2014 ആഗസ്ത് 31 രാത്രി 7.30. കൃത്യമായി പറഞ്ഞാല്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരീക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജ് കൊല്ലപ്പെടുന്നതിന് തലേദിവസം. തലശ്ശേരി കിഴക്കേ കതിരൂരിലെ ഡയമണ്ട് മുക്ക് ശാഖ. ആദര്‍ശത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിക്കാന്‍ തയ്യാറെന്ന് മനോജ് അവസാനമായി പ്രാര്‍ത്ഥന ചൊല്ലി പ്രണാം ചെയ്ത ദിവസം. അന്ന് ശാഖാ ബൈഠക്കില്‍ സംസാരിക്കുമ്പോള്‍ പതിവിലധികം വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ബിഎംഎസ് പ്രവര്ത്തകന് സുരേഷ്കുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പരമാവധി തുക സ്വരൂപിക്കണമെന്ന് പറഞ്ഞാണ് തുടങ്ങിയത്. ”ഒരു ജീവനാണ് നഷ്ടപ്പെട്ടത്. ആ കുടുംബം അനാഥമാകരുത്. ഇത് നാളെ എനിക്കോ, നിങ്ങള്‍ക്കോ സംഭവിക്കാം,” ദിവസങ്ങള്‍ക്കിപ്പുറവും സ്വയംസേവകരുടെ മനസില്‍ തേങ്ങലായി ആ വാക്കുകള്‍ മുഴങ്ങുന്നു. രാത്രി പത്തരയോടെ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അത് അവസാന കൂടിക്കാഴ്ചയായിരുന്നുവെന്ന് വിശ്വസിക്കാന്‍ സ്വയം സേവകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
കിഴക്കേ കതിരൂര്‍ ഇളന്തോട്ടില്‍ ചാത്തൂട്ടിയുടെ അഞ്ചുമക്കളില്‍ രണ്ടാമനായ മകന് മനോജ് പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും പത്താം ക്ലാസിനുശേഷം കൂലിപ്പണിക്കിറങ്ങിയത് വീട്ടുസാഹചര്യംകൊണ്ടായിരുന്നു. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട ഇവരെ അമ്മ രാധ ജോലിയെടുത്താണ് വളര്‍ത്തിയത്. നിരന്തരം രോഗം അമ്മയെ അലട്ടിയപ്പോള്‍ ഏട്ടനൊപ്പം മനോജും ജോലിതേടിയിറങ്ങി. തലശ്ശേരി ബസില്‍ ക്ലീനറായി തുടക്കം.
മൂവര്‍ണക്കൊടിയും ഖദര്‍ധാരികളും വിലസിയിരുന്ന കിഴക്കേ കതിരൂരിന്റെ ഭൂതകാലം കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്നു. മനോജിന്റെ കൊലപാതകത്തില്‍ ആരോപണവിധേയനായ സിപിഎം ജില്ലാ നേതാവിന്റെ വളര്‍ച്ചയ്ക്കൊപ്പം മൂവര്‍ണക്കൊടിയെ ചോരയില്‍ മുക്കി ചെങ്കൊടി ഉയര്‍ന്നുവന്നു. ഒരു പാര്‍ട്ടിയും ഒരുനേതാവുമെന്ന ഏകാധിപത്യത്തില്‍ സിപിഎമ്മിന്റെ രാവണന് കോട്ടയായിമാറി കിഴക്കേ കതിരൂര്‍.
1993-ല്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് മുക്കിലെ ശാഖയിലെ സ്വയം സേവകനായാണ് മനോജിന്റെ തുടക്കം. അതിന് പിന്നിലുമുണ്ടൊരു സംഭവം. കിഴക്കേ കതിരൂരില്‍ മനോജിന്റെ സുഹൃത്തായിരുന്നു ചിരുകണ്ടോത്ത് പ്രശാന്ത്. ഒരു ദിവസം അമ്മവീടായ കക്കറയില്‍ ചെന്നപ്പോള്‍ പ്രശാന്ത് അവിടെ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തു. ഇതറിഞ്ഞ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കോപാകുലരായി. തിരികെ കിഴക്കേ കതിരൂരില്‍ പ്രശാന്തിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. പ്രശാന്തിനെ അവര്‍ ഊരുവിലക്കി, കക്കറയിലേക്ക് നാടുകടത്തി. അതോടെ മനോജ് ഡയമണ്ട് മുക്ക് ശാഖയില്‍ ദിവസേന പങ്കെടുത്തു തുടങ്ങി. ഇതിന്റെ ഫലം ആദ്യമനുഭവിച്ചത് സഹോദരനായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സഹോദരനെ അക്രമിച്ചപ്പോഴും പിന്മാറിയില്ല മനോജ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രദേശത്തെ പ്രധാന കാര്യകര്‍ത്താവായി മനോജിനെ വളര്‍ത്തി. സിപിഎമ്മിന്റെ മാടമ്പിത്തത്തിന് പകരം സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുമായി അടുത്തു. കിഴക്കേ കതിരൂരിന്റെ രാഷ്ട്രീയ കാലാവസ്ഥ കാവിയണിയുമെന്ന് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞു. അയല്‍വാസിയായ പയ്യന് നാടിന്റെ നായകനായി ഉയരുന്നത് ‘നേതാവിനെ’ അലോസരപ്പെടുത്തി. എതിരാളികളെ തുടച്ചുമാറ്റുന്നത് അവകാശമായി കാണുന്ന പാര്‍ട്ടിക്ക് തീരുമാനത്തിലെത്താന്‍ ഏറെ ആലോചിക്കേണ്ടി വന്നില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉന്മൂലന സിദ്ധാന്തക്കാരുടെ എതിരാളിപ്പട്ടികയില് മനോജിന്റെ പേരും ചേര്‍ക്കപ്പെട്ടു.
സുരേന്ദ്രന് വധത്തിന്റെ കാണാപ്പുറം
ആയുധം മിനുക്കി അവര്‍ പതുങ്ങിയിരുന്നു. ആദ്യ അവസരം വന്നത് 1997 ഒക്ടോബര്‍ ആറിന്. ഡയമണ്ട് മുക്കിലെ ശാഖ കഴിഞ്ഞ് മനോജ് എന്നും വീട്ടിലേക്ക് വരാറുള്ള ചാല വയലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൊലയാളികള്‍ ഒളിച്ചിരുന്നു. ഇരുളിനെ കീറിമുറിച്ച് ഉയര്‍ന്നുതാണ വെട്ടുകത്തി മനോജിന്റെ ശരീരത്തില്‍ ചോര പൊടിച്ചു. അടുത്ത വെട്ട് മുന്നില്‍ കിട്ടിയ സുരേന്ദ്രനെ വെച്ച് പ്രതിരോധിച്ച് മനോജ് ഓടി രക്ഷപ്പെട്ടു. അക്രമികളുടെ വെട്ടുകത്തി സുരേന്ദ്രന്റെ നെഞ്ചുപിളര്‍ത്തി; തുരുതുരാ ശരീരത്തില്‍ പതിച്ചു. വെട്ടേറ്റുവീണ ശരീരത്തെ വയലില്‍ ചവിട്ടിത്താഴ്ത്തി ആത്മസംതൃപ്തിയോടെ അവര്‍ മടങ്ങി. ഇരുട്ടില്‍ ഏറെ ദൂരം ചെന്നപ്പോഴാണ് കൂട്ടത്തിലൊരാളെ കാണാനില്ലെന്നറിഞ്ഞത്. വന്ന വഴിയിലൂടെ തിരിച്ചുനടന്ന അവരെ എതിരേറ്റത് ചെളിയില്‍ പൂണ്ട് കിടന്ന സുരേന്ദ്രന്റെ ശരീരമായിരുന്നു. അയച്ച ‘നേതാവി’നടുത്തേക്ക് അവര്‍ ഓടി. ഉടനെ ആശുപത്രിയില്‍ എത്തിക്കാനും അക്രമം അഴിച്ചുവിടാനും നിര്‍ദ്ദേശമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേന്ദ്രന് പിറ്റേദിവസം മരിച്ചു.
സുരേന്ദ്രന്റെ കൊലപാതകം സിപിഎം നേതാക്കള്‍ മനോജ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവച്ചു. ‘പ്രതികാരമായി’ സംഘപ്രവര്ത്തകന് കണിശന്റവിട പ്രദീപനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. കൂത്തുപറമ്പിലെ കാര്യാലയവും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചു. കിഴക്കേ കതിരൂരില്‍ മനോജിന്റേതുള്പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ നാമാവശേഷമാക്കി. സുഹൃത്ത് പ്രശാന്തിന്റെ വീട് തകര്‍ത്ത് തെങ്ങ് നട്ട സംഭവം കുപ്രസിദ്ധമാണ്. വീട്ടിലുണ്ടായിരുന്ന പട്ടിയെയും പശുക്കളേയും വെട്ടിയരിഞ്ഞു. ആറ് മാസത്തോളം മനോജിന്റെ കുടുംബങ്ങള്‍ക്ക് സിപിഎം ഉപരോധത്തെ തുടര്‍ന്ന് വീട്ടിലേക്ക് കയറാനായില്ല. രണ്ട് വര്‍ഷം കഴിഞ്ഞാണ് അവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
നേതൃത്വം പുകമറകള്‍ സൃഷ്ടിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകര്‍ പോലും സത്യം മനസിലാക്കിയിരുന്നു. സുരേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴുണ്ടായ സംഭവം നാട്ടുകാരുടെ സംശയത്തെ പൂര്‍ണമായും ഇല്ലാതാക്കി. കൊലയാളി സംഘത്തിലൊരാള്‍ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ‘ആളുമാറിപ്പോയല്ലോടാ’ എന്ന് ഉറക്കെ നിലവിളിച്ചത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്. അപ്പോള്‍ത്തന്നെ ‘നേതാവ്’ ഇടപെട്ട് ഇയാളെ മാറ്റി. ആര്‍എസ്എസ്സുകാരില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം മൂലമാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു ‘നേതാവി’ന്റെ വിശദീകരണം. കുറ്റബോധംമൂലം മനോനില തെറ്റിയ കൊലയാളി സംഘാംഗങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സുരേന്ദ്രന്റെ രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ച് നല്‍കിയാണ് ‘നേതാവ്’ ഇതിന് പരിഹാരം കണ്ടത്.
സിപിഎമ്മിന്റെ രാഷ്ട്രീയ ബലത്തില്‍ അന്വേഷണ സംവിധാനം പോലും ചുവപ്പണിഞ്ഞിരുന്ന കാലത്ത് മനോജിന് നീതി ലഭിക്കാന്‍ ഏറെ വൈകി. സിപിഎം നിര്‍ദ്ദേശ പ്രകാരം പോലീസുദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി. എന്നാല്‍ നീതി പീഠത്തിന്റെ അവസാന വാക്കില്‍ മനോജിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. ഇതിനെതിരെ അപ്പീല്‍ നല്കാന് പോലും സിപിഎം തയ്യാറായില്ല; കാരണം, യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്ന ഭയം മൂലം. സുരേന്ദ്രനെ വധിച്ചതിന് പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ള വിക്രമന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലൂടെ സുരേന്ദ്രന്വധത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരുമെന്നാണ് കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷ.
മരണത്തെ നേരില്‍ക്കണ്ട്
സംഘപ്രവര്‍ത്തനത്തിന്റെ ശക്തിയും പ്രേരണയുമായി മനോജിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നത് സിപിഎം നേതൃത്വത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായെന്ന് ഏവരും കരുതിയപ്പോള്‍ രണ്ട് വര്‍ഷത്തിനുശേഷം സിപിഎം വീണ്ടും കൊലക്കത്തിയെടുത്തു. 1999 ജൂണ്‍ 29ന് മനോജ് ഒരിക്കല്‍ കൂടി മരണത്തെ മുഖാമുഖം കണ്ടു. കതിരൂര്‍ വേറ്റുമ്മലിലെ ശാഖയില്‍ പങ്കെടുത്ത് ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോഴായിരുന്നു ബോംബാക്രമണം. മനോജ് രക്ഷപ്പെട്ട് ഡയമണ്ട് മുക്കിലെത്തി. ഡ്രൈവര്‍ ഷാജിക്കു കണ്ണുകള്‍ നഷ്ടമായി. സ്വയംസേവകരുമായി മടങ്ങിയെത്തിയ മനോജാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. സിപിഎം ക്രൂരതയുടെ ഇരുട്ടുപിടിച്ച കണ്ണുകളുമായി ഷാജി ഇന്നും ജീവിക്കുന്നു.
മനോജിന്റെ മനോവീര്യത്തിനുമുന്നില്‍ 2010-ല്‍ നടന്ന കൊലപാതക ശ്രമവും പരാജയപ്പെട്ടു. മനോജ് സഞ്ചരിച്ച വാനിന് നേരെയുണ്ടായ ബോംബേറില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ മനോജിന് കാര്യമായി പരിക്കേല്ക്കാഞ്ഞതിനാല് തുടരക്രമത്തിന് അവര്‍ ധൈര്യപ്പെട്ടില്ല. തന്റെ നേതൃത്വത്തിലായിരുന്നു വധശ്രമം നടന്നതെന്ന് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി ടി.കെ. രജീഷ് അന്വേഷണ സംഘത്തോട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മനോജ് പരാതി നല്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണമുണ്ടായില്ല. മൂന്നുതവണ നടന്ന ആക്രമണത്തെക്കുറിച്ച് ഒരിക്കലെങ്കിലും കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കില്‍ ഒരു പക്ഷേ മനോജ് കൊല്ലപ്പെടാതിരുന്നേനെ. കാരണം മനോജിനെ ഇല്ലാതാക്കാനുള്ള കല്പ്പനകളെല്ലാമിറങ്ങിയത് ഒരേ ‘നേതാവി’ല്‍ നിന്നായിരുന്നു.
ആര്എസ്എസ്സുകാരനെങ്കില് നാടുവിടുക എന്നതായിരുന്നു കിഴക്കേ കതിരൂരിലെ സിപിഎമ്മിന്റെ ഉത്തരവ്. മൂന്ന് വര്‍ഷത്തോളം മനോജിനും സുഹൃത്തുക്കള്‍ക്കും വീട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. നാടിന്റെ ഉത്സവമായ ഓണത്തിന് ഒപ്പം മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളണ്ടാവില്ലല്ലോ. അവര്‍ നാടുഭരിക്കുന്ന നാടുവാഴിത്തമ്പുരാനോട് അനുവാദം ചോദിച്ചു. എല്ലാവരും ഒത്തുകൂടുമ്പോള്‍ മക്കളുടെ അസാന്നിധ്യം പകരുന്ന വേദന ഉണര്‍ത്തിച്ചു. അങ്ങനെ ഒരു ആര്‍എസ്എസ്സുകാരനും ഓണമുണ്ണേണ്ട എന്നായിരുന്നു കല്‍പ്പന. ആ തിരുവോണ ദിനത്തില്‍ ഇന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന് ആക്രമിക്കപ്പെട്ടപ്പോള്‍ മനോജിനെ കേസില്‍ കുടുക്കി സിപിഎം വീണ്ടും പ്രതികാരം ചെയ്തു.
കര്‍ത്തവ്യം മറക്കാതെ സംഘത്തിലും കുടുംബത്തിലും
21 വര്‍ഷത്തെ സംഘപ്രവര്‍ത്തനത്തില്‍ മരണം തോളില്‍ കൈയിട്ട് നടന്നപ്പോഴും പതറിയിരുന്നില്ല മനോജ്. ഓരോ ചുവടുവയ്പ്പിലും അപകടം പതിയിരിക്കുന്നുണ്ടെന്ന് അനുഭവിച്ചറിഞ്ഞപ്പോഴും തിരിഞ്ഞുനടന്നതുമില്ല. ആദര്‍ശം ആത്മാവും അഭിമാനവുമായി ജീവിതത്തില്‍ പകര്‍ത്തിയപ്പോള്‍ കുടുംബത്തിന്റെ സ്നേഹവായ്പുകള്‍ അനുഭവിപ്പിക്കാതെ ശത്രുക്കള്‍ വലവിരിച്ചു. 18 വര്‍ഷക്കാലം വീട്ടില്‍ എപ്പോഴെങ്കിലുമെത്തുന്ന അതിഥിയായിത്തീര്‍ന്നു മനോജ്. പതിവില്ലാതെ തിരഞ്ഞെടുത്ത ആ ഒറ്റരാത്രി പുലര്‍ന്നപ്പോഴാണ് ശത്രുക്കളുടെ കാത്തിരിപ്പിനും അന്ത്യമായത്.
ജീവനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടാന്‍ പോലും തയ്യാറാകാതിരുന്ന മനോജ് ആദര്‍ശത്തിന്റെ പ്രായോഗികത ജീവിതത്തിലൂടെ തെളിയിച്ചു. സംഘപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കുടുംബത്തോടുള്ള കടമ നിര്‍വ്വഹിച്ചു. വീട്ടിലേക്കുള്ള വഴികള്‍ കൊട്ടിയടക്കപ്പെട്ടപ്പോഴും ഇതിന് മാറ്റമുണ്ടായില്ല. സഹോദരിയുടെ വിവാഹവും അമ്മയുടെ ചികിത്സയും ഗൃഹനാഥന്റെ ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിച്ചു. നിരന്തരമായി രോഗം അലട്ടിയിരുന്ന അമ്മയ്ക്ക് വിദഗ്ദ്ധ ചികിത്സതന്നെ ലഭ്യമാക്കി. 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആയുസ് നീട്ടിയെടുക്കാനായെങ്കിലും ഒരു വര്‍ഷം മുമ്പ് അമ്മയെ നഷ്ടപ്പെട്ടു. ഭീഷണിയുണ്ടായിട്ടും അമ്മയുടെ രോഗാവസ്ഥയില്‍ നിരവധി തവണ മനോജ് വീട്ടിലെത്തി. കുടുംബാംഗങ്ങളുമായും ഏറെ ബന്ധം പുലര്‍ത്തിയതും ഈ കാലത്താണ്. കുടുംബത്തിന്റെ സാമീപ്യത്തില്‍ ശത്രുക്കളെ മറന്നു തുടങ്ങുകയായിരുന്നു മനോജ്.
അധ്വാനം ആരാധനയെന്നത് സങ്കല്‍പ്പം മാത്രമായിരുന്നില്ല മനോജിന്. സംഘം പറഞ്ഞത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. അടുത്തറിയാവുന്ന നാട്ടുകാര്‍ക്ക് പറയാനുള്ളത് അദ്ദേഹത്തിന്റെ കൃഷിരീതിയെയും പശുവളര്‍ത്തലിനെയും കുറിച്ചാണ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പൊന്നുവിളയിച്ച കര്ഷകനാകുമ്പോഴും ഏത് നാടന്‍ പണി ചെയ്യാനും മടിയുണ്ടായിരുന്നില്ല. കിണര്‍ കുഴിക്കുന്ന ജോലിയായിരുന്നു ഇതില്‍ മുഖ്യം. സംഘപ്രവര്‍ത്തനത്തിനും വീട്ടാവശ്യത്തിനുമുള്ള പണത്തിനുപുറമെ സ്വരുക്കൂട്ടിവച്ചതുപയോഗിച്ച് അടുത്തിടെ ഡയമണ്ട് മുക്ക് കാര്യാലയമായ ‘മാധവ’ത്തിനടുത്ത് കുറച്ച് സ്ഥലം വാങ്ങിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരായുസിനെക്കാളധികം അധ്വാനിച്ച ശരീരത്തെയാണ് ശത്രുക്കള്‍ ഒരു ബോംബിന്റെ ബലത്തില്‍ എരിച്ചുകളഞ്ഞത്. മനോജിന് അന്ത്യവിശ്രമം നല്കിയതും ഇവിടെയാണ്.
ഏതര്‍ത്ഥത്തിലും മാതൃകയായിരുന്നു മനോജിന്റെ ജീവിതം. പാര്‍ട്ടി ഗ്രാമത്തിലെ പുതുതലമുറ ഈ മാതൃകയിലേക്ക് ആകൃഷ്ടരായതാണ് സിപിഎമ്മിനെ പരിഭ്രാന്തരാക്കിയതും. സഖാക്കള്‍ തന്നെ അരിഞ്ഞു തള്ളിയ ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം തലയില്‍ കെട്ടിവച്ചും നുണ പ്രചരിപ്പിച്ചും ഇതില്ലാതാക്കാന്‍ അവര്‍ ഏറെ ശ്രമിച്ചു. അന്ന് സിപിഎം നേതാക്കളുടെ പ്രസംഗത്തില്‍ പോലും ഇതിന്റെ പ്രതിഫലനമുണ്ടായിരുന്നു. മരണവ്യാപാരികളുടെ മരണവാറണ്ടിനെ വകവയ്ക്കാതിരുന്ന മനോജ് പ്രദേശത്ത് ധീരതയുടെ പര്യായമായിരുന്നു. രണ്ടാമത്തെ വധശ്രമത്തില്‍ നിന്നും മനോജ് രക്ഷപ്പെട്ടതിനുശേഷം പി. ജയരാജന് നടത്തിയ ഒരു പ്രസംഗം ഇപ്രകാരമായിരുന്നു. ”ഇവിടെ കുറേ ആര്‍എസ്എസ്സുകാര്‍ ഒരുത്തനെ വലിയ ധീരനാക്കി കൊണ്ടുനടക്കുകയാണ്. സുഹൃത്തിനെ രക്ഷിക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടുന്നത് ഭീരുത്വമാണ്” ഓട്ടോയ്ക്ക് നേരെ ബോംബേറുണ്ടായപ്പോള്‍ ഡ്രൈവര്‍ ഷാജിയെ രക്ഷപ്പെടുത്താന്‍ മനോജ് ശ്രമിച്ചില്ലെന്നായിരുന്നു ജയരാജന്റെ വാദം. എങ്കില്‍ അന്നുതന്നെ സാധിക്കുമായിരുന്ന കൊലപാതകം നടക്കാഞ്ഞതിലുള്ള നിരാശ നിറഞ്ഞ വാക്കുകള്‍. തന്നെ ഇല്ലാതാക്കാനുള്ള തീയതി കുറിച്ച് കൊലയാളികള്‍ പുറകെയുണ്ടെന്നറിഞ്ഞിട്ടും, മൂന്ന് തവണ മരണത്തെ മുന്നില്‍ കണ്ടിട്ടും, നാടുപേക്ഷിച്ച് പോകാന്‍ മനോജ് തയ്യാറായില്ല. പക്ഷേ പാലൂട്ടി വളര്‍ത്തിയ ക്രിമിനലുകളുടെ സുരക്ഷാ വലയമുണ്ടായിട്ടും സ്വന്തം കോട്ടയെന്ന് അഹങ്കരിച്ച കിഴക്കേ കതിരൂര്‍ ഉപേക്ഷിച്ച് മറ്റൊരു കേന്ദ്രത്തില്‍ അഭയം തേടേണ്ടി വന്നത് ആര്‍ക്കാണെന്ന് ഏവര്‍ക്കും അറിയാം. അപ്പോള്‍ ധീരന്മാരില് ധീരന് എന്ന വിശേഷണമല്ലേ മനോജിന് കൂടുതല്‍ ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: