ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയേഷന് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാന്‍സര്‍ രോഗികളെ ദുരിതത്തിലാക്കി റേഡിയേഷന് നിര്‍ത്തിവച്ചത്.
റേഡിയേഷന് യന്ത്രത്തിനോടൊപ്പമുള്ള കോച്ച് പ്രവര്‍ത്തിക്കാതായതോടെയാണ് റേഡിയേഷന് ചികിത്സ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. രോഗികളെ കോച്ചില്‍ കിടത്തിയ ശേഷമാണ് രോഗം ബാധിച്ച ശരീരഭാഗത്ത് റേഡിയേഷന് നടത്തുന്നത്. എന്നാല്‍ കാലപ്പഴക്കം മൂലം കോച്ചിന്റെ പ്രവര്‍ത്തനം നിലച്ചു. റേഡിയേഷന് ചികിത്സ നിര്‍ത്തിവച്ച വിവരം അറിയാതെ നിരവധി കാന്‍സര്‍ രോഗികളാണ് ഇവിടെ എത്തി നിരാശരായി മടങ്ങുന്നത്.
ഒരു ദിവസം എഴുപതോളം രോഗികള്‍ റേഡിയേഷന് ചികിത്സ നടത്തിയിരുന്നു. സമീപ ജില്ലകളിലുള്ള രോഗികളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തിലാണ് ചികിത്സ തേടുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളാണ് കാന്‍സര്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവില്‍ നിന്നുമാണ് യന്ത്രത്തകരാര്‍ പരിഹരിക്കാനുള്ളവര്‍ എത്തേണ്ടത്. വിവരം അറിയിച്ചെങ്കിലും ഇതുവരെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആയിട്ടില്ല.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലിനാര്‍ക്ക് യന്ത്രം എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. കോടികള്‍ ചെലവഴിച്ചാണ് ഈ യന്ത്രം വാങ്ങിയത്. രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള ഉദ്ദേശൃത്തോടെ കേന്ദ്ര ഫണ്ട്, മറ്റ് വിവിധ ഫണ്ടുകളും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിനാര്‍ക്ക് യന്ത്രം വാങ്ങിയത്. എന്നാല്‍ ഇത് നാളുകളായിട്ടും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. രോഗം പിടിപെട്ട ഭാഗത്തെ മാത്രം കാന്‍സറിന്റെ വേരുകളെ കരിച്ച് കളയുന്ന ആധുനിക സംവിധാനമാണിത്. ഇത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിന് 2,000 രൂപയോളം ചെലവ് വരും.
ലിനാര്‍ക്ക് യന്ത്രം ഉപയോഗിച്ച് എല്ലിലുണ്ടാകുന്ന കാന്‍സറിനും റേഡിയേഷന് ചെയ്യാനാവും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ദിവസം 250 ഓളം രോഗികളാണ് ഒ.പി യില്‍ എത്തുന്നത്. ഒരു രോഗിക്ക് പത്ത് മുതല്‍ 25 പ്രാവശ്യം വരെ റേഡിയേഷന് ചെയ്യേണ്ടി വരുന്നുണ്ട്.
2006ലാണ് ലിനാര്‍ക്ക് യന്ത്രം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. കാന്‍സര്‍ വിഭാഗത്തിനോട് ചേര്‍ന്നുള്ള പുതിയ കെട്ടിടത്തില്‍ യന്ത്രം സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. ആവശ്യമായ ജീവനക്കാരില്ലാത്തതും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസവുമാണ് പ്രധാന കാരണം. ഇതിന് ശേഷം മാത്രമെ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അനുമതി ലഭിക്കുകയുള്ളൂ. എന്നാല്‍ മാത്രമെ യന്ത്രം പ്രവര്ത്തിപ്പിക്കാനാകുകയുള്ളു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: