കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം ജനങ്ങള്‍ക്ക് അമിതനികുതിഭാരം അടിച്ചേല്പ്പിക്കേണ്ടിവന്നതിന് കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എം. മാണി രംഗത്ത്. കേന്ദ്രവിഹിതം ലഭിക്കാതെ വന്നതാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്ന വാദവുമായാണ് മാണി രംഗത്തെത്തിയത്.
സര്‍ക്കാരിന്റെ ധൂര്‍ത്തുമൂലം കാലിയായ ഖജനാവ് നിറയ്ക്കാന്‍ മദ്യനയത്തിന്റെ മറവില്‍ കുടിവെള്ളത്തിനു പോലും അമിത നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നയം പരക്കെ പ്രതിഷേധത്തിനും വിമര്‍ശനത്തിനും വഴിതെളിച്ചു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെ മറയാക്കി മുഖം രക്ഷിക്കാന്‍ കേരളത്തിലെ ഭരണനേതൃത്വം തുനിയുന്നതെന്നാണ് സൂചന.
പുതിയ മദ്യനയം മൂലം മദ്യവ്യാപാരത്തില്‍ നിന്നുള്ള ഭീമമായ വരുമാനം ലഭിക്കില്ലെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ ഈ പ്രചാരണത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കാന്‍ ഇടവന്നത് സര്‍ക്കാരിന് തിരിച്ചടിയായി. നിലവിലെ മദ്യനയം മൂലം മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ സര്‍ക്കാരിന് ചെറിയ നഷ്ടം മാത്രമേ സംഭവിക്കുന്നുള്ളൂ. മദ്യവരുമാനത്തിന്റെ ഭൂരിപക്ഷവും ബിവറേജ് ഔട്ട്ലെറ്റുകളിലൂടെയാണ് ലഭിക്കുന്നത്. ബിവറേജ് ഔട്ട്ലെറ്റുകളാകട്ടെ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. അതിനാല്‍ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് മദ്യനയമല്ല കാരണം എന്നുവന്നതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ധനമന്ത്രി രംഗത്തെത്തിയത്. ഇവിടെ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 2,200 കോടി രൂപ ലഭിക്കാത്തതാണ് സാമ്പത്തിക പ്രയാസങ്ങള്‍ക്കു കാരണമെന്നാണ് ധനമന്ത്രി പറയുന്നത്. രണ്ടുവര്‍ഷം കൊണ്ട് ലഭിക്കേണ്ട തുകയാണിത്. ഇതു ലഭിക്കാത്തിനാല്‍ വര്‍ഷാവസാനം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കാണാനാണ് ഇപ്പോഴേ ചെലവ് ചുരുക്കുകയും നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതെന്നാണ് മന്ത്രിയുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: