ആലപ്പുഴ: അധികാരത്തിന്റെ മത്ത് പിടിച്ച ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനാധിപത്യ വ്യവസ്ഥിതിയെപ്പോലും വെല്ലുവിളിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന് സംഘടിപ്പിച്ച കള്ള് ചെത്ത് വ്യവസായ സംരക്ഷണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണാധികാരികള്‍ അഹങ്കാരത്തിന്റെ ഭാഷയിലാണ് ജനങ്ങളോട് സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കീഴില്‍ വെള്ളവും വെളിച്ചവും യാത്രയുമെല്ലാം വില്‍പ്പന ചരക്കായി. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാന്‍ കള്ള് വ്യവസായത്തെ പൊതുമേഖലയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നയം വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. അകറ്റിനിര്‍ത്തേണ്ട വ്യവസായമായാണ് സര്‍ക്കാര്‍ കള്ള് വ്യവസായത്തെ കാണുന്നത്.
മദ്യനയം ഉണ്ടാക്കുന്ന വരുംവരായ്കകളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. മന്ത്രിമാര്‍ക്ക് പോലും ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് മന്ത്രിമാര്‍ പോലും പ്രതികരിക്കുന്നത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണിതെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: