കൊച്ചി: കേരള സര്‍ക്കാരിന്റെ ഒരു ടെണ്ടറും ഇനി സ്വീകരിക്കില്ലെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. നിര്‍മാണവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലവര്‍ധവിനെതിരെയും ബില്‍ തുകയിനത്തിലെ കുടിശികയ്‌ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്തതിനെതിരെയുമാണ് ബഹിഷ്‌കരണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിര്‍മാണവസ്തുക്കളുടെയും സേവനങ്ങളുടെയും വിലയിനത്തില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്. ബില്ലുകള്‍ 10 മാസത്തിലേറെ വൈകുന്നു. ഓണത്തിനു മുമ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 400 കോടി രൂപ ഇതുവരെ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഒരു കോടിയിലധികം വിലവരുന്ന ടാര്‍ എസ്റ്റിമേറ്റുകള്‍ക്ക് വില നല്‍കേണ്ടത് സര്‍ക്കാരാണ്. ആ ഇനത്തില്‍ 96 കോടി രൂപയാണ് കുടിശിക. 6000 കോടി രൂപയുടെ വര്‍ക്കുകളാണ് ബില്ലുകള്‍ പാസാക്കാത്തതു കാരണം നടക്കാതിരിക്കുന്നത്.
നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എറണാകുളം വൈറ്റില ബ്രോഡ് ബീന്‍ ഹോട്ടലില്‍ നിര്‍മിതി ഉച്ചകോടി സംഘടിപ്പിക്കും. ആറ് സെഷനുകളിലായി 24 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ.ഡി. ജോര്‍ജ്, ട്രഷറര്‍ ലിഫിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
















