മാവേലിക്കര: റെയില്‍വെ സ്റ്റേഷന് വനിതാ സൂപ്രണ്ടിനെ ഗുണ്ടാസംഘം ആക്രമിക്കുന്നത് തടയാനെത്തിയ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. റെയില്‍ ഗേറ്റ്മാന്മാരായ മാവേലിക്കര കല്ലുമല ഉമ്പര്‍നാട് കെ.ആര്. സദനത്തില്‍ കെ.ആര്. പ്രദീപ്കുമാര്‍ (40), ശാസ്താംകോട്ട സ്വദേശി അജയകുമാര്‍ (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരുയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ മൂന്നംഗ സംഘമാണ് മര്‍ദ്ദിച്ചത്.
ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം സൂപ്രണ്ട് ഷീബാ മധുവിന്റെ മുറിയിലെത്തി അസഭ്യം പറയുകയും ശൗചാലയത്തിന്റെ താക്കോല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഒരാള്‍ സൂപ്രണ്ടിന്റെ കൈയില്‍ കടന്നുപിടിച്ചു. ഇതുകണ്ട് ഓടിയെത്തിയ പ്രദീപ്കുമാറും അജയകുമാറും അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. ബഹളം കേട്ടെത്തിയ പ്രദീപ്കുമാറിന്റെ മകന് പ്രശാന്തിനെയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തീവണ്ടികള്‍ വന്നുപോയ ഉടനായതിനാല് സ്റ്റേഷനില്‍ യാത്രക്കാരോ ഓട്ടോറിക്ഷ ഡ്രൈര്മാരോ ഇല്ലായിരുന്നു. ഇതിനു ശേഷം അക്രമിസംഘം വാഹനത്തില്‍ രക്ഷപെട്ടു.
അക്രമിസംഘം എത്തിയ വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള നമ്പരുകള്‍ വ്യത്യസ്തമായിരുന്നു. ഇതില്‍ ഒരു നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇരുചക്ര വാഹനത്തിന്റേതാണെന്ന് മനസിലായി. മാവേലിക്കര പോലീസും റെയില്‍വെ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് സംഘം എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
അക്രമിസംഘത്തെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്രദീപ്കുമാറും അജയകുമാറും പറഞ്ഞു. ഇതിനിടെ റെജികുമാര്‍ എന്നൊരാള്‍ ഫെയ്സ്ബുക്കില്‍ മാവേലിക്കര റെയില്‍വെ സ്റ്റേഷന് സൂപ്രണ്ടിന്റെ മുറിയുടെ മുന്പില് നിന്ന് മൂത്രമൊഴിക്കുന്നതായ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇയാളെ തിരിച്ചറിയാനും പോലീസ് ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: