങ്കിലും മാടുകളെ എത്തിച്ച് തങ്ങള്‍ക്കിഷ്ടമുള്ളിടത്ത് വച്ച് അറവുനടത്തി ഇറച്ചി വില്‍ക്കാമെന്ന ദുരവസ്ഥയാണുള്ളത്. ഇറച്ചി സ്റ്റാളുകളില്‍ ഒന്നും തന്നെ യാതൊരു പരിശോധനയുമില്ല. ചോര കലര്‍ന്ന മലിനജലമടക്കം പൊതു കാനകളിലും മറ്റും ഒഴുക്കുന്നു. സ്കൂളുകള്‍ക്ക് പരിസരത്ത് പോലും കുട്ടികളുടെ കണ്മുന്നില് മാടുകളെ അതിക്രൂരമായി അറക്കുന്നതും പതിവായിരിക്കുകയാണ്.
പലതും മതത്തിന്റെ പേരിലായതിനാല്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരും ഭയക്കുന്നു. നഗരഭരണകര്ത്താക്കളും ജനപ്രതിനിധികളും അനധികൃത അറവുശാലകള്‍ കണ്ടില്ലെന്ന് നടിക്കുകയും മറുഭാഗത്ത് നഗരത്തെ മാലിന്യവിമുക്തമാക്കാന്‍ സെമിനാറുകളും ഘോഷയാത്രകളും നടത്തി പൊതുജനത്തെ കബളിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: